ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
എയര്‍ബാഗുകളുടെ എണ്ണമനുസരിച്ച് സേഫ്റ്റി വിലയിരുത്തിയിരുന്ന കാലമെല്ലാം കഴിഞ്ഞുപോയെന്ന് നമുക്ക് അറിയാം. വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന ക്രാഷ് ടെസ്റ്റുകളുടെ സ്‌കോറുകള്‍ കൂടി ജനങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സേഫ്റ്റി കൂട്ടുന്ന തിരക്കിലാണ് പല ബ്രാന്‍ഡുകളും. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ വരെ കാറുകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫ്രഞ്ച് കമ്പനിയായ സിട്രണിന്റെ eC3 വന്‍ പരാജയമായിരുന്നു. ഇന്ത്യയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഭാരത് NCAP സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം ഉള്ളതിനാല്‍ ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാമ്പയിനിന് കീഴില്‍ പരീക്ഷിച്ച അവസാന കുറച്ച് കാറുകളില്‍ ഒന്നായിരുന്നു സിട്രണ്‍ eC3. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സുരക്ഷ കുറഞ്ഞ കാറുകള്‍ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

സിട്രണ്‍ eC3: ഫ്രഞ്ച് ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറിന്റെ ക്രാഷ് ടെസ്റ്റ് ഫലം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ സിട്രണ്‍ eC3 34-ല്‍ 20.86 പോയിന്റ് മാത്രം നേടി 0 സ്റ്റാര്‍ സ്‌കോര്‍ ചെയ്തു. യാത്രക്കാരന്റെ നെഞ്ചിന് മോശം സംരക്ഷണവും ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണവും കാണിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമായി പോയത്.
ചൈല്‍ഡ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ സിട്രണ്‍ eC3 49-ല്‍ 10.55 പോയിന്റുകളാണ് നേടിയത്. ത്രീ പോയിന്റ് ബെല്‍റ്റുകള്‍ നല്‍കാത്തതിനാലും പാസഞ്ചര്‍ എയര്‍ബാഗ് ഡിസ്‌കണക്ഷന്‍ സ്വിച്ച് നല്‍കാത്തതിനാലുമാണ് ഇത്രയും കുറഞ്ഞ സ്‌കോര്‍ ലഭിച്ചത്. ESC മാത്രമല്ല സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, സൈഡ് എയര്‍ബാഗുകള്‍, ISOFIX ആങ്കറേജുകള്‍, പിന്‍ സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ലഭിക്കുന്നില്ല.

മാരുതി വാഗണ്‍ആര്‍: പോയമാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. 2023-ല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായപ്പോള്‍ 1 സ്റ്റാര്‍ മാത്രമാണ് നേടിയത്. ജനപ്രിയ ഹാച്ച്ബാക്ക് മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 34-ല്‍ 19.69 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 3.40 പോയിന്റും നേടി. ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ ഫാമിലികള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഈ കാറിന് കുട്ടികളുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ മാത്രമാണുള്ളത്.
റെനോ ക്വിഡ്: മറ്റൊരു ഫ്രഞ്ച് നിര്‍മാതാവായ റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറാണ് ക്വിഡ്. മാരുതിയുടെ ബജറ്റ് മോഡലുകളുമായി മത്സരിച്ച് തരക്കേടില്ലാത്ത വില്‍പ്പന നേടിയെടുക്കുന്നുണ്ട്. എങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ക്വിഡും പരാജയമാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണയില്‍ 1 സ്റ്റാര്‍ റ്റേിംഗ് മാത്രമാണ് ക്വിഡിന് ടോനായത്.

മാരുതി എസ്-പ്രസ്സോ: ഇന്ത്യയിലെ ഏറ്റവും സുരക്ഷ കുറഞ്ഞ കാറുകളില്‍ ഒന്നാണ് മാരുതിയുടെ ഈ മിനി എസ്‌യുവി. 2022-ല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ മോഡലിന് വെറും 1 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് സ്വന്തമാക്കാനായത്. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 34-ല്‍ 20.03 പോയിന്റ് നേടിയാണ് മാരുതി സുസുക്കി എസ്-പ്രസ്സോ 1 സ്റ്റാറില്‍ ഒതുങ്ങിയത്. കുട്ടികളുടെ സംരക്ഷണയില്‍ 49-ല്‍ 3.53 പോയിന്റ് മാത്രം സ്‌കോര്‍ ചെയ്തതാണ് 0 സ്റ്റാര്‍ റേറ്റിംഗിന് കാരണമായത്.
മാരുതി സ്വിഫ്റ്റ്: ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. 2022-ല്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ കാറിന് 1 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് മാത്രമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ 1 സ്റ്റാര്‍ മാത്രമാണ് നേടിയത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 34-ല്‍ 19.19 ഉം കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 16.68 മാര്‍ക്കാണ് സ്വിഫ്റ്റിന് ലഭിച്ചത്. സ്വിഫ്റ്റിന്റെ ബോഡി ഷെല്‍ അസ്ഥിരമാണെന്നും ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി റേറ്റുചെയ്തു.


Click it and Unblock the Notifications








