ജപ്പാൻകാരന് ഇവികളിലേക്ക് മാത്രമല്ല ഹൈഡ്രജൻ കാറുകളിലേക്കും കണ്ണ്! CR-V e:FCEV അവതരിപ്പിച്ച് ഹോണ്ട
ഫോസിൽ ഫ്യുവലുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിൽ മറ്റ് ഇതര ഫ്യുവൽ അല്ലെങ്കിൽ പവർട്രെയിൻ ഓപ്ഷനുകളിലേക്ക് ലോകമെമ്പാടുമുള്ള മിക്ക വാഹന നിർമ്മാതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പലരും ക്ലീൻ & ഗ്രീൻ ചോയിസായ ഇവികളിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ചില വാഹന നിർമ്മാതാക്കൾ മികവുറ്റ ഹൈബ്രിഡ് മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജാപ്പനീസ് വാഹന ഭീമനായ ഹോണ്ടയും തങ്ങളുടെ മോഡൽ നിരയിൽ ഹൈബ്രിഡ് മോഡലുകളിൽ ഫോക്കസ് ചെയ്യുകയാണ്. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന മോഡലുകൾ വികസിപ്പിക്കുന്നതിനും ബ്രാൻഡ് ഒട്ടും പിന്നിൽ അല്ല. തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായി CR-V -യ്ക്ക് ഒരു ഹൈഡ്രജൻ ഫ്യുവൽ സെൽ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

നിലവിൽ യു എസ് വിപണിയിലാണ് നിർമ്മാതാക്കൾ ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 2025 മോഡൽ ഹോണ്ട CR-V e:FCEV -ക്ക് ഒരു പ്രത്യേക ആരാധകവൃന്ദം കണ്ടെത്താൻ കഴിയും എന്ന് ഹോണ്ട വിശ്വസിക്കുന്നു. പ്യുവർ ബാറ്ററി -ഇലക്‌ട്രിക് വാഹനങ്ങളേക്കാൾ ഹൈബ്രിഡ് പവർട്രെയിനുകൾ യുഎസ് കാർ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമാണെന്ന് തെളിയിക്കുന്നതാണ് ഹോണ്ടയുടെ ആത്മവിശ്വാസം.
ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനത്തിന് 29 മൈൽ (46 കിലോമീറ്റർ) ഓൾ ഇലക്‌ട്രിക് ഡ്രൈവിംഗ് റേഞ്ച് ഉൾപ്പെടുന്ന 270 മൈൽ, ഏകദേശം 435 കിലോമീറ്റർ EPA റേറ്റഡ് ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. ജനറൽ മോട്ടോർസുമായി സഹകരിച്ച് ഹോണ്ട വികസിപ്പിച്ചെടുത്ത ഒരു കോംപാക്ട് ക്രോസ്ഓവർ എസ്‌യുവിയാണ് CR-V e:FCEV എന്നത്.

മിഷിഗണിലെ ഇരു കമ്പനികളുടെ ഫ്യുവൽ സെൽ സിസ്റ്റം മാനുഫാക്ചറിംഗ് (FCSM) സംയുക്ത സംരംഭം നിർമ്മിക്കുന്ന ഫ്യുവൽ സെൽ മൊഡ്യൂളുകൾ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ വർഷാവസാനം വിപണിയിൽ വാഹനം ലീസിന് ലഭ്യമാകും, എന്നാൽ വിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഫ്യുവൽ സെൽ മൊഡ്യൂളുകൾ 174 bhp പരമാവധി കരുത്തും 310 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 92.2 kW പവർ പുറപ്പെടുവിക്കുന്നു. ബാറ്ററിക്ക് 17.7 kWh എനർജി കപ്പാസിറ്റിയുണ്ട്, ഒരു സാധാരണ വോൾ ഔട്ട്‌ലെറ്റ് വഴിയോ ലെവൽ 2 ചാർജറിലൂടെയോ വാഹനം റീചാർജ് ചെയ്യാം. ചെറിയ വീട്ടുപകരണങ്ങൾക്കോ ക്യാമ്പിംഗ് ഉപകരണങ്ങൾക്കോ വേണ്ടി 1.5 kW പവർ നൽകിക്കൊണ്ട് FCEV-ക്ക് ബൈ ഡയറക്ഷണൽ ചാർജിംഗ് കഴിവുകൾ ഉണ്ടായിരിക്കും എന്നതും ശ്രദ്ധേയമാണ്.

വാഹനത്തിന്റെ വിലപ്പത്തിന്റെ കാര്യം നോക്കിയാൽ, ഇത് ബേസിക്കായി ഒരു CR-V ആണ്, അതിനാൽ വിശാലമായ സ്പെയ്സ് പ്രതീക്ഷിക്കരുത്. 2024 -ലെ ഗ്യാസൊലിൻ പവർ മോഡലിന് സമാനമായ 2700 mm വീൽബേസാണ് ഇതിനുമുള്ളത്, മൊത്തത്തിൽ 4765 mm നീളവും അളക്കുന്നു. പവർട്രെയിനിൽ വന്നിരിക്കുന്ന അപ്പ്ഡേറ്റുകൾ അല്ലാതെ ഡിസൈനിലും മറ്റ് ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളും വ്യത്യാസങ്ങളും വാഹനത്തിൽ ഹോണ്ട നൽകയിട്ടുണ്ട് എന്ന് തോന്നുന്നില്ല.
ഹൈഡ്രജൻ ഫ്യൂവലിംഗ് സ്റ്റേഷൻ വിവരങ്ങൾ ഉൾപ്പെടുന്ന കമ്പനിയുടെ കണക്റ്റഡ് ആപ്പായ ഹോണ്ട ലിങ്ക് FCEV -ൽ സ്റ്റാൻഡേർഡ് ആയി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ടയുടെ പുതിയ എസ്‌യുവി സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റേഷൻ കണ്ടെത്തുന്നത് പ്രധാന വെല്ലുവിളികളിൽ ഒന്നായിരിക്കും. ഹൈഡ്രജൻ ഫ്യുവൽ സ്റ്റേഷനുകളുടെ കൃത്യമായ നെറ്റ്‌വർക്ക് ഇല്ലാത്തതാണ് ഇന്നും ഈ ടെക്നോളജി കാര്യമായ നിലയിൽ പല വാഹന നിർമ്മാതാക്കളും ഉപയോഗിക്കാത്തത് എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








