തിരിച്ചുവരവ് ശംഭീരമാക്കാൻ ഫോർഡ്; പുത്തൻ എസ്‌യുവിക്ക് കൂട്ടായി ഒരു ഫാമിലി എംപിവിയും
ഒരു കാലത്ത് ഇന്ത്യൻ വിപണിയിൽ പ്രൗഡമായി വൻതലയെടുപ്പോടെ വാണിരുന്ന ഒരു ബ്രാൻഡായിരുന്നു ഫോർഡ്. അമേരിക്കൻ ബ്രാൻഡിന് രാജ്യത്ത് ഒട്ടനവധി ജനപ്രിയ മോഡലുകളും ഉണ്ടായിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് വിപണിയിലെ മറ്റ് പ്രമുഖ ബ്രാൻഡുകളിൽ നിന്ന് വൻ കോംപറ്റീഷനും രാജ്യത്തെ പുത്തൻ വാഹന നയങ്ങളും എമിഷൻ മാനദണ്ഡങ്ങളും എല്ലാം കൂടെ വന്നപ്പോൾ അമേരിക്കൻ ഭീമൻ രാജ്യത്ത് കച്ചവടം മതിയാക്കി സ്ഥലം വിടുകയായിരുന്നു.
എന്നാൽ ഇപ്പോൾ ബ്രാൻഡിന്റെ തിരിച്ചുവരവിന്റെ ശ്രുതികളാണ് നാല് ദിക്കിൽ നിന്നും കേൾക്കുന്നത്. അമേരിക്കൻ കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുന്നതിനാൽ, ഫോർഡ് ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഹൈബ്രിഡ്, ഇവി മോഡലുകളിൽ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് പല ആരോപണങ്ങളും ഉയരുന്നുണ്ട്.

എന്നാൽ നിർമ്മാതാക്കൾ ഇതിനൊന്നും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതോടൊപ്പം ഒരു എംപിവി ശൈലി പോലെ തോന്നിക്കുന്ന വാഹനത്തിൻ്റെ ഡിസൈൻ പേറ്റൻ്റ് ബ്രാൻഡ് അടുത്തിടെ ഫയൽ ചെയ്തിരുന്നു. ഈ മോഡൽ ലോകമെമ്പാടും വിൽപ്പനയ്ക്ക് എത്തുന്ന ഒന്നല്ല, ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പ്രാദേശികമായി ഉൽപ്പാദനം നടത്തുന്ന കമ്പനിയുടെ പുതിയ ഇന്ത്യാ കേന്ദ്രീകൃത പദ്ധതികളിൽ ഉൾപ്പെടുന്ന ഒന്നായിരിക്കാം ഇത്.
ഈ എംപിവിയുടെ ഫ്രണ്ട് പ്രൊഫൈലിൽ സ്ലീക്ക് ഹെഡ്‌ലൈറ്റുകൾ, കൂറ്റൻ ഫോർഡ് ഗ്രില്ലുകൾ, സ്കൾപ്റ്റഡ് ബമ്പർ ഡിസൈൻ എന്നിവയാൽ വൃത്തിയായി കാണപ്പെടുന്നു. ഷാർക്ക് ഫിൻ ആൻ്റിനയ്‌ക്കൊപ്പം വലിയ പനോരമിക് സൺറൂഫും ഈ പേറ്റന്റ് ചിത്രത്തിൽ ശ്രദ്ധയിൽ പെടും. സൈഡ് പ്രൊഫൈലിൽ ഷോൾഡർ ലൈനിൽ ഉടനീളം സൂക്ഷ്മമായ ലൈനുകളാൽ അല്പം നീളമുള്ളതായി കാണപ്പെടുന്നു.
വാഹനത്തിൻ്റെ ബോഡിയുടെ താഴത്തെ പകുതി ക്ലാഡിംഗോടെയാണ് വരുന്നത്. എന്നിരുന്നാലും, എംപിവിയുടെ മൊത്തത്തിലുള്ള വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വീലുകൾ അല്പം ചെറുതായി കാണപ്പെടുന്നു. മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി XL6, ടൊയോട്ട റൂമിയോൺ, കിയ ക്യാരെൻസ് എന്നിവ ഈ അമേരിക്കൻ എംപിവി മത്സരിക്കുന്ന സെഗ്‌മെൻ്റിൽ ഉൾപ്പെട്ടതാണ്.
പുതിയ എംപിവി മോഡലിനെറിച്ച് ഫോർഡിൽ നിന്ന് നമുക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, എന്നാൽ ശക്തിയേറിയതും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിൻ ഓപ്ഷനുകളുള്ള (ഡീസൽ ഉൾപ്പെടെ) നൂതന സാങ്കേതിക വിദ്യകൾ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ന്യായമായ വില നിശ്ചയിച്ചാൽ ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം തിരിച്ചുപിടിച്ചേക്കാം.

ഹ്യുണ്ടായി ക്രെറ്റയുടെ സെഗ്‌മെൻ്റിൽ മത്സരിക്കുന്നതിനായി ഒരു കോംപാക്ട് എസ്‌യുവിക്കും ഫോർഡ് പേറ്റൻ്റും ഫയൽ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കോംപറ്റീഷൻ ഏറിയ സെഗ്മെന്റാണിത് എന്നതും ശ്രദ്ധിക്കണം. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്ത് കടക്കുന്നതിന് മുമ്പ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, കനത്ത പ്രാദേശികവൽക്കരണത്തോടെ ഇന്ത്യൻ വിപണിയിൽ ഫോർഡ് ഇക്കോസ്‌പോർട്ടിൻ്റെ പിൻഗാമിയായി ഈ മോഡൽ വിൽക്കാൻ അവർ ചെറുതായി ഈ രൂപകല്പന ചെയ്‌ത പ്രോജക്റ്റിനെ പുനരുജ്ജീവിപ്പിച്ചേക്കാം.
കൂടാതെ മറ്റ് അനുബന്ധ വാർത്തകളിൽ, അമേരിക്കൻ കാർ നിർമ്മാതാക്കൾ, തങ്ങളുടെ ന്യൂ ജനറേഷൻ പരിവേഷത്തിൽ എൻഡവറിനെ വീണ്ടും അവതരിപ്പിക്കാനും പദ്ധതിയിടുകയാണ്. വാഹനത്തിൻ്റെ അന്താരാഷ്ട്ര നെയിപ്ലേറ്റ്, അതായത് 'എവറസ്റ്റ്' എന്ന് തന്നെ മാറ്റമില്ലാതെ നിലനിർത്തും. തുടക്കത്തിൽ ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന എസ്‌യുവി ടൊയോട്ട ഫോർച്യൂണറുമായി നേരിട്ട് കൊമ്പുകോർക്കും. എന്നിരുന്നാലും, CBU നികുതികൾ കാരണം വാഹനത്തിന്റെ വിലനിർണ്ണയം അല്പം ഉയർന്നതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








