ഇന്ത്യയിലേക്ക് 'സൈലന്റായി' തിരിച്ചുവരാനൊരുങ്ങി ഫോര്‍ഡ്! ചെറിയൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാം
അമേരിക്കന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ നിരവധി ആവശ്യക്കാരുണ്ടെങ്കിലും കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ രണ്ട് പ്രമുഖ അമേരിക്കന്‍ ബ്രാന്‍ഡുകളാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. 2017-ല്‍ ജനറല്‍ മോട്ടോര്‍സും 2021-ല്‍ ഫോര്‍ഡുമാണ് (Ford) ഇന്ത്യയിലെ കച്ചവടം അവസാനിപ്പിച്ച് മടങ്ങിയത്. നഷ്ടം കുമിഞ്ഞുകൂടിയതും വളര്‍ച്ചയുടെ അഭാവവും മൂലമാണ് ഇന്ത്യ വിടുന്നതെന്നാണ് അന്ന് ഫോര്‍ഡ് പ്രസ്താവിച്ചത്. 10 വര്‍ഷത്തിനിടെ ഏകദേശം 2 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫോര്‍ഡ് നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോര്‍ഡിന്റെ തിരിച്ചുവരവ് സംബന്ധിച്ച് പുതിയ ചില അപ്‌ഡേഷനുകള്‍ വന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി നോക്കാം.
കഴിഞ്ഞ വര്‍ഷം എവറസ്റ്റും റാപ്റ്ററും ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടതോടെ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ കഥയിൽ ചെറിയ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് പുതിയ റിപോർട്ടുകൾ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണി സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഈ ഒരു സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് റീ എന്‍ട്രി നടത്തുന്നതിനെ കുറിച്ചാണ് ഫോര്‍ഡ് ആലോചിക്കുന്നത്.

'ഒരു തിരിച്ചുവരവിനുള്ള വിപണി സാധ്യതകള്‍ ഫോര്‍ഡ് പരിഗണിക്കുകയാണ്. ഇത് ഉന്നതതല സമിതിയുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്കുള്ള പുനഃപ്രവേശനത്തിന് ഉടന്‍ അനുമതി ലഭിക്കാനുള്ള സാഹചര്യമുണ്ട്' ഫോര്‍ഡിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമാണ്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുകയാണ്. ഇവി മേഖലയില്‍ ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അടുത്തിടെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബാറ്ററി ഉല്‍പ്പാദനത്തില്‍ നിര്‍ണായകമായ അയോണിന്റെ അടിസ്ഥാന നികുതി ഒഴിവാക്കിയിരുന്നു. രാജ്യത്ത് ഇവികളുടെ നിര്‍മ്മാണവും വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇന്ത്യയുടെ പുതിയ ഇവി നയം ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക മാത്രമല്ല രാജ്യത്തെ ഇവി ഹബാക്കി മാറ്റാനുമാണ് ഉദ്ദേശിക്കുന്നത്.

പ്രാദേശിക ഉല്‍പ്പാദന കേന്ദ്രങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനുമായി നേരത്തെ 2 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു ഫോര്‍ഡ് ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങള്‍ ഫോര്‍ഡ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. ഫോര്‍ഡിന്റെ ഇക്കോ സ്പോര്‍ട്ട്, ഫിഗോ, എന്‍ഡവര്‍ എന്നിവ ഇന്ത്യയില്‍ ജനപ്രിയമായിരുന്നു. എന്നിരുന്നാലും, വേണ്ടത്ര അപ്ഡേറ്റുകള്‍ നല്‍കാതിരുന്നതും കൊറിയന്‍ കമ്പനികളില്‍ നിന്ന് അടക്കം മത്സരം വര്‍ധിക്കുകയും ചെയ്തതോടെയാണ് ഫോര്‍ഡിന് ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നത്.
ഫോര്‍ഡ് മടങ്ങിയെത്തിയാല്‍ അവരുടെ ചെന്നൈ പ്ലാന്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്ത് പ്ലാന്റ് നേരത്തെ ടാറ്റ മോട്ടോര്‍സിന് വിറ്റതിനാല്‍ ഭാവി ഉല്‍പ്പാദനത്തിനുള്ള പ്രായോഗിക ഓപ്ഷനായി ചെന്നൈ പ്ലാന്റ് തുടരുന്നു. ഫോര്‍ഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ശേഷം ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ഈ പ്ലാന്റ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ജെഎസ്ഡബ്ല്യുവുമായുള്ള ഡീല്‍ ഉറപ്പിച്ചുവെന്ന രീതിയില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ചെന്നൈ പ്ലാന്റ് നിലവില്‍ വില്‍ക്കാന്‍ ഉദ്ദേമില്ലെന്ന് ഫോര്‍ഡ് അറിയിച്ചതോടെ തന്നെ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പലര്‍ക്കും 'മണത്തിരുന്നു'. ഫോര്‍ഡിന്റെ തിരിച്ചുവരവ് വേഗത്തിലായാലും ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ഒരു വര്‍ഷമെടുത്തേക്കും. പുതിയ ഇവി മോഡലുകള്‍ ഉള്‍ക്കൊള്ളാന്‍ പ്ലാന്റില്‍ നവീകരണം നടത്തേണ്ടതുണ്ട്. ഫോര്‍ഡ് ഉടന്‍ തന്നെ ഇന്ത്യയില്‍ റീ എന്‍ട്രി നടത്തിയാലും അതിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് സാരം.
ഇന്ത്യന്‍ വാഹന വിപണി അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫോര്‍ഡിന്റെ തിരിച്ചുവരവ് ഗുണം ചെയ്യും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫോര്‍ഡിന്റെ ഇന്ത്യയിലേക്കുള്ള റീ-എന്‍ട്രി പ്രതീക്ഷ നല്‍കുന്നതാണെമെങ്കിലും, പുതിയ മോഡലുകള്‍ വിപണിയിലെത്തുന്നതിന് മുമ്പ് കാര്യമായ തയാറെടുപ്പും സമയവും വേണ്ടിവരും. ഏതായാലും ഫോര്‍ഡിന്റെ തിരിച്ചു വരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








