തിടമ്പേറ്റി എലിവേറ്റ്! ജനുവരിയില്‍ ഹോണ്ട ഷോറൂമുകളില്‍ ഉത്സവത്തിരക്ക്
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട 1995-ലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. പിന്‍കാലത്ത് നിരവധി ഐതിഹാസിക മോഡലുകള്‍ വില്‍പ്പനക്കെത്തിച്ച കമ്പനി ഭാരതീയരുടെ ഇഷ്ട ബ്രാന്‍ഡുകളില്‍ ഒന്നായി വളര്‍ന്നു. എന്നാല്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം സമീപകാലത്ത് നിരവധി മോഡലുകള്‍ നിര്‍ത്തലാക്കിയത് ഹോണ്ടക്ക് വലിയ തിരിച്ചടിയായിരുന്നു.
സിറ്റി, അമേസ് എന്നീ സെഡാനുകളുടെ മാത്രം വില്‍പ്പനയെ ആശ്രയിച്ച ഹോണ്ട ഇന്ത്യ വിടുകയാണെന്ന് വരെ കിംവദന്തികള്‍ പരന്നു. എന്നാല്‍ ഹോണ്ടയുടെ കളികള്‍ ഇന്ത്യ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം മിഡ്സൈസ് എസ്‌യുവി സെഗ്മെന്റില്‍ 'എലിവേറ്റ്' എന്ന പേരില്‍ പുത്തന്‍ മോഡല്‍ പുറത്തിറക്കിയ ശേഷം ഹോണ്ടയുടെ രാശി തന്നെ മാറിയിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് മിക്ക കാര്‍ നിര്‍മ്മാതാക്കളെയും പോലെ ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹോണ്ട കമ്പനിക്കാരുടെ മുഖത്തും പുഞ്ചിരിയാണ്.

കഴിഞ്ഞ മാസം ഇന്ത്യയില്‍ മൊത്തം 8,681 കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്. 10 ശതമാനത്തിലധികം വളര്‍ച്ചയാണ് ഹോണ്ട കാര്‍സ് 2024 ജനുവരിയില്‍ രേഖപ്പെടുത്തിയത്. കയറ്റുമതിയുടെ കാര്യത്തില്‍ ജാപ്പനീസ് വാഹന ഭീമന്റെ ഏറ്റവും മികച്ച മാസമായി മാറിയിരിക്കുകയാണ് 2024 ജനുവരി. കഴിഞ്ഞ മാസം ഹോണ്ട ഇന്ത്യയില്‍ നിന്ന് 4,531 യൂണിറ്റുകളാണ് കപ്പല്‍ കയറ്റി അയച്ചത്. ഇന്ത്യയിലെ ഹോണ്ടയുടെ ഏറ്റവും മികച്ച കയറ്റുമതി കണക്കാണിത്.
2023 ജനുവരിയില്‍ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 7,821 യൂണിറ്റും കയറ്റുമതി 1434 യൂണിറ്റുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പക്ഷേ നാല് മോഡലുകള്‍ വില്‍പ്പനയിലുണ്ടായിരുന്നു. ഇപ്പോള്‍, എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ മാത്രം വില്‍പ്പനക്ക് വെച്ചാണ് ഹോണ്ട 10 ശതമാനത്തിലധികം വളര്‍ച്ചാ നിരക്ക് കൈവരിച്ചത്.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എലിവേറ്റിന്റെ വിജയമാണ് ഹോണ്ടയുടെ വില്‍പ്പനയിലെ ഉയര്‍ച്ചക്ക് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എലിവേറ്റ് എസ്‌യുവി ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി മാറിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു എലിവേറ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. എലിവേറ്റിന്റെ ലോഞ്ചിന് ശേഷം ഹോണ്ടയുടെ വില്‍പ്പന കൂടുകയായിരുന്നു.
ഓരോ മാസവും ശരാശരി 4,000 യൂണിറ്റ് എലിവേറ്റ് വില്‍ക്കാന്‍ ഹോണ്ടക്ക് സാധിക്കുന്നു. വില്‍പ്പന അളവ് ഗണ്യമായി വര്‍ധിപ്പിക്കാന്‍ എലിവേറ്റിന്റെ ജനപ്രിയത ഹോണ്ടയെ സഹായിച്ചിട്ടുണ്ട്. സെഡാന്‍ മോഡലുകളായ സിറ്റിയും അമേസും എന്നത്തെയും പോലെ മികച്ച പ്രകടനം തുടരുകയും കൂടിയായതോടെ ഹോണ്ടക്ക് ഇന്ത്യയില്‍ ജീവശ്വാസം ലഭിച്ചിരിക്കുകയാണ്. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്ഫോമിലാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍ എഞ്ചിന്‍ എസ്‌യുവിക്കൊപ്പം ഹോണ്ട നല്‍കുന്നില്ല. 119 bhp കരുത്തും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6-സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. ADAS, മള്‍ട്ടി ആംഗിള്‍ റിയര്‍വ്യൂ ക്യാമറകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും അതിലേറെയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
11.58 ലക്ഷം മുതല്‍ 16.48 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. എസ്‌യുവി ഇതിനകം 20,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു. മിഡ്സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നീ മോഡലുകള്‍ക്കെതിരെയാണ് എലിവേറ്റ് പോരാടുന്നത്.

എലിവേറ്റ് ഇപ്പോള്‍ ഇന്ത്യയിലെ ഹോണ്ടയുടെ എസ്‌യുവി തന്ത്രത്തിന്റെ പ്രധാന ഭാഗമാണ്. ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് അല്‍പ്പം വൈകിയാണെങ്കിലും എലിവേറ്റ് പുറത്തിറക്കിയ ഹോണ്ട ലൈനപ്പ് വിപുലീകരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാന്‍ ഹോണ്ട പദ്ധതിയിടുന്നു. 2026-ല്‍ എലിവേറ്റ് ഇലക്ട്രിക് അരങ്ങേറുമെന്നാണ് സൂചന.


Click it and Unblock the Notifications