മാരുതിക്ക് വലിയൊരു സിഗ്‌നല്‍ നല്‍കി ഹോണ്ട! അമേസ് ടീസറില്‍ ഒളിഞ്ഞിരിക്കുന്ന 'സ്‌പെഷ്യല്‍' ഫീച്ചര്‍
ഇന്ത്യക്കാര്‍ ഇപ്പോള്‍ മൊത്തം സംസാരിക്കുന്നത് ഒരു മാരുതി സുസുക്കി കാറിനെ കുറിച്ചാണ്. അത് മറ്റേതുമല്ല നാലാം തലമുറ മാരുതി സുസുക്കി ഡിസയര്‍ ആണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ കാര്‍ എന്ന ഖ്യാതി സ്വന്തമാക്കിയ ഡിസയര്‍ വില നിര്‍ണയത്തിന്റെ കാര്യത്തിലും ഞെട്ടിച്ചിരുന്നു. 6.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വരുന്ന ഡിസയറിന്റെ മൈലേജും എടുത്ത് പറയേണ്ട സംഗതിയാണ്. പെട്രോള്‍ മോഡില്‍ മാത്രം 25.71 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്ന ഡിസയര്‍ അവിടെയും എതിരാളികളെ കവച്ച് വെക്കുന്നു.
പുത്തന്‍ ഡിസയറിന്റെ എതിരാളിയായി വരുന്ന അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കാര്യത്തില്‍ ഹോണ്ടയും നല്ല കോണ്‍ഫിഡന്‍സിലാണ്. ഡിസയറിന്റെ ബുക്കിംഗ് ആരംഭിച്ച ദിവസം ടീസര്‍ പുറത്തുവിട്ടും ലോഞ്ചിന്റെ അന്ന് ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ടും ഹോണ്ട അത് കാണിച്ചതുമാണ്. വരാനിരിക്കുന്ന സെഡാന്‍ മോഡലിന്റെ എക്‌സ്റ്റീരിയറിന്റെയും ഇന്റീരിയറിന്റെ ഫസ്റ്റ് ലുക്കില്‍ നിന്ന് എതിരാളിക്കാള്‍ മുന്‍തൂക്കം നല്‍കുന്ന ഒരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചര്‍ ഉള്ളത് തന്നെയാണ് ഈ ആത്മവിശ്വാസത്തിന് പിന്നില്‍. അത് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

പുതിയ തലമുറ അമേസ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (ADAS) ഫീച്ചറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്ട് സെഡാന്‍ സെഗ്‌മെന്റില്‍ ആദ്യമായാണ് ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ച കാര്‍ വരാന്‍ പോകുന്നത്. അമേസ് മത്സരിക്കുന്ന സെഗ്‌മെന്റിന് തൊട്ടുമുകളിലാണ് ADAS സാധാരണയായി കാണാറുള്ളത്. മാരുതി ഡിസയര്‍, ഹ്യൂണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നീ എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നേടാന്‍ ഇതുവഴി ഹോണ്ട അമേസിന് സാധിക്കും.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോണ്ട പുത്തന്‍ അമേസിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ടത്. കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ അപ്‌ഡേറ്റുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ ചിത്രങ്ങള്‍. ബേബി എലിവേറ്റ് ലുക്കിലാണ് സെഡാന്റെ ഫ്രണ്ട് ഭാഗം കാണപ്പെടുന്നത്. പുരികം പോലെയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പുതിയ ഹെഡ്ലാമ്പുകള്‍, മെലിഞ്ഞ ക്രോം ട്രിം ഹെഡ്ലൈനുകള്‍ എന്നിവയെല്ലാം എലിവേറ്റിന്റേതിന് സമാനമാണ്.

ഷാര്‍പ്പ് ലുക്കിംഗുള്ള ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പും സെന്‍ട്രല്‍ എയര്‍ ഡാമും പുത്തന്‍ അമേസിന് സ്‌പോര്‍ട്ടിയര്‍ ലുക്ക് സമ്മാനിക്കുന്നു. ഷാര്‍പ്പ് ആയിട്ടുള്ള ക്യാരക്ടര്‍ ലൈനുകളാണ് വശങ്ങളിലൂടെ നീങ്ങുമ്പോള്‍ കണ്ണിലുടക്കുക. പിന്നിലേക്ക് വന്നാല്‍ നമ്പര്‍ പ്ലേറ്റ് ഹൗസിന് ചുറ്റുമുള്ള ടെയില്‍ ലാമ്പുകളുടെ രൂപമടക്കം ചേട്ടനായ സിറ്റി മിഡ്-സൈസ് സെഡാന് സമാനമാണ്.
അകത്തളത്തില്‍ മള്‍ട്ടി സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയര്‍ സ്‌കെച്ചിലെ സെമി-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയിലാണ് ADAS ഫീച്ചര്‍ ഭാഗികമായി ദൃശ്യമാകുന്നത്. സിറ്റി, എലിവേറ്റ് തുടങ്ങിയ മറ്റ് ഹോണ്ട മോഡലുകളില്‍ നിന്നായിരിക്കും പുതിയ അമേസ് ADAS ഫീച്ചര്‍ കടംകൊള്ളുക. എന്നാല്‍ ഹോണ്ട ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ADAS അല്ലെതെ പുതിയ അമേസില്‍ മറ്റ് നിരവധി ഫീച്ചറുകളും ഹോണ്ട ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

എലിവേറ്റ് എസ്യുവിയില്‍ നിന്നുള്ള വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, വയര്‍ലെസ് കണക്റ്റിവിറ്റി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവ അമേസിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ എത്തിയേക്കും. പുത്തന്‍ അമേസിനെ അമേസിംഗ് ആക്കാനായി ഇലക്ട്രിക് സണ്‍റൂഫും ഹോണ്ട വാഗ്ദാനം ചെയ്‌തേക്കും. സുരക്ഷക്കായി സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകളും 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
അകത്തും പുറത്തും വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അമേസിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങള്‍ കാണില്ല. 88 bhp പവറംേ 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും കാറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ പറ്റും. ഡിസംബര്‍ നാലിനാണ് പുതിയ അമേസിന്റെ വില പ്രഖ്യാപനം. ഏതായാലും ഡിസയറിനോട് മുട്ടിനില്‍ക്കാന്‍ മത്സരാധിഷ്ഠിത വില തന്നെയാകും അമേസിന് ഹോണ്ട നല്‍കുക.


Click it and Unblock the Notifications








