അത്ര പെട്ടെന്ന് മൺമറഞ്ഞ് പോവില്ല; പെർഫോമെൻസിനൊപ്പം മൈലേജുമായി 2024 -ൽ വരാനിരിക്കുന്ന ഡീസൽ കാറുകൾ
കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം, വാഹന നിർമ്മാതാക്കൾ സമീപകാലത്ത് തങ്ങളുടെ ഡീസൽ എഞ്ചിൻ മോഡലുകൾ വിപണിയിൽ നിന്ന് നിർത്തലാക്കിയിരുന്നു. മാരുതി സുസുക്കി, ഹോണ്ട, റെനോ, നിസാൻ, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് തുടങ്ങിയ ബ്രാൻഡുകൾ പെട്രോളിലും CNG -യിലും ഇലക്‌ട്രിക്കിലും ഉൾപ്പെടെയുള്ള മറ്റ് ഇതര ഫ്യുവലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
എന്നിരുന്നാലും, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, കിയ, മഹീന്ദ്ര എന്നിവയുൾപ്പെടെ ഏതാനും വാഹന നിർമ്മാതാക്കൾ രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ വിൽപ്പന തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ, 2024 -ൽ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഡീസൽ കാറുകളുടെയും എസ്‌യുവികളുടെയും ഒരു ലിസ്റ്റാണ് ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

ടാറ്റ കർവ്വ് എസ്‌യുവി കൂപ്പെ: ടാറ്റ മോട്ടോർസ് ഈ വർഷം അവസാനത്തോടെ കർവ്വ് എസ്‌യുവി കൂപ്പെയുടെ ICE പതിപ്പ് രാജ്യത്ത് അവതരിപ്പിക്കും. 2024 ഭാരത് മൊബിലിറ്റി ഷോയിൽ ടാറ്റ മോട്ടോഴ്സ് കർവ്വ് എസ്‌യുവിയുടെ ഡീസൽ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. 115 PS മാക്സ് പവറും 250 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് പകരും. ടാറ്റയുടെ മോഡൽ നിരയിലെ നെക്‌സോണിനും ഹാരിയറിനും ഇടയിലാണ് എസ്‌യുവി കൂപ്പെ സ്ഥാനം പിടിക്കുക. സിംഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് പവർട്രെയിനിനൊപ്പവും ഈ മോഡൽ കമ്പനി വാഗ്ദാനം ചെയ്യും.

മഹീന്ദ്ര ഥാർ ഫൈവ് -ഡോർ: പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര 2024 മധ്യത്തോടെ കൂടുതൽ പ്രായോഗികവും ഫീച്ചർ ലോഡുമായ ഫൈവ് -ഡോർ ഥാർ ലൈഫ്സ്റ്റൈൽ എസ്‌യുവി അവതരിപ്പിക്കും. പുതിയ ഫൈവ് -ഡോർ മഹീന്ദ്ര ഥാർ സ്കോർപിയോ-N -ന് അടിവരയിടുന്ന അതേ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാവും ഒരുങ്ങുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, എഞ്ചിൻ ഓപ്ഷനുകളും പുതിയ സ്‌കോർപിയോയുമായി എസ്‌യുവി പങ്കിടാൻ സാധ്യതയുണ്ട്.
200 bhp പവർ പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോളും 172 bhp കരുത്തേകുന്ന 2.2 -ലിറ്റർ ഡീസൽ എഞ്ചിനും ഇതിലുണ്ടാകും. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് -സ്പീഡ് മാനുവലും ആറ് -സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റും ഉൾപ്പെടും. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി 4×2 അല്ലെങ്കിൽ 4×4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളിൽ വരുൺ എന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട സ്റ്റെബിലിറ്റിയ്ക്കായി എസ്‌യുവിയ്ക്ക് Scorpio N -ൻ്റെ പെൻ്റ-ലിങ്ക് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.

മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്: ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഉടൻ തന്നെ തങ്ങളുടെ പരിഷ്‌കരിച്ച XUV300 സബ് ഫോർ മീറ്റർ എസ്‌യുവി അവതരിപ്പിക്കും. പുതിയ എസ്‌യുവിക്ക് കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതുക്കിയ ഫീച്ചറുകൾ റിച്ച് ഇൻ്റീരിയറും ലഭിക്കും. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് യൂണിറ്റും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഉൾക്കൊള്ളുന്ന ഒരു പുതുപുത്തിൻ ഡാഷ്‌ബോർഡ് ലേയൗട്ട് ഇതിന് ലഭിക്കും.
1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ (TGDI) എന്നിങ്ങനെ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവി വലിയ മാറ്റമില്ലാതെ നിലനിർത്തും. ഡീസൽ XUV300 മോഡൽ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയുമായി മത്സരിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് -സ്പീഡ് മാനുവലും AMT -യും ഉൾപ്പെടും.

ന്യൂ-ജെൻ കിയ കാർണിവൽ: കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ, 2024 -ൽ പുതിയ തലമുറ കാർണിവൽ എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി നാലാം തലമുറ കാർണിവലിനെ KA4 കൺസെപ്റ്റ് എന്ന നിലയിൽ പ്രദർശിപ്പിച്ചിരുന്നു.
പുതിയ മോഡലിന് വലുപ്പം കൂടുതലാണ്, കൂടാതെ കൂടുതൽ ഫീച്ചർ ലോഡഡ് പ്രീമിയം ക്യാബിനുമുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളുള്ള വിപുലമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇതിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നു. 200 bhp പവറും 440 Nm torque ഉം നൽകുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എട്ട് സ്പീഡ് 'സ്പോർട്സ്മാറ്റിക്' ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ്: അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റ പുറത്തിറക്കിയ ശേഷം, ഹ്യുണ്ടായി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ മോഡൽ ഡിസൈനും മറ്റ് ഇൻ്റീരിയർ എലമെന്റുകളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റുമായി പങ്കിടാൻ സാധ്യതയുണ്ട്. ടച്ച്‌സ്‌ക്രീനും ഇൻസ്ട്രുമെൻ്റ് കൺസോളിനുമായി ഡ്യുവൽ സ്‌ക്രീൻ ലേയൗട്ട് ഫീച്ചർ ചെയ്യുന്ന, ഗണ്യമായി പരിഷ്‌കരിച്ച ഡാഷ്‌ബോർഡ് ഘടനയാണ് ഇതിൽ വരുന്നത്.
1.5 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ NA പെട്രോൾ എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള നിലവിൽ വരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളിലാണ് അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിച്ചേക്കും.


Click it and Unblock the Notifications