ഫോർഡിന്റെ വരവ് സൂചിപ്പിച്ച് പേറ്റന്റ് ചിത്രങ്ങൾ; ഫോർച്ച്യൂണറിന്റെ ഏകാധിപത്യം തകർക്കാൻ എൻഡവർ വീണ്ടും
ഫോർഡ് ഇന്ത്യയിലേക്ക് തിരികെ എത്തുന്നു എന്ന് അടുത്തിടെ പല ഊഹാപോഹങ്ങളും ഉയർന്നിരുന്നു, ഏതാനും ആഴ്ചകൾക്ക് മുമ്പ്, JSW ഗ്രൂപ്പുമായുള്ള ചെന്നൈ പ്ലാന്റ് വിൽപ്പന കരാറും ഫോർഡ് റദ്ദാക്കിയിരുന്നു, ഇതിന്റെ സാഹചര്യത്തിലാണ് തിരിച്ചു വരവിന്റെ വാർത്തകൾ ഉയർന്നത്. എന്നാൽ ഈ ഊഹാപോഹങ്ങൾക്കും വാർത്തകൾക്കും കൂടുതൽ സപ്പോർട്ട് നൽകിക്കൊണ്ട്, ഫോർഡ് ഇപ്പോൾ തങ്ങളുടെ എൻഡവർ എസ്‌യുവിക്ക് ഡിസൈൻ പേറ്റന്റ് ഫയൽ ചെയ്തിരിക്കുകയാണ്.
മാത്രമല്ല, വരും ആഴ്ചകളിലേക്ക് ഫോർഡ് ഇന്ത്യയുടെ പുതിയ തൊഴിൽ അവസരങ്ങൾ/ ജോബ് ലിസ്റ്റിംഗുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ ഫോർഡ് ഉടൻ തന്നെ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകുമെന്ന ശക്തമായ സൂചന നൽകുന്നു. 2021 -ൽ ഇന്ത്യൻ വിപണിയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇപ്പോൾ എൻഡവറിന്റെ ഡിസൈൻ പേറ്റന്റ് ഇന്ത്യയിൽ ഫോർഡ് ഫയൽ ചെയ്തിരിക്കുകയാണ്. 2022 -ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ന്യൂ ജെൻ മോഡലാണിത്. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലുടനീളം ഇവിടുത്തെ എൻഡവർ, ഫോർഡ് എവറസ്റ്റ് എന്ന പേരിലും വിപണനം ചെയ്യപ്പെടുന്നു. ചെന്നൈ പ്ലാന്റ് വിൽക്കാനുള്ള പ്രാരംഭ പദ്ധതി റദ്ദാക്കിയതാണ് അമേരിക്കൻ ബ്രാൻഡായ ഫോർഡ് തിരിച്ചു വരും എന്ന വാർത്തകൾക്ക് ആകം നൽകുന്ന ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളിലൊന്ന്.
അതോടൊപ്പം മുകളിൽ സൂചിപ്പിച്ചതു പോലെ, അടുത്ത തലമുറ എൻഡവർ എസ്‌യുവിക്കായി ഡിസൈൻ പേറ്റന്റുകൾ ഫയൽ ചെയ്തുകൊണ്ട് കമ്പനി തങ്ങളുടെ ഇന്ത്യൻ വിപണിയോടുള്ള സമീപനം സ്വീകരിച്ചു. മത്സരാധിഷ്ഠിതമായ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ കാൽപ്പാടുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഫോർഡിന്റെ പ്രതിബദ്ധത ഈ നീക്കം അടിവരയിടുന്നു.
കൂടാതെ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത ജോലികളും പുതി തസ്തികകളും, ഫോർഡിന്റെ പുനരുജ്ജീവനത്തിന്, കമ്പനിയുടെ സജീവമായ റിക്രൂട്ട്‌മെന്റ് ശ്രമങ്ങളും കൂടുതൽ ഊന്നൽ നൽകുന്നു. നിർണായകമായ ഡൊമെയ്‌നുകളിലുടനീളം ഓപ്പണിംഗുകൾ വ്യാപിക്കുന്നു, ബ്രാൻഡിന്റെ പുതുക്കിയ പ്രവർത്തനങ്ങൾക്കായി ശക്തമായ ഒരു ടീമിനെ നിർമ്മിക്കാനുള്ള കമ്പനിയുടെ ഉദ്ദേശം ഇതിൽ കാണാം.
സീനിയർ എഞ്ചിനീയർ - PD (ബോഡി എക്സ്റ്റീരിയർ), ADAS ഫീച്ചർ ഓണർ, മാനുഫാക്ചറിംഗ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇന്റഗ്രേഷൻ ആർക്കിടെക്റ്റ് മാനേജർ, AEM ഡെവലപ്പർ എന്നിവയാണ് കമ്പനി പുതിയതായി ലിസ്റ്റ് ചെയ്തിരിക്കുന്ന ജോബ് ഓഫറുകൾ. ഈ പുതിയ തസ്തികകൾ നിർമ്മാതാക്കളുടെ ഇന്ത്യൻ ഓപറേഷൻസ് കൂടുതൽ മെച്ചപ്പെടുത്തും.

ഇനി വാഹനത്തിന്റെ കാര്യം നോക്കിയാൽ, പുതിയ എൻഡവർ എക്സ്റ്റീരിയർ & ഇന്റീരിയർ അപ്‌ഡേറ്റുകളുടെ സമഗ്രമായ ഒരു ശ്രേണി തന്നെ പായ്ക്ക് ചെയ്യുന്നു. വലിയ ഹെഡ്‌ലാമ്പുകൾ, C -ആകൃതിയിലുള്ള DRL -കൾ, ഒരു പുതിയ ഗ്രില്ല്, പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, പുതിയ ബോണറ്റ് ഡിസൈൻ, പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ് എന്നിവ ഉൾക്കൊള്ളുന്ന കൂടുതൽ പരുക്കൻ പ്രൊഫൈലാണ് വാഹനത്തിനുള്ളത്.
അളവുകൾ അനുസരിച്ച്, വീൽബേസിൽ ന്യൂ ജെൻ എൻഡവർ 50 mm (2 ഇഞ്ച്) കൂടുതൽ നേടുന്നു. വലിയ 21 ഇഞ്ച് അലോയി വീലുകളും അതോടൊപ്പം ആകർഷകമായ റോഡ് സാന്നിധ്യവും വാഹനത്തിനുണ്ട്. അകത്ത്, ന്യൂ ജെൻ ഫോർഡ് എൻഡവർ പ്രീമിയം ഫീച്ചറുകളുടെ ഒരു വമ്പൻ റേഞ്ച് തന്നെ വാഗ്ദാനം ചെയ്യുന്നു.

വലിയ 12 ഇഞ്ച് പോർട്രെയിറ്റ് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വരെയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ, പുതിയ ത്രീ സ്‌പോക്ക് ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ എന്നിവ ചില പ്രധാന ഇന്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. കൂടാതെ സെന്റർ കൺസോൾ അപ്‌ഡേറ്റ് ചെയ്യുകയും വലിയ ടച്ച്‌സ്‌ക്രീൻ ഇതുമായി തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൺട്രോൾ സ്വിച്ചുകളും ഗിയർ സെലക്ട് നോബും നിർമ്മാതാക്കൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
എസ്‌യുവിക്ക് പ്രീമിയം അപ്‌ഹോൾസ്റ്ററിയും, കൂടാതെ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ക്വിൽറ്റഡ് പാറ്റേണുകളും ലഭിക്കുന്നു. ഇനി ടെക്കിന്റെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, യുഎസ്ബി ചാർജിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഫോർഡ് നൽകുന്നുണ്ട്.
സേഫ്റ്റി ഫീച്ചറുകളിൽ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, പെഡസ്ട്രിയൻ ഡിറ്റക്ഷൻ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, റോഡ് എഡ്ജ് ഡിറ്റക്ഷനോടുകൂടിയ ലെയിൻ കീപ്പിംഗ് സിസ്റ്റം, റിവേഴ്സ് ബ്രേക്ക് അസിസ്റ്റ്, ഇവാസീവ് സ്റ്റിയർ അസിസ്റ്റ്, ഏഴ് എയർബാഗുകൾ, ആക്റ്റീവ് പാർക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ്, റോൾഓവർ മിറ്റിഗേഷൻ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും എൻഡോവറിനൊപ്പം അമേരിക്കൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








