മാരുതി അത്രകണ്ട് അഹങ്കരിക്കേണ്ട ഡിസയറിനിട്ടുള്ള മുട്ടൻ പണി ദേ മൂടുപടമില്ലാതെ റോഡിൽ; അമേസിംഗ് അമേസ്
മാരുതി ഡിസയർ അടുത്തിടെ സൃഷ്ടിച്ച ഓളത്തിനും കോളിളക്കത്തിനും ഒരു മറു പണിയുമായി ഹോണ്ട തയ്യാറെടുക്കുകയാണ്. ഡിസയറിന്റെ ലുക്സ് & 5 -സ്റ്റാർ സേഫ്റ്റിയ്ക്കുമേൽ ഒരു വജ്രായുധവുമായിട്ടാവും ജാപ്പനീസ് വാഹന ഭീമന്റെ പുത്തൻ അമേസ് എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേസ് സബ് കോംപാക്ട് സെഡാൻ്റെ വരാനിരിക്കുന്ന ന്യൂ ജോൻ മോഡലിന്റെ ഏതാനും സ്‌കെച്ചുകൾ ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ സ്കെച്ചുകൾ തന്നെ ഇന്ത്യൻ വിപണിയെ ആവേശഭരിതരാക്കിയിരുന്നു. വാഹനത്തിന്റെ ഡിസൈന് ഒരു പോസിറ്റീസ് ഫീഡ്ബാക്ക് തന്നെയാണ് ലഭിച്ചത്.
അടുത്തിടെ, കാര്യമായ മൂടുപടങ്ങൾ ഒന്നുമില്ലാത്ത, ഏറ്റവും പുതിയ മൂന്നാം തലമുറ ഹോണ്ട അമേസ് റോഡിൽ ക്യാമറ കണിൽപ്പെട്ടിരുന്നു, പ്രൊഡക്ഷൻ സ്പെക്ക് മോഡൽ എങ്ങനെയായിരിക്കും എന്ന് ഇത് വ്യക്തമായി വെളിപ്പെടുത്തുന്നു. ഇതിൽ നിന്ന് പുതിയ അമേസ് അതിൻ്റെ ഡിസൈനിൻ്റെ കാര്യത്തിൽ ഭൂരിഭാഗവും അതിൻ്റെ മൂത്ത സഹോദരനായ ഹോണ്ട സിറ്റിയിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് മനസിലാക്കാം.

ഈ ചിത്രങ്ങളിൽ നിന്ന്, ഹോണ്ട തങ്ങളുടെ ജനപ്രിയ സബ് -കോംപാക്ട് സെഡാൻ്റെ എക്സ്റ്റേണൽ രൂപകൽപ്പന അടിമുടി പരിഷ്കരിച്ചതായി നമുക്ക് മനസ്സിലാക്കാം. ഡിസംബർ നാലിന് കോംപാക്ട് സെഡാൻ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. വാഹനത്തിനായുള്ള അനൗദ്യോഗികമായ ബുക്കിംഗുകൾ ഇതിനോടകം പലയിടത്തും ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മുൻവശത്ത് നിന്ന് ആരംഭിച്ചാൽ, ഈ സെഡാൻ്റെ മുൻഭാഗം മുഴുവൻ ഹോണ്ട അപ്പ്ഡേറ്റ് ചെയ്തും എന്ന് നമുക്ക് കാണാം. വാഹനത്തിന് ചങ്കി എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. കൂടാതെ, പൂർണ്ണമായും പുതിയ ഫ്രണ്ട് ബമ്പറും അതോടൊപ്പം എൽഇഡി ഫോഗ് ലൈറ്റുകളും വരുന്നു. എന്നിരുന്നാലും, രാത്രിയിൽ എടുത്തതിനാൽ ഈ പ്രത്യേക ചിത്രത്തിൽ നിന്ന് മുഴുവൻ രൂപകൽപ്പനയും വ്യക്തമായി കാണാൻ കഴിയില്ല.
മുൻവശത്തെ ഹോണ്ടയുടെ ലോഗോ മറച്ചിരിക്കുന്നതായി നമുക്ക് നിരീക്ഷിക്കാം. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, മൊത്തത്തിലുള്ള ബോൾഡ് ഷോൾഡർ ലൈൻ നിലനിർത്തിയിരിക്കുന്നതായി കാണാം, അത് നിലവിലെ തലമുറ മോഡലിന് ഏറെ കുറെ സമാനമാണ്. എന്നിരുന്നാലും, പുതിയത് ഡയമണ്ട് കട്ട് അലോയി വീലുകളാണ് മറ്റൊരു പ്രധാന അപ്പ്ഡേറ്റ്.
ഹോണ്ട സിറ്റിയിൽ കാണുന്ന വീലുകൾക്ക് സമാനമാണ് ഇവ. ഇതുകൂടാതെ, ഈ ചിത്രങ്ങളിൽ നമുക്ക് കുറച്ചുകൂടി വ്യക്തമായി കാണാൻ കഴിയുന്നത് പിൻഭാഗത്തെ ഡിസൈനും മറ്റ് വിശദാംശങ്ങളുമാണ്. പുതിയ എൽഇഡി ടെയിൽലൈറ്റുകളുടെ സെറ്റാണ് പിന്നിലെ മാറ്റങ്ങളിലെ പ്രധാന ഹൈലൈറ്റ്. അവയും ഏതാണ്ട് ഹോണ്ട സിറ്റിയിൽ വരുന്നതിന് സമാനമാണ്.

റിയർ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. മുന്നിലേയും പിന്നിലേയും ലോഗോകൾ മറച്ചിട്ടുണ്ട്. മൊത്തത്തിൽ, പുതിയ തലമുറ അമേസ് ഹോണ്ട സിറ്റിയുടെ ഒരു കുഞ്ഞൻ പതിപ്പ് പോലെ തന്നെ കാണപ്പെടുന്നു, ഇത് ഇതിനകം തന്നെ വിപണിയിൽ ജനപ്രിയമായ ഈ സബ്-കോംപാക്ട് സെഡാന് ഈ അപ്പ്ഡേറ്റ് തീർച്ചയായും നല്ലതാണ്.
വരാനിരിക്കുന്ന ഹോണ്ട അമേസിൻ്റെ ഇൻ്റീരിയറിൻ്റെ സ്പൈ ചിത്രങ്ങളൊന്നു ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, കോംപാക്ട് എസ്‌യുവി സഹോദരനായ എലിവേറ്റിൽ നിന്ന് അല്പം പ്രചോദനം ഉൾക്കൊണ്ടാവും ഇത് സജ്ജീകരിക്കുന്നത് എന്ന് കമ്പനി പുറത്തുവിട്ട രേഖാചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ലേയൗട്ട് വളരെ ചുരുങ്ങിയതായിരിക്കും, എന്നാൽ മോഡേൺ യുഗത്തിലെ എല്ലാ അവശ്യ ഫീച്ചറുകളും ഇതോടൊപ്പം ലഭിക്കും.
ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്. അതോടൊപ്പം മിക്കവാറും, പുതിയ അമേസിന് ഒരു പാർട്ട് ഡിജിറ്റൽ, പാർട്ട് അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ലഭിക്കും. ഹോണ്ട സിറ്റി, എലിവേറ്റ് എന്നിവയിൽ നമ്മൾ ഇപ്പോൾ കാണുന്ന പുതിയ സ്റ്റിയറിംഗ് വീലും ഇതിൽ ഉണ്ടാകും.
നിലവിലെ തലമുറ മോഡലിൻ്റെ അതേ എഞ്ചിൻ ഓപ്ഷൻ ഹോണ്ട ഇതിൽ നിലനിർത്തും എന്നാണ് റിപ്പോർട്ട്. ഈ 1.2 ലിറ്റർ ഫോർ സിലിണ്ടർ i-VTEC പെട്രോൾ എഞ്ചിൻ യൂണിറ്റ് അമേസിന് 88.5 bhp മാക്സ് പവറും 110 Nm ടോർക്കും പുറപ്പെടുവിക്കുന്നു. അഞ്ച് -സ്പീഡ് മാനുവൽ, CVT ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
Source: MotorOctane/Threads


Click it and Unblock the Notifications








