ഹൈലക്സ് ചില്ലുകൂട്ടിൽ തന്നെ ഇരിക്കുമോ? ഫോർഡിന്റെ വക മുട്ടൻ പണി ഉടനെ വന്നേക്കാം
ഇന്ത്യൻ വിപണിയിലേക്ക് ഫോർഡ് തിരിച്ചെത്തുന്നു എന്ന ഊഹാപോഹങ്ങൾ നല്ലപോലെ ഉയർന്നു വരികയാണ്. ഇത് ശരിവെക്കും തരത്തിലുള്ള പല കാര്യങ്ങളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ ന്യൂ ജെൻ എൻഡവർ ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റിനടുത്ത് കണ്ടെത്തിയിരുന്നു. അമേരിക്കൻ ബ്രാൻഡിന്റെ തിരിച്ചുവരവിൽ എഡവർ ഒറ്റയ്ക്ക് ആയിരിക്കില്ല എന്ന് പ്രതീക്ഷ നൽകുന്ന മറ്റൊരു കണ്ടെത്തലാണ് ഇവിടെ ഞങ്ങൾ നിങ്ങളോടൊപ്പം പങ്കുവെയ്ക്കുന്നത്.
ആഗോള വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പുതിയ റേഞ്ചർ പിക്കപ്പും ഇപ്പോൾ ഒരു ഫ്ലാറ്റ്ബെഡ് ട്രക്കിൽ ടൈ ചെയ്ത് കൊണ്ടു പോവുന്നത് ക്യാമറ കണ്ണിൽ പെട്ടിരിക്കുകയാണ്. അമേരിക്കൻ നിർമ്മാതാക്കൾ ഇന്ത്യയിൽ മസ്താംഗ് മാക്-ഇ -യുടെ പേര് ട്രേഡ്മാർക്ക് ചെയ്യുന്നതിനൊപ്പം എൻഡവറിൻ്റെ രൂപകൽപ്പനയ്ക്ക് പേറ്റൻ്റ് നേടിയിരുന്നു.

ഇലക്ട്രിക് മസ്താംഗ് അടുത്ത വർഷം വിപമിയിൽ എത്തുമ്പോൾ ഹൈ-എൻഡ് സ്പെക്‌ട്രത്തിൽ മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയ്‌ക്ക് എതിരാളിയാകും. CBU (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ്) റൂട്ട് വഴിയാവും ഇത് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. എന്നിരുന്നാലും, ആഭ്യന്തര വിപണിയിൽ ടൊയോട്ട ഹൈലക്‌സിനും ഇസൂസു D-മാക്‌സിനും എതിരായി റേഞ്ചർ പിക്കപ്പ് ട്രക്ക് ഒരല്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.
ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് സ്‌പേസ് ശരിക്കും നമ്മുടെ രാജ്യത്തി ശ്രദ്ധിക്കപ്പെട്ടിട്ടില്ല, എന്നിരുന്നാലും ഇതിന് ഒരു പ്രത്യേക ഓഡിയൻസ് പതിയെ ഉരുവായി വരികയാണ്. അതിനാൽ തന്നെ ഇപ്പോൾ റേഞ്ചർ എത്തിക്കുന്നത് ഒരു ബുദ്ധിപരമായ നീക്കമായിരിക്കും. കൂടാതെ ഏറ്റവും പുതിയ എൻഡവറിൻ്റെ അതേ ബോഡി ഓൺ ഫ്രെയിം കൺസ്ട്രക്ഷനെ അടിസ്ഥാനമാക്കിയുള്ളതിനാൽ റേഞ്ചറിനെ ഫോർഡ് കൊണ്ടുവരുന്നത് എന്നതും ഒരു പ്ലസ് പോയിന്റാണ്.

മുൻ തലമുറ എൻഡവറും മൂന്നാം തലമുറ റേഞ്ചറും ഒരേ പ്ലാറ്റ്‌ഫോം ബേസ് ഉപയോഗിക്കുന്നതിനാൽ, പുതിയ എസ്‌യുവിയും പിക്കപ്പും പുറത്തിറക്കാൻ ഫോർഡിൻ്റെ മറൈമലൈ നഗർ പ്ലാൻ്റിൽ റീടൂളിംഗ് ആവശ്യമായി വരും, എന്നാൽ ഇത് ഒരു പുതിയ ആർക്കിടെക്ചർ നിർമ്മിക്കുന്നതിനേക്കാൾ ചെലവു കുറഞ്ഞതാണ് എന്നത് ശ്രദ്ധിക്കണം.
ഗ്ലോബൽ സ്പെക്ക് റേഞ്ചറിൽ 270 bhp പവർ പുറപ്പെടുവിക്കുന്ന 2.3 ലിറ്റർ എഞ്ചിനും 315 bhp പവർ സൃഷ്ടിക്കുന്ന 2.7 ലിറ്റർ ടർബോ V6 യൂണിറ്റുമാണ് വരുന്നത്. 2WD, 4WD കോൺഫിഗറേഷനുകളിൽ പത്ത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു.

8.0 ഇഞ്ച് ഇൻസ്ട്രുമെൻ്റ് കൺസോൾ, ലോ സ്പെക്ക് ട്രിമ്മുകളിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളാണ് ക്യാബിനിലുള്ളത്, ടോപ്പ് സ്‌പെക്ക് മോഡലുകൾക്ക് 12 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഓൾ ഡിജിറ്റൽ ക്ലസ്റ്ററും ലഭിക്കും. അത്യാവശ്യ അപ്പ്മാർക്കറ്റ് ഫിറ്റ് & ഫീലിനായി വളരെ മികച്ച തരത്തിലാവും ക്യാബിൻ സെറ്റ് ചെയ്തിരിക്കുന്നത്.
ലെയിൻ സെൻ്റർ ചെയ്യുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360 -ഡിഗ്രി ക്യാമറ സിസ്റ്റം, ഇലക്ട്രിക്കൽ സാധനങ്ങൾ പവർ ചെയ്യുന്നതിനായി ഫ്ലാറ്റ് ബെഡിൽ ഒരു ഔട്ട്‌ലെറ്റ് ഉള്ള 400 -വാട്ട് ഇൻവെർട്ടർ, 360 -ഡിഗ്രീ എക്സ്റ്റീരിയർ ലൈറ്റിംഗ് സിസ്റ്റം എന്നിവയും ഇതിൽ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

405 bhp പവർ ഉത്പാദിപ്പിക്കുന്ന ബ്രോങ്കോ റാപ്റ്ററിൽ കാണപ്പെടുന്ന അതേ 3.0 ലിറ്റർ V6 എഞ്ചിൻ യൂണിറ്റ് ഉപയോഗിക്കുന്നതിനാൽ റേഞ്ച് ടോപ്പിംഗ് റേഞ്ചർ റാപ്റ്റർ എക്കാലത്തെയും ശക്തമായ റേഞ്ചർ മോഡലാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ അല്പം മന്ദഗതിയിൽ വിൽപ്പന നടക്കുന്ന ടൊയോട്ട ഹൈലക്സിന് ഫോർഡ് റേഞ്ചർ വളരെ കടുത്ത ഒരു വെല്ലുവിളി ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ഇസൂസു D-മാക്സ് V-ക്രോസിനേയും ഇത് ബാധിക്കും.


Click it and Unblock the Notifications








