മൈലേജില്‍ 'അമേസിംഗ്' ആകും അമേസ്! 78000 രൂപക്ക് 'ഒഫീഷ്യലായി' സിഎന്‍ജിയാക്കി ഹോണ്ട ഡീലര്‍മാര്‍
സിഎന്‍ജി കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക കാര്‍ നിര്‍മ്മാതാക്കളും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നിരവധി ജനപ്രിയ കാറുകള്‍ പുറത്തിറക്കുന്ന ഹോണ്ട ഇതുവരെ ഇത്തരം പദ്ധതികളിലേക്ക് കടക്കാത്തത് ആരാധകരെ നിരശപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഇന്ന് വില്‍പ്പനക്കെത്തുന്ന ഏറ്റവും മികച്ച സെഡാന്‍ മോഡലുകളിലൊന്നാണ് ഹോണ്ട അമേസ്. ഇപ്പോള്‍ അമേസ് സിഎന്‍ജിയില്‍ വന്നിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഹോണ്ടയുടെ ചില ഔദ്യോഗിക ഡീലര്‍മാര്‍ അമേസ് അടക്കമുള്ള മോഡലുകളില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ നിരവധിയാളുകളാണ് ബദല്‍ ഇന്ധനങ്ങളിലേക്ക് ചുവടുമാറുന്നത്. ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസന ഘട്ടത്തില്‍ മാത്രമായതിനാല്‍ ഒത്തിരിപേര്‍ സിഎന്‍ജി പറ്റിയ ഓപ്ഷനായി കാണുന്നു. തുടക്കത്തില്‍ മുടക്കേണ്ട പണം താരതമ്യേന കുറവാണെന്നതും ഇന്ധനം നിറയ്ക്കാന്‍ കുറഞ്ഞ സമയം മതിയെന്നതും സിഎന്‍ജിയിലേക്ക് ആളുകളെ അടുപ്പിക്കുന്നു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നീ കമ്പനികള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകളുമായി വരുന്ന കാറുകളാണ് വിപണിയില്‍ എത്തിക്കുന്നത്.

ഇതില്‍ തന്നെ ടാറ്റയുടെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സിഎന്‍ജി കാറുകളുടെ കാര്യത്തില്‍ ഹോണ്ട വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് തോന്നുന്നത്. ആഫ്റ്റര്‍മാര്‍ക്കറ്റ് സിഎന്‍ജി കിറ്റ് 'ഒഫീഷ്യലായി' നല്‍കുകയാണ് ഹോണ്ട ഡീലര്‍മാര്‍. അതായത് സിഎന്‍ജി കിറ്റുകള്‍ ഫാക്ടറി ഫിറ്റഡ് ആയിട്ടല്ല മറിച്ച് ഡീലര്‍ഷിപ്പ് ലെവലിലാണ് വരുന്നതെന്ന് സാരം. ഇപ്പോള്‍ അമേസ് കാര്‍ മോഡലില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കുന്ന സൗകര്യം ആരംഭിച്ചു.
അതേസമയം, ചില ഡീലര്‍മാര്‍ മാത്രമാണ് ഈ സൗകര്യം ചെയ്ത് കൊടുക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ബേണറ്റിന് കീഴില്‍ സിഎന്‍ജി ഫില്ലറോ മറ്റോ വെച്ചിട്ടുള്ള പരിപാടിയല്ല ഇത്. സിഎന്‍ജി ഫില്ലര്‍ ഫ്യുവല്‍ ഫില്ലറിന് താഴെ ആയതിനാല്‍ ഫാക്ടറി ഫിറ്റഡ് ആണെന്ന് തോന്നും. യുഎസ്ബി പോര്‍ട്ടുകള്‍ക്ക് അരികിലുള്ള സെന്റര്‍ കണ്‍സോളില്‍ സിഎന്‍ജി ലെവല്‍ ഇന്‍ഡിക്കേറ്ററിനൊപ്പം 60 ലിറ്റര്‍ സിഎന്‍ജി ടാങ്കും അമേസിന് ലഭിക്കുന്നു. സിഎന്‍ജി സിലിണ്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബൂട്ട് സ്‌പേസ് ചെറുതായി കുറയും.

ഏതായാലും ഹോണ്ട ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ലെവാട്ടോയില്‍ നിന്നുള്ള സിഎന്‍ജി കിറ്റുകളാണ് നിലവില്‍ അമേസ് സെഡാനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കാറുകളില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് 78000 രൂപയാണ് ഈടാക്കുന്നതെന്ന് അമേസ് സിഎന്‍ജിയുടെ വാക്ക് എറൗണ്ട് വീഡിയോ ചെയ്ത യൂട്യൂബറായ അനുഭവ് ചൗഹാന്‍ വിശദീകരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സുള്ള അമേസ് കാറുകളില്‍ മാത്രമാണ് ഇപ്പോള്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ സൗകര്യമുള്ളത്.
ശ്രദ്ധേയമായ മറ്റൊരു സംഗതി എന്തെന്നാല്‍ ഹോണ്ട കാര്‍ ഡീലര്‍മാര്‍ ഈ സിഎന്‍ജി കിറ്റിന് ഒരു വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നുവെന്നതാണ്. നിലവില്‍ 7.28 ലക്ഷം രൂപ മുതലാണ് ഹോണ്ട അമേസിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് 10.04 ലക്ഷം രൂപ വരെ മുടക്കണം. എക്സ്‌ഷോറൂം വിലകളാണിത്. മൊത്തം നാല് വ്യത്യസ്ത വേരിയന്റുകളില്‍ ഹോണ്ട അമേസ് വാങ്ങാം. E, S, VX, VX എലൈറ്റ് എഡിഷന്‍ എന്നിവയാണ് അവ.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ് ഈ കാറിന് തുടിപ്പേകാന്‍ എത്തുന്നത്. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 89 bhp പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പവര്‍ഔട്ട്പുട്ടുകള്‍ എത്രയാണെന്ന വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 5-സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുമായാണ് ഹോണ്ട അമേസ് വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി കിറ്റ് ഘടിപ്പിച്ച അമേസ് സാധാരണ പെട്രോള്‍ മോഡലുകളേക്കാള്‍ മികച്ച മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഹോണ്ട പുറത്തുവിട്ടിട്ടില്ല. ഈ കിറ്റുകള്‍ ഹോണ്ട സിറ്റിയിലും എലിവേറ്റിലും ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുമെന്നും യൂട്യൂബര്‍ വിശദീകരിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഈ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം. നിലവിലുള്ള ഹോണ്ട കാറുകളില്‍ പോലും ലൊവാറ്റോയില്‍ നിന്നുള്ള ഈ സിഎന്‍ജി കിറ്റ് ഹോണ്ട ഡീലര്‍ഷിപ്പുകള്‍ റെട്രോഫിറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








