ടാറ്റയും എംജിയും തമ്മില്‍ 'വില യുദ്ധം'; എന്തുകൊണ്ടാണ് ഇവികള്‍ക്ക് ഇങ്ങനെ വില കുറയുന്നത്?
ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും ചെലവേറിയ ഘടകമാണ് ബാറ്ററി. ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സെല്ലുകള്‍ക്ക് വില കൂടുതലുള്ളതിനാലാണ് ബാറ്ററിക്കും അതുവഴി ഇലക്ട്രിക് വാഹനങ്ങളുടെയും വില കൂടുന്നത്. എന്നാല്‍ അടുത്തിടെ ഇവി ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞു. തല്‍ഫലമായി ചില ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഇതിന്റെ മെച്ചം ഉപഭോക്താക്കള്‍ക്ക് കൂടി കൈമാറാന്‍ തീരുമാനിച്ചിരുന്നു.
ഇവി വില്‍പ്പന കൂട്ടുക മാത്രമല്ല പെട്രോള്‍, ഡീസല്‍ കാറുകളുമായുള്ള വിലയിലെ അന്തരം കുറയ്ക്കാനും ഈ കമ്പനികള്‍ ലക്ഷ്യമിടുന്നു. ബാറ്ററി സെല്ലിന് വില കുറഞ്ഞപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച ഇലക്ട്രിക് കാര്‍ നര്‍മാതാക്കള്‍ ഏതൊക്കെയാണെന്നും ഏതൊക്കെ മോഡലുകള്‍ക്ക് എത്ര രൂപ വരെ കുറഞ്ഞുവെന്നും നമുക്ക് വിശദമായി ചുവടെ പരിശോധിക്കാം.

ടാറ്റ ടിയാഗോ ഇവി: ബാറ്ററി വിലയിലുണ്ടായ കുറവ് കാരണം ടാറ്റ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇവിയായ ടിയാഗോ ഇവിയുടെ വില കുറച്ചു. ഈ കാറിന്റെ എക്‌സ്‌ഷോറൂം വിലയില്‍ നിന്ന് 70,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ വില 7.99 ലക്ഷം രൂപയാണ്. 8.69 ലക്ഷം രൂപയായിരുന്നു മുമ്പുണ്ടായിരുന്ന വില. 7.2 kW ഫാസ്റ്റ് ചാര്‍ജറുമായി വരുന്ന ഉയര്‍ന്ന വേരിയന്റുകള്‍ക്ക് വെറും 15000 രൂപ മാത്രമാണ് കുറയുക.
ബാറ്ററി പായ്ക്കിന് അനുസരിച്ച് മിഡ്‌സ്‌പെക്ക് വേരിയന്റുകള്‍ക്ക് 30000 രൂപ വരെ കുറയും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ ടിയാഗോ ഇവി 315 കിലോമീറ്റര്‍ ഓടുമെന്നാണ് ടാറ്റ പറയുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടിയാഗോ ഇവി മൊത്തം 7 വ്യത്യസ്ത വേരിയന്റുകളില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

ടാറ്റ നെക്സോണ്‍ ഇവി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ മോഡലാണ് നെക്സോണ്‍ ഇവി. കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് എസ്‌യുവിയുടെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറക്കിയിരുന്നു. 35,000 രൂപ മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് ഇവിക്ക് വില കുറച്ചത്. നിലവില്‍ 14.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ നെക്‌സോണ്‍ ഇവി സ്വന്തമാക്കാം.
നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് വേരിയന്റുകള്‍ക്കാണ് 1.2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നത്. 16.99 ലക്ഷം രൂപ മുതലാണ് ഇവിയുടെ LR പതിപ്പുകളുടെ വില ആരംഭിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 465 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 56 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം.

എംജി കോമറ്റ് ഇവി: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാറാണ് എംജി കോമറ്റ് ഇവി. ഈ കുഞ്ഞന്‍ ഇവിയുടെ വില വീണ്ടും കുറച്ചിരിക്കുകയാണ് എംജി. 1.4 ലക്ഷം രൂപ വരെയാണ് വില കുറച്ചിരിക്കുന്നതിനാല്‍ ഇവി ഇപ്പോള്‍ 6.99 ലക്ഷം രൂപ പ്രാരംഭ എക്‌സഷോറൂം വിലയില്‍ ലഭ്യമാണ്.
ടോപ് സ്‌പെക്ക് പ്ലഷ് വേരിയന്റിന് 8.58 ലക്ഷം രൂപയാണ് പുതിയ എക്സ് ഷോറൂം വില. 17.3 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച കോമറ്റ് ഇവിക്ക് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. വില കുറവാണെങ്കിലും നിരവധി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് ഈ ഇവി വരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

എംജി ZS ഇവി: ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കൂടിയ ഇലക്ട്രിക് കാര്‍ മോഡലുകളില്‍ ഒന്നാണ് എംജി ZS ഇവി. കോമെറ്റിനൊപ്പം എംജി തങ്ങളുടെ ഈ മോഡലിന്റെ വിലയും വെട്ടിക്കുറച്ചിട്ടുണ്ട്. എംജി ZS ഇവി വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 3.9 ലക്ഷം വരെ കുറച്ച് മുടക്കിയാല്‍ മതി. വമ്പന്‍ വിലക്കുറവിന്റെ ഫലമായി എംജി ZS ഇവി ഇപ്പോള്‍ 18.98 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്.
ടോപ്‌സ്‌പെക് വേരിയന്റുകള്‍ക്ക് 25.8 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഈ ഇവി ഫുള്‍ ചാര്‍ജില്‍ 461 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. 50.3 kWh ബാറ്ററി പായ്ക്കാണ് ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന് വിലയെ സാധൂകരിക്കുന്ന തരത്തിലുള്ള പ്രീമിയം ഫീച്ചറുകളും ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഐസി എഞ്ചിന്‍ വാഹനങ്ങളുമായുള്ള വിലയിലെ അന്തരം കുറയുന്നത് ഇവികള്‍ക്ക് എല്ലാ തരത്തിലും ഗുണകരമാണ്.


Click it and Unblock the Notifications








