പെട്രോൾ വേണ്ട എല്ലാവർക്കും ഡീസൽ XUV700 മതി, ഏപ്രിൽ മാസം പെട്രോൾ മോഡൽ വിറ്റത് 29 ശതമാനം മാത്രം
എസ്‌യുവികളുടെ രാജാവായി മഹീന്ദ്ര ദിനം പ്രതി വളർന്നു കൊണ്ടേയിരിക്കുകയാണ്. പുതിയ മോഡൽ XUV 3XO കൂടി വന്നതോടെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പല വാഹന നിർമാതാക്കളും ഡീസലിൽ നിന്ന് പെട്രോളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഡീസൽ പവർട്രെയിനുകൾ നൽകുന്ന വിരലിൽ എണ്ണാവുന്ന ബ്രാൻഡുകളെ ഉളളു. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പെട്രോൾ മോഡലിനേക്കാൾ ഡീസൽ വേരിയൻ്റുകളാണ് വിൽപ്പനയിൽ മുന്നിലെന്നാണ് അവകാശപ്പെടുന്നത്.
XUV700 ഏപ്രിൽ 2024 വിൽപ്പനയുടെ 29 ശതമാനം മാത്രമാണ് പെട്രോൾ പവർട്രെയിൻ ഉള്ളത്, ബാക്കിയുള്ളവ ഡീസൽ വേരിയൻ്റുകളുടേതാണ്. കൂടാതെ, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2024 ഏപ്രിലിൽ രണ്ട് പതിപ്പുകളുടെയും വിൽപ്പനയിൽ മികച്ച വർധനവും കാണിക്കുന്നുണ്ട് എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനപ്രിയനായ XUV700 എസ്‌യുവിയുടെ പുതിയൊരു എൻട്രി ലെവൽ വേരിയന്റിനെ അവതരിപ്പിച്ചിരുന്നു.

MX എന്നറിയപ്പെടുന്ന വേരിയന്റ് പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിനെ കൂടുതൽ താങ്ങാനാവുന്നതാക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം. എസ്‌യുവിയുടെ നിലവിലുണ്ടായിരുന്ന 7 സീറ്റർ ബേസ് AX3 മോഡലിനേക്കാൾ 3 ലക്ഷം രൂപയോളമാണ് ഇതിന് കുറവ് വരുന്നത്. പുതിയ മൂന്ന്-വരി വേരിയന്റ് XUV700 MX 5 സീറ്ററിന് സമാനമാണ്. 14.60 ലക്ഷം രൂപ വിലയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനുള്ള XUV700 MX 5-സീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഴ് സീറ്റർ പതിപ്പിന് വെറും 40,000 രൂപ മാത്രമാണ് കൂടുതലായി വരുന്നത്.
ആൻഡ്രോയിഡ് ഓട്ടോയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, നാല് സ്പീക്കറുകൾ, 7 ഇഞ്ച് എംഐഡി, അനലോഗ് ഡയലുകൾ, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, സ്റ്റോറേജുള്ള സെൻ്റർ ആംറെസ്റ്റ്, മുന്നിലേയും പിന്നിലേയും യാത്രക്കാർക്ക് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, പവർഡ് ORVM, ISOFIX ആങ്കറുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏറ്റവും പുതിയ ബേസ് മോഡൽ 7 സീറ്ററിൽ ഒരുക്കിയിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ മൂന്നാം നിരക്കായി പ്രത്യേക എസി വെൻ്റുകൾ, സെന്റർ ആംറെസ്റ്റുള്ള രണ്ടാം നിര സീറ്റുകൾ, മറ്റ് 7 സീറ്റർ ട്രിമ്മുകളിൽ കാണുന്ന 60:40 വൺ-ടച്ച് ടംബിൾ ഫംഗ്‌ഷൻ എന്നിവയും ഇതിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. അതായത് മൊത്തത്തിൽ കൊടുക്കുന്ന വിലയ്ക്കുള്ള എല്ലാ സംഭവങ്ങളും എസ്‌യുവിയിൽ ഉണ്ടെന്ന് സാരം. എവറസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, മിന്നുന്ന ചുവപ്പ്, റെഡ് റേജ്, നാപ്പോളി ബ്ലാക്ക് കളർ ഓപ്ഷനുകളിലാവും ഇത് വാങ്ങാനാവുക.
മഹീന്ദ്ര XUV 3XO -യുടെ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ മെയ് 26 മുതൽ ഏറ്റവും പുതിയ XUV 3XO നിരത്തുകളിൽ കാണാനാവും. എന്നാൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിതരണമായിരിക്കും കമ്പനി നടത്തുക. MX1, MX2, MX2 Pro, MX3, MX3 Pro, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ മഹീന്ദ്രയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവി വാങ്ങാനാവും.
ഇതിൽ AX5, AX5 L, MX3, MX3 പ്രോ എന്നിവയുടെ ഡെലിവറികളായിരിക്കും 2024 മെയ് 26 മുതൽ ആരംഭിക്കുക. അതേസമയം AX7, AX7 L ട്രിമ്മുകൾ ബുക്ക് ചെയ്തവർക്ക് അടുത്ത മാസമോ അല്ലെങ്കിൽ ജൂലൈ ആദ്യമോ വാഹനം കൈമാറുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ബേസ് MX1, MX2, MX2 പ്രോ വേരിയൻ്റുകളുടെ ഡെലിവറികൾ ജൂൺ പകുതിയോടെ ആരംഭിക്കും. 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ മോഡേൺ കാറുകളെ പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ വാഹനം തന്നെയാണ് XUV 3XO. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാൻ തയാറാവാതിരുന്ന കമ്പനി വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, XUV400-ന് സമാനമായ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ സിസ്റ്റം പോലുള്ള സവിശേഷതകളെല്ലാം കാറിലുണ്ട്.


Click it and Unblock the Notifications








