27 കി.മീ മൈലേജുള്ള 5 സീറ്റര്‍ കാര്‍ 90000 രൂപ കുറച്ച് വാങ്ങാം! വണ്ടി ഹോണ്ട ഷോറൂമിലോട്ട് വിട്ടോ...
ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ കാറുകള്‍ക്കുള്ള ഓഫറുകള്‍ക്ക് അന്ത്യമായിട്ടില്ല. 2024 ഒക്‌ടോബറില്‍ ഒട്ടുമിക്ക വാഹന ബ്രാന്‍ഡുകളും വില്‍പ്പനയില്‍ നേട്ടമണ്ടാക്കിയിരുന്നു. എന്നാല്‍ ഉത്സവകാലം ലക്ഷ്യമിട്ട് ഉത്പാദിപ്പിച്ച ലക്ഷക്കണക്കിന് കാറുകള്‍ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. യാര്‍ഡുകള്‍ കാലിയാക്കാനായി പല കമ്പനികളും ഉത്സവകാലത്തിന് ശേഷവും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ മോഡല്‍ നിരയില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉത്സവകാല ഓഫറില്‍ കാര്‍ വാങ്ങാന്‍ സാധിക്കാതെ നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു മികച്ച അവസരമാണിത്.
ഹോണ്ട സിറ്റി, അമേസ്, എലിവേറ്റ് എന്നീ കാറുകളുടെ 2024 മോഡലുകള്‍ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ വിറ്റ് തീര്‍ക്കാനാണ് ഓഫറിട്ടത്. മറ്റ് കമ്പനികളെ പോലെ ഓഫറുകള്‍ ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പറേറ്റ് ആനുകൂല്യങ്ങള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിങ്ങനെ വിഭജിച്ചിട്ടില്ല. എന്നിരുന്നാലും നവംബറില്‍ ഹോണ്ട കാറുകള്‍ വാങ്ങുന്നവര്‍ക്ക് 1 ലക്ഷം രൂപയ്ക്ക് മുകളില്‍ ലാഭിക്കാനാകും. ഇപ്പോള്‍ ഹോണ്ട കാറുകള്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ മോഡല്‍ തിരിച്ച് ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അത് ചുവടെ വായിക്കാം.

ഹോണ്ട സിറ്റി: ജനപ്രിയ മിഡ്‌സൈസ് സെഡാനായ ഹോണ്ട സിറ്റി ഇൗ മാസം 1.07 ലക്ഷം രൂപ വരെ കിഴിവില്‍ വാങ്ങാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് സിറ്റിയുടെ ഓഫറില്‍ മാറ്റമുണ്ട്. 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് ലഭിക്കാത്ത സിറ്റി മോഡലുകള്‍ വമ്പന്‍ ഡിസ്‌കൗണ്ടിലാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. ZX വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കുക. മറ്റ് വേരിയന്റുകള്‍ക്ക് 92,300 രൂപ വരെ ഓഫറുണ്ട്.
സിറ്റി ഹൈബ്രിഡ് ഈ മാസം 90000 രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം. 121 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിറ്റിക്ക് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. അഞ്ചാം തലമുറ സിറ്റി സെഡാന്റെ വില 11.82 ലക്ഷം മുതല്‍ 16.35 ലക്ഷം രൂപ വരെയാണ്.

സിറ്റി ഹൈബ്രിഡ് വേണ്ടവര്‍ 19 ലക്ഷം മുതല്‍ 20.55 ലക്ഷം രൂപ വരെ മുടക്കാന്‍ തയാറാകണം. എക്‌സ്‌ഷോറൂം വിലകളാണിത്. ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നിവയാണ് എതിരാളികള്‍. ഹോണ്ട സിറ്റിയുടെ പുത്തന്‍ പതിപ്പും അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുകയാണ്. പുതിയ മോഡല്‍ ഇപ്പോള്‍ ബ്രസീലിയന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്.
ഹോണ്ട അമേസ്: കോംപാക്ട് സെഡാന്റെ നിലവിലെ തലമുറ മോഡല്‍ ആറ് വര്‍ഷമായി വിപണിയിലുണ്ട്. വമ്പന്‍ അപ്‌ഡേറ്റുകളുമായി അമേസിന്റെ പുത്തന്‍ പതിപ്പ് അടുത്ത വര്‍ഷം തുടക്കത്തില്‍ വിപണിയില്‍ എത്താന്‍ പോകുകയാണ്. അമേസിന്റെ ഏറ്റവും വലിയ എതിരാളിയായ മാരുതി സുസുക്കി ഡിസയറിന്റെ പുതിയ തലമുറ മോഡല്‍ ഈ മാസം വിപണിയില്‍ എത്താന്‍ പോകുന്നതിനാല്‍ മത്സരം കടുക്കും.

വിശാലമായ ക്യാബിനും മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ലഭിക്കുന്ന അമേസിന് കഴിഞ്ഞ മാസം മൊത്തം 1.12 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളായിരുന്നു ഹോണ്ട വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 2024 ഡിസയര്‍ അരങ്ങേറുന്ന നവംബറില്‍ കിഴിവുകള്‍ 1.26 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7.20 ലക്ഷം മുതല്‍ 9.96 ലക്ഷം രൂപ വരെയാണ് അമേസിന്റെ വില.
എലിവേറ്റ്: ഹോണ്ട ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക എസ്‌യുവിയായ എലിവേറ്റിന്റെ ഓഫറും ഉയര്‍ന്നിട്ടുണ്ട്. നവംബറില്‍ എലിവേറ്റിന്റെ കിഴിവുകള്‍ 75,000 രൂപയില്‍ നിന്ന് 11,100 രൂപ വര്‍ധിപ്പിച്ച് 86,100 രൂപയാക്കിയിട്ടുണ്ട്. ZX വേരിയന്റിന് 86,100 രൂപ വരെയും മറ്റ് വേരിയന്റുകള്‍ക്ക് 76,100 രൂപ വരെയും ആനുകൂല്യങ്ങള്‍ നേടം. മാത്രമല്ല സ്‌പെഷ്യല്‍ എക്‌സ്റ്റീരിയര്‍ കിറ്റുമായി വരുന്ന എസ്‌യുവിയുടെ അപെക്‌സ് എഡിഷന്റെ വിലയും കുറഞ്ഞിട്ടുണ്ട്.
എലിവേറ്റ് അപെക്‌സ് എഡിഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 56,100 രൂപ വരെ ലാഭിക്കാനാകും. സിറ്റി സെഡാന്റെ അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന്റെയും ഹൃദയം. മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ഇതും വാങ്ങാം. എലിവേറ്റിന്റെ വില 11.69 ലക്ഷം മുതല്‍ 16.71 ലക്ഷം രൂപ വരെ പോകുന്നു. മുകളില്‍ പറഞ്ഞ ഓഫറുകള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്. സ്‌റ്റോക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications








