ഥാറിന് ഒരു ലാപ് മുമ്പേ ഓടി ഗൂര്‍ഖ! ഇനി നിരത്തുകള്‍ നിറയെ കാണാം ഈ വണ്ടി
ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന രണ്ട് കമ്പനികളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഫോഴ്‌സ് മോട്ടോര്‍സും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി സെഗ്‌മെന്റ് പിടിച്ചടക്കാനായി ഇരുബ്രാന്‍ഡുകളും തമ്മില്‍ മത്സരിക്കാന്‍ തുടങ്ങിയിട്ട്. ഥാറും ഫോഴ്‌സ് ഗൂര്‍ഖയും തമ്മിലുള്ള പോരാട്ടത്തില്‍ പക്ഷേ 2020-ഓടെ മഹീന്ദ്ര മുന്നില്‍ കയറി. കഴിഞ്ഞ വര്‍ഷം ജിംനി 5 ഡോര്‍ പതിപ്പുമായി മാരുതി എത്തിയെങ്കിലും ഥാറിന്റെ ജൈത്രയാത്രക്ക് തടയിടാന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം മഹീന്ദ്രയും ഫോഴ്‌സും തമ്മില്‍ തങ്ങളുടെ എസ്‌യുവികളുടെ 5 ഡോര്‍ പതിപ്പ് പുറത്തിറക്കുന്ന കാര്യത്തിലും ഒരു മത്സരം അരങ്ങേറിയിരുന്നു.
ഇവിടെ മഹീന്ദ്രയ്ക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ് ഫോഴ്‌സ് ആദ്യം ഗൂര്‍ഖ 5 ഡോര്‍ പതിപ്പ് പുറത്തിറക്കി. ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് മഹീന്ദ്ര 2024 ഗൂര്‍ഖ ലൈനപ്പ് വിപണിയില്‍ എത്തിച്ചത്. ഗൂര്‍ഖ 5 ഡോര്‍ പതിപ്പിനൊപ്പം 3 ഡോര്‍ പതിപ്പിന്റെ അപ്‌ഡേറ്റഡ് പതിപ്പും ലോഞ്ച് ചെയ്തു. 2024 ഗൂര്‍ഖ് 3-ഡോര്‍ മോഡലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 16.75 ലക്ഷം രൂപ മുതലാണ്.

ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന്റെ വില 18 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ ഫോഴ്‌സ് 2024 ഗൂര്‍ഖയുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി. 2024 ഗൂര്‍ഖയുടെ ആദ്യ സെറ്റ് ഇപ്പോള്‍ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. കാര്യമായ അപ്‌ഡേറ്റുകളോടെയാണ് 2024 ഫോഴ്‌സ് ഗൂര്‍ഖ 3 ഡോര്‍, 5 ഡോര്‍ അവതാരങ്ങളില്‍ പിറവിയെടുത്തിരിക്കുന്നത്. കഴിവുറ്റ എസ്‌യുവിയായ ഗൂര്‍ഖ ഇപ്പോള്‍ സുപ്രധാന നവീകരണങ്ങള്‍ കൂടി ലഭിച്ചതോടെ ഥാറിന്റെയും ജിംനിയുടെയും വെല്ലുവിളി നേരിടാന്‍ പ്രാപ്തമാണ്.
മെര്‍സിഡീസ് ബെന്‍സ് ജി-വാഗണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഡിസൈനിനൊപ്പം അധിക ഓഫ് റോഡ് ബിറ്റുകള്‍ കൂടി ചേരുന്നതോടെ കടലാസില്‍ പുതിയ ഗൂര്‍ഖ ഥാറിനും ജിംനിക്കും മുകളില്‍ നില്‍ക്കും. റൗണ്ട് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫെന്‍ഡര്‍ മൗണ്ടഡ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കോര്‍ണറിങ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലൈറ്റുകള്‍, ഫങ്ഷണല്‍ റൂഫ് റാക്ക്, ഫങ്ഷണല്‍ സ്നോര്‍ക്കല്‍, ഫംഗ്ഷണല്‍ ലാഡര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ചങ്കി ടയറുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

അകത്തളത്തിലേക്ക് നോക്കുമ്പോള്‍ മൂന്നാം വരിയിലെ ക്യാപ്റ്റന്‍ സീറ്റിലേക്ക് റിയര്‍ ഡോര്‍ വഴിയും കയറാന്‍ സാധിക്കും. 3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് റിയര്‍ റൂഫ് മൗണ്ടഡ് എസി വെന്റുകളും ലഭിക്കുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് ക്യാബിനില്‍ സജ്ജീകരിച്ച പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് സേഫ്റ്റി കിറ്റില്‍ വരുന്നത്.

ഗൂര്‍ഖയുടെ രണ്ട് പതിപ്പുകള്‍ക്കും മെര്‍സിഡീസ്-സോഴ്സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് തുടിപ്പേകുന്നത്. എങ്കിലും എഞ്ചിന്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തനാണ്. 140 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ഇപ്പോള്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിച്ചിട്ടുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.
ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്‌സും മാനുവലി ലോക്കിംഗ് ഫ്രണ്ട്, റിയര്‍ ഡിഫറന്‍ഷ്യലുകള്‍ എന്നിവ ഉള്‍പ്പെടുന്ന 4X4 ഡ്രൈവ്‌ട്രെയിന്‍ ഗൂര്‍ഖ 5-ഡോര്‍, 3-ഡോര്‍ പതിപ്പുകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. 233 mm ആണ് ഗൂര്‍ഖയുടെ രണ്ട് പതിപ്പുകളുടെയും ഗ്രൗണ്ട് ക്ലിയറന്‍സ്. 700 mm വാട്ടര്‍ വേഡിംഗ് ശേഷിയും എസ്‌യുവിക്കുണ്ട്. ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കലാണ് ഇത് സാധ്യമാക്കുന്നത്.


Click it and Unblock the Notifications








