മുന്നിലുള്ളത് കരയോ പുഴയോ മലയോ; എന്തായാലും ഇവന് അതൊരു വിഷയമല്ല; സ്പെഷ്യൽ ഒമ്നിയുടെ വിശേഷങ്ങൾ
കരയിലും വെള്ളത്തിലും ഓടാൻ കഴിയുന്ന ആംഫീബിയൻ വാഹനങ്ങൾ ഇന്ത്യയിൽ വളരെ അപൂർവമാണ്. ഇടയ്‌ക്കിടെ, ചിലർ ഇത്തരത്തിൽ ഒരെണ്ണം സൃഷ്‌ടിക്കുകയും കുറച്ച് പബ്ലിസിറ്റി നേടുകയും ചെയ്യുന്നു, പക്ഷേ അധികം താമസിയാതെ തന്നെ ഇവ മങ്ങിപോകുന്ന അവസ്ഥയാണ്. ഇവിടെ, ഒരു സ്ക്രാപ്പ് മാരുതി ഓമ്‌നി വാനിൽ നിന്ന് ആംഫീബിയൻ വാഹനം സൃഷ്ടിച്ച ഒരു മലയാളിയുടെ കഥയാണ് ഞങ്ങൾ പങ്കുവെയ്ക്കുന്നത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ജെയിൻ രാജ് ആണ് ഈ വെള്ളത്തിലും കറയിലും ഓടുന്ന സൃഷ്ടിയ്ക്ക് പിന്നിൽ. ചെറുപ്പം മുതലേ കാറുകളോട് വലിയ കമ്പമായിരുന്നു തനിക്ക് എന്ന് ജെയിൻ പറയുന്നു. കുട്ടിക്കാലത്ത് അദ്ദേഹം നിരവധി മിനിയേച്ചർ കാർ മോഡലുകൾ നിർമ്മിച്ചിരുന്നു, എന്നാൽ സാമ്പത്തിക ഞെരുക്കം കാരണം അദ്ദേഹത്തിന് ഈ ഹോബി പിന്തുടരാനായില്ല.

ലോക്ക്ഡൗൺ സമയത്താണ്, ജെയിൻ തൻ്റെ ആദ്യ പ്രോജക്റ്റിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. പൾസർ 220 -യുടെ എഞ്ചിൻ ഉപയോഗിച്ച ഒരു മിനിയേച്ചർ ജീപ്പായിരുന്നു അദ്ദേഹം ആദ്യം നിർമ്മിച്ചത്. ജീപ്പിന് ശേഷം ജെയിൻ ഒരു എയർ ബോട്ടും നിർമ്മിച്ചു. അപ്പോഴാണ് കരയിലും വെള്ളത്തിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു കാർ എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉദിച്ചത്.
പലരോടും ഇതേക്കുറിച്ച് ചോദിച്ച് അന്വേഷിച്ചെങ്കിലും ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കാര്യമായ സഹായം കണ്ടെത്താനായില്ല. പിന്നീട് ഒരു സ്ക്രാപ്പ് ചെയ്ത മാരുതി ഓമ്‌നി വാങ്ങി അദ്ദേഹം തന്നെ പദ്ധതി ആരംഭിക്കുകയായിരുന്നു. കാർ വാങ്ങിയതിനു ശേഷം റൂഫ് പൂർണ്ണമായും കട്ട് ചെയ്തു കളഞ്ഞു. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ വാഹനത്തിന്റെ ഭാരം കഴിയുന്നത്ര കുറയ്ക്കുക എന്നതായിരുന്നു ജെയിനിന്റെ ആദ്യ വെല്ലുവിളി.

13 കിലോയ്ക്കു മുകളിൽ ഭാരം വരുന്ന വാഹനത്തിന്റെ OEM സീറ്റുകളും അദ്ദേഹം എടുത്തു കളഞ്ഞു, അതിനു പകരം വെറും മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള പ്ലാസ്റ്റിക് സീറ്റുകളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഭാരം കൂട്ടുന്നവയെല്ലാം ഒമ്‌നിയിൽ നിന്ന് ജെയിൻ നീക്കം ചെയ്തു. ഓമ്‌നിയുടെ അണ്ടർബെല്ലി/ അടിവശം വെള്ളം കടക്കാത്ത തരത്തിൽ സജ്ജീകരിക്കുകയും ചെയ്തു.
ജിപ്‌സി ഗിയർബോക്‌സുമായി ജോടിയാക്കിയ 1,000 സിസി പെട്രോൾ സെന്നിന്റെ എഞ്ചിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ആംഫീബിയൻ ഓമ്‌നി പരീക്ഷിക്കുന്ന തടാകങ്ങൾക്കും പുഴകൾക്കും സമീപമുള്ള ചെളി നിറഞ്ഞ പ്രതലങ്ങളിൽ മികച്ച ഗ്രിപ്പ് ഉറപ്പാക്കാൻ അദ്ദേഹം ടയറുകൾ ചെറിയ റേഡിയസ് ട്രാക്ടർ-ടൈപ്പ് ടയറുകളാക്കി മാറ്റിയിട്ടുണ്ട് എങ്കിലും കാർ റോഡിലായിരിക്കുമ്പോൾ എഞ്ചിനും സാധാരണയായി തന്നെ പ്രവർത്തിക്കുന്നു.
ഓമ്‌നി വളരെ നോർമലായിട്ടാണ് വെള്ളത്തിലേക്ക് ഓടിച്ച് ഇറക്കുന്നത്, വെള്ളത്തിൽ ഇറങ്ങിയാൽ, ഫ്ലോറിൽ ഘടിപ്പിച്ചിരിക്കുന്ന 6.0 hp എഞ്ചിൻ ബോഡിക്ക് അടിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രൊപ്പല്ലറിന് പവർ നൽകുന്നു. വാനിൻ്റെ അടിഭാഗം തുരുമ്പെടുക്കാതിരിക്കാൻ സ്റ്റീൽ ഷീറ്റ് ഉപയോഗിച്ചാണ് മൂടിയിരിക്കുന്നത്. ഈ കാറിൻ്റെ ഫാബ്രിക്കേഷൻ ജോലികളിൽ ഭൂരിഭാഗവും ജെയിൻ തന്നെയാണ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
ഫ്രണ്ട് വീലുകൾ ഉപയോഗിച്ചാണ് സ്റ്റിയറിംഗ് നടത്തുന്നത് - സ്റ്റിയറിംഗ് വീൽ തിരിയുമ്പോൾ ഫ്രണ്ട് വീലുകൾ സാധാരണ പോലെ തിരിയുന്നു, കൂടാതെ അവ വെള്ളത്തിൽ വാനിനെ നയിക്കാൻ റഡ്ഡറുകൾ പോലെ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. ടയറുകൾ കാരണം വെള്ളത്തിൽ റെസിസ്റ്റൻസ് സൃഷ്ടിക്കുന്നുണ്ടെന്ന് ജെയിൻ സമ്മതിക്കുന്നു.

വെള്ളത്തിൽ നിന്ന് ഹൈഡ്രോളിക് സിസ്റ്റം എന്തെങ്കിലും ഉപയോഗിച്ച് വീലുകൾ വാഹനത്തിൻ്റെ ബോഡിയിലേക്ക് ഉയർത്താൻ കഴിഞ്ഞാൽ, വാട്ടർ റെസിസ്റ്റെൻസ് വളരെയധികം കുറയുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം, വെള്ളത്തിൽ ഓമ്‌നി സ്റ്റിയറിംഗ് ചെയ്യുന്നതിന് അദ്ദേഹത്തിന് മറ്റൊരു പരിഹാരം കണ്ടെത്തേണ്ടി വരും, ഒരുപക്ഷെ സ്റ്റിയറിംഗ് വീലിനെ ശരിയായ റഡ്ഡറുമായി കണക്ട് ചെയ്തേക്കാം.
മെക്കാനിക്കൽ കാര്യങ്ങളിൽ താൻ അത്ര മികവുള്ള ആൾ അല്ലെന്നും ഇതേ കാരണം കൊണ്ട് തന്നെ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വീഡിയോയിൽ പലതവണ പരാമർശിക്കുന്നുണ്ട്. തുടക്കത്തിൽ, എഞ്ചിൻ ഘടിപ്പിക്കുന്നതിനുള്ള ശരിയായ സ്പെയ്സ് കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഈ പ്രോജക്റ്റിന് വെയിറ്റ് ബാലൻസ് വളരെ നിർണായകമാണ്.

കൂടാതെ എഞ്ചിൻ ശരിയായി മൌണ്ട് ചെയ്യാത്തതിനാൽ അദ്ദേഹത്തിന് വൈബ്രേഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ പ്രാവശ്യം എഞ്ചിനുമായി ഒരു പ്രശ്നവും അദ്ദേഹം നേരിട്ടിട്ടില്ല. കാർ വെള്ളത്തിലായിരിക്കുമ്പോൾ അത് മുന്നോട്ട് കൊണ്ടുപോകാൻ ഒരു ജെറ്റ് സ്ഥാപിക്കാൻ അദ്ദേഹം ഇപ്പോൾ പദ്ധതിയിടുന്നു, അത് കാറിൻ്റെ പ്രവർത്തനരീതിയെ പൂർണ്ണമായും മാറ്റും എന്നും ജെയിൻ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, ജെറ്റ് പ്രൊപ്പൽഷൻ ബോട്ട് വെള്ളത്തിൽ ആയിരിക്കുമ്പോൾ ചലിപ്പിക്കുന്നതിന് ഹൈ rpm -കളിൽ വെള്ളം പുഷ് ചെയ്യുന്നു. കാർ അല്ലെങ്കിൽ ബോട്ട് ഉയർന്ന വേഗതയിൽ ഓടിക്കുമ്പോൾ ഇത് വളരെ നന്നായി പ്രവർത്തിക്കുന്നു. വേഗത കുറയുന്നത് അനനുസരിച്ച്, അത് സ്റ്റിയർ ചെയ്യാൻ പ്രയാസമാണ്.

ഈ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്യാനുള്ള ഒരു ആശയവുമായി ജെയിൻ എത്തുമെന്നും ഈ പ്രോജക്റ്റ് ഉടൻ പൂർത്തിയാവുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ റോഡ് ലീഗലാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങാനും പ്രകൃതിദുരന്തങ്ങൾ മറ്റോ ഉണ്ടാകുമ്പോൾ ഒരു റെസ്ക്യൂ വാഹനമായി ഉപയോഗിക്കുന്നതിനുള്ള അനുമതി നേടാനും അദ്ദേഹം പദ്ധതിയിടുന്നു.


Click it and Unblock the Notifications