ഫോർഡ് പതുങ്ങിയത് ഒളിക്കാനല്ല, പത്ത് അടി മുന്നോട്ട് കുതിക്കാൻ, തിരിച്ചുവരവ് ഗംഭീരമാക്കാൻ ബ്രാൻഡ്
ഫോർഡിൻ്റെ തിരിച്ചുവരവാണ് ഇപ്പോൾ വാഹന വിപണിയിലെ പ്രധാന സംസാരവിഷയം. ബ്രാനഡിൻ്റെ തിരിച്ചുവരവ് ഉറപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. എവറസ്റ്റിൻ്റെയോ എൻഡവറിൻ്റെയോ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ, ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടേതായ ഒരു കൈയ്യൊപ്പ് തീർക്കാനും കമ്പനി ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിലുളള കമ്പനി വീണ്ടും തുറക്കാനാണ് ബ്രാൻഡ് ഉദ്ദേശിക്കുന്നത്. പ്രാദേശിക ഉൽപ്പാദനത്തിലേക്ക് കടക്കുകയും എവറസ്റ്റ് പോലെയുള്ള മോഡലുകൾ കൂട്ടിച്ചേർക്കുകയും പൂർണ്ണമായും നിർമ്മിച്ച റൂട്ടിലൂടെ മസ്താങ് മാക്ക്-ഇ ഇറക്കുമതി ചെയ്യുകയും ചെയ്യാമെന്നാണ് കമ്പന പദ്ധതിയിടുന്നത്. ഫോർഡ് എഞ്ചിനീയർമാരുടെ ഒരു രഹസ്യ സംഘം രണ്ട് വർഷമായി താങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾക്കായി ഒരു പുതിയ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

തമിഴ്‌നാട്ടിലെ നിർമാണ യൂണിറ്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള പദ്ധതി ഫോർഡ് റദ്ദാക്കിയതിനു പിന്നിൽ എൻഡവർ പുറത്തിറക്കാനുള്ള ഐഡിയയായിരുന്നുവെന്ന് വേണം വിലയിരുത്താൻ. എവറസ്റ്റ് എന്ന പേരിൽ നിലവിൽ തായ്‌ലൻഡിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണിൻ്റെയും എംജി ഗ്ലോസ്റ്ററിൻ്റെയും ശക്തമായ എതിരാളിയായി വീണ്ടും അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.
എൻഡവർ ഫോർഡിന്റെ ചെന്നൈ പ്ലാൻ്റിൽ അസംബിൾ ചെയ്യുമോ അതോ പൂർണമായും ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടാമത്തെ കാര്യമാണ് നടക്കുന്നതെങ്കിൽ വാഹനത്തിന് ഉയർന്ന വില തന്നെ മുടക്കേണ്ടി വരും. CBU മോഡലാവുമ്പോൾ ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രം വരുന്ന എഡവറിന് 60 ലക്ഷം രൂപയിൽ കൂടുതൽ ഓൺ-റോഡ് വില മുടക്കേണ്ടി വരും.

പ്രതിവർഷം 1.5 ലക്ഷം കാറുകളും 3.4 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്. ആഭ്യന്ത തലത്തിൽ തന്നെ ഉത്പാദനമോ അസംബ്ലിംഗോ നടന്നാൽ അതൊരു മികച്ച തീരുമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. എന്തായാലും ഇന്ത്യയിൽ വരാൻ പോവുന്നത് അന്താരാഷ്ട്ര വിപണികളിലുള്ള ഏറ്റവും പുതിയ തലമുറ ആവർത്തനമാവും.
പുതിയ തലമുറയിലുള്ള ഫോർഡ് എൻഡവർ അതിൻ്റെ മുൻഗാമിയെ പോലെ ലാഡർ-ഫ്രെയിം ആർക്കിടെക്ചറുള്ള റേഞ്ചർ പിക്കപ്പ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് അതിൻ്റെ എഞ്ചിൻ ലൈനപ്പിനൊപ്പം റേഞ്ചറിൽ നിന്നു തന്നെ ചില ഡിസൈൻ ഘടകങ്ങളും കടമെടുക്കും. വലിയ ഫ്രണ്ട് ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള ഡിആർഎല്ലുകൾ, L ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, ടെയിൽ ഗേറ്റ് എന്നിവ പുറംഭാഗങ്ങളിൽ കാണാം.
വലിയ 21 ഇഞ്ച് അലോയ് വീലുകളിലാണ് എൻഡവറുള്ളത് എന്ന കാര്യം ഓൺ-റോഡിലും ഓഫ്-റോഡിലും സഹായകരമാവുന്ന സംഗതിയായിരിക്കും. അകത്തളത്തിലേക്ക് കയറിയാലും അഡംബരത്തം തുളുമ്പുന്ന ഇന്റീരിയറായിരിക്കും കാണാനാവുക. വലിയ പനോരമിക് സൺറൂഫുള്ള മൂന്ന് വരി ലേഔട്ടിലാണ് എസ്‌യുവിയുടെ ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഇത്രയും ഉയർന്ന വില കൊടുക്കുന്നതിനാൽ മോഡേൺ ഫീച്ചറുകളുടെ വമ്പൻ നിരയും അമേരിക്കക്കാർ നൽകിയേക്കും.
ഇലക്ട്രിക് മസ്താംഗ് അടുത്ത വർഷം വിൽപ്പനയ്ക്ക് എത്തുമ്പോൾ ഹൈ-എൻഡ് സ്പെക്‌ട്രത്തിൽ മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയ്‌ക്ക് എതിരാളിയാകും. CBU (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ്) റൂട്ട് വഴിയാവും ഇത് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. എന്നിരുന്നാലും, ആഭ്യന്തര വിപണിയിൽ ടൊയോട്ട ഹൈലക്‌സിനും ഇസൂസു D-മാക്‌സിനും എതിരായി റേഞ്ചർ പിക്കപ്പ് ട്രക്ക് ഒരല്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.


Click it and Unblock the Notifications








