ഫോർഡിനിത് തിരിച്ചുവരവിൻ്റെ കാലമല്ലേ, ഫിഗോ തിരിച്ചു കൊണ്ടുവരുമെന്ന് തോന്നുന്നുണ്ടോ
പുലി പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനാണ് എന്ന് ഇന്ത്യൻ വിപണിയെ പഠിപ്പിച്ച ബ്രാൻഡാണ് ഫോർഡ്, തിരിച്ചു വന്നുവെങ്കിലും പൂർണമായി വിപണിയിലേക്ക് എത്താൻ ആരംഭിച്ചിട്ടില്ല. പക്ഷേ അതിൻ്റെ എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ട് ഇരിക്കുകയാണ് കമ്പനി. ഫോർഡ് ഇന്ത്യയുടെ പദ്ധതികൾ അനുസരിച്ച്, എൻഡവറിന് അതായത് എവറസ്റ്റിന് താഴെയുള്ള ഐസിഇ എഞ്ചിൻ മോഡലുകളൊന്നും തിരികെ എത്തിക്കാൻ സാധ്യതയില്ല എന്ന് തന്നെ വേണം വിശ്വസിക്കാൻ.
ഡീസൽ എൻജിനുള്ള ടി6 പ്ലാറ്റ്‌ഫോം ഉൽപ്പന്നങ്ങൾ മാത്രമേ ഫോർഡ് ഇന്ത്യയിൽ എത്തിക്കൂ എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ, ഇക്കോസ്പോർട്ടിൻ്റെയും ഫിഗോയുടേയും ഉൽപ്പാജന ചിലവ് കൂടുതലായത് കൊണ്ടാണ് ഇത് തിരികെ എത്തിക്കാൻ കമ്പനി ശ്രമിക്കാത്തത്. അത് കൊണ്ട് ഇനി എസ്‌യുവി മോഡലുകളും പിക്കപ്പ് ട്രക്കുകളിലുമായിരിക്കും കമ്പനി ഇന്ത്യയിൽ ശ്രദ്ധ ചെലുത്താൻ പോകുന്നതെന്ന് ചുരുക്കം.

ഫോർഡ് ഇന്ത്യയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോർട്ടിനൊപ്പം മുൻപ് ലൈനപ്പിലുണ്ടായിരുന്ന ഫിഗോ ഹാച്ച്‌ബാക്ക്, ഫ്രീസ്റ്റൈൽ ക്രോസ്-ഹാച്ച്, ആസ്പയർ കോംപാക്റ്റ് സെഡാൻ എന്നിവയൊന്നും ഇനി ചിരിച്ചു വരവിൻ്റെ പാതയിൽ പ്രതീക്ഷിക്കേണ്ട. 2021 -ൽ ഇന്ത്യ വിട്ടത് ഈ മോഡലുകളുടെ വിൽപ്പന കുറവും ലാഭവിഹിതത്തിലുണ്ടായ നഷ്ടവുമൊക്കെ കൊണ്ടാണ്. വീണ്ടും ആ സെഗ്മെൻ്റിൽ തന്നെ തിരിച്ചു വന്നാലും കമ്പനിക്ക് ലാഭമുണ്ടാകുമെന്ന പ്രതീക്ഷയില്ലായിരിക്കാം.
ഇന്ത്യയിൽ ഫോർഡിൻ്റെ പകരക്കാരനായ എവറസ്റ്റിൻ്റെ കുറച്ച് വിശദാംശങ്ങളിലേക്ക് നോക്കിയാൽ എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരവ്. മുമ്പ് എവറസ്റ്റ് മറ്റൊരു സ്ഥാപനം ട്രേഡ് മാർക്ക് ചെയ്തതിനാലാണ് കമ്പനിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പോയിരുന്നത്.

തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്. നിലവിൽ അവതരണത്തിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന ലുക്കാണ് വാഹനത്തിനുണ്ടാവുക.
മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും. മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക. C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക.

ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ എവറസ്റ്റിന് 170 bhp കരുത്തിൽ 405 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാവും ലഭിക്കുക.
സെലക്‌ട് ഷിഫ്റ്റിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ 210 bhp കരുത്തിൽ പരമാവധി 500 Nm torque നൽകുന്ന 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനും എവറിസ്റ്റിനൊപ്പം നൽകുന്നുണ്ട്. പക്ഷേ ഇതിൽ ഏതാവും നമ്മുടെ നിരത്തുകളിലേക്ക് എത്തുകയെന്ന് മാത്രം ഇപ്പോൾ പ്രവചിക്കാനാവില്ല. കൂടാതെ 4×2, 4×4 ഓപ്ഷനുകളും വാഹനത്തിൽ വാഗ്‌ദാനം ചെയ്തേക്കും. ഫോർഡിനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം മറക്കാതെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ ശ്രമിക്കുക.


Click it and Unblock the Notifications








