മെയിഡ് ഇന്‍ ഇന്ത്യ എലിവേറ്റിനായി വിദേശത്ത് 'ഉന്തുംതള്ളും'! കയറ്റുമതി ആഭ്യന്തര വില്‍പ്പനയേക്കാള്‍ ഇരട്ടി
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടക്ക് ഇന്ത്യയില്‍ വീണ്ടും ജീവശ്വാസമേകിയ മോഡലാണ് എലിവേറ്റ് എസ്‌യുവി. 2023 സെപ്റ്റംബറിലാണ് ഈ മിഡ്‌സൈസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങി ആദ്യ മാസങ്ങളില്‍ കാറിന് ശക്തമായ ഡിമാന്‍ഡ് ആയിരുന്നു അനുഭവപ്പെട്ടത്. ലോഞ്ച് ചെയ്ത് ആദ്യ അഞ്ച് മാസങ്ങളില്‍ ശരാശരി 4,500 യൂണിറ്റുകള്‍ വിറ്റഴിച്ച് ശക്തമായ വില്‍പ്പനയാണ് മോഡല്‍ നേടിയെടുത്തത്. എന്നിരുന്നാലും, 2024 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ, വില്‍പ്പന പ്രതിമാസം ശരാശരി 2,380 യൂണിറ്റായി കുറഞ്ഞു. ആഭ്യന്തര ഡിമാന്‍ഡില്‍ ഈ കുറവുണ്ടെങ്കിലും കയറ്റുമതി കണക്കുകള്‍ ഹോണ്ടക്ക് ആശ്വാസം പകരുന്നു.
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഹോണ്ട എലിവേറ്റിന്റെ 5,435 യൂണിറ്റുകളാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഇതേ കാലയളവില്‍ 46,402 യൂണിറ്റുകള്‍ വിറ്റ് ഹ്യുണ്ടായി ക്രെറ്റ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 27,066 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര രണ്ടാം സ്ഥാനത്തെത്തി. കിയ സെല്‍റ്റോസും (19,776 യൂണിറ്റുകള്‍), ടൊയോട്ട ഹൈറൈഡറുമാണ് (11,433 യൂണിറ്റുകള്‍) നിലവില്‍ വില്‍പ്പനയില്‍ എലിവേറ്റിന് മുന്നിലുള്ളത്.

ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ (4,838), സ്‌കോഡ കുഷാഖ് (3,514), എംജി ആസ്റ്റര്‍ (2,948) എന്നിവര്‍ പിറകിലുമുണ്ട്. ആഭ്യന്തര വില്‍പ്പനയില്‍ മുന്നിലില്ലെങ്കിലും എലിവേറ്റിന്റെ ബലത്തില്‍ ഹോണ്ട കയറ്റുമതിയില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 2024 ജൂണില്‍ ഹോണ്ട 18,009 കാറുകളാണ് കപ്പല്‍ കയറ്റി വിട്ടത്. മുന്‍ വര്‍ഷത്തെ 5,508 യൂണിറ്റിനെ അപേക്ഷിച്ച് 256 ശതമാനമാണ് വളര്‍ച്ച.
2023 ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഹോണ്ട മൊത്തം 61,863 എലിവേറ്റുകളാണ് കയറ്റുമതി ചെയ്തത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മാത്രം ഹോണ്ട 10,659 മെയ്ഡ് ഇന്‍ ഇന്ത്യ എലിവേറ്റുകളാണ് ജപ്പാനിലേക്ക് അയച്ചത്. ഈ കയറ്റുമതി കണക്ക് ആഭ്യന്തര വില്‍പ്പനയുടെ ഇരട്ടിയാണെന്ന് ഓര്‍ക്കണം. കൂടാതെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ യൂട്ടിലിറ്റി വാഹന കയറ്റുമതിക്കാരായി സ്ഥാനമുറപ്പിക്കാനും ഹോണ്ടക്ക് സാധിച്ചു.

ഈ കാലയളവില്‍ ഫോക്സ്‍വാഗണ്‍ 5,466 ടൈഗൂണ്‍ കയറ്റുമതി ചെയ്തപ്പോള്‍ കിയ 1,764 സെല്‍റ്റോകളും ഹ്യുണ്ടായി 782 ക്രെറ്റകളും കപ്പല്‍ കയറ്റിവിട്ടു. ഇക്കാലത്തിനിടെ എലിവേറ്റ് കയറ്റുമതിയുടെ കാര്യത്തില്‍ സ്വന്തം കൂടപ്പിറപ്പായ സിറ്റി സെഡാനിനെയും മറികടന്നു. 7,080 യൂണിറ്റാണ് സിറ്റി സെഡാന്റെ കയറ്റുമതി കണക്ക്. മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഹോണ്ടയുടെ തന്ത്രം ഇത് എടുത്ത് കാണിക്കുന്നു.
മൂന്ന് മാസത്തിനുള്ളില്‍ ഇതിനകം ഹോണ്ട 10,000 യൂണിറ്റ് എലിവേറ്റ് ഷിപ്പ് ചെയ്തിട്ടുണ്ട്. 2024 അവസാനത്തോടെ 30,000 മുതല്‍ 50,000 എലിവേറ്റ് എസ്യുവികള്‍ കയറ്റുമതി ചെയ്യാനാണ് ഹോണ്ട ലക്ഷ്യമിടുത്. ഈ ലക്ഷ്യത്തിലേക്ക് അവര്‍ നടന്നടുക്കുകയാണ്. എലിവേറ്റിന് നിലവില്‍ ഇന്ത്യയില്‍ ഡിമാന്‍ഡ് കുറയുന്നുണ്ടെങ്കിലും കയറ്റുമതി കൂടുന്നത് ഹോണ്ടയുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് കരുത്തേകും.
ഈ ഉത്സവ സീസണില്‍ പുതിയ തലമുറ അമേസ് കോംപാക്ട് സെഡാന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. എലിവേറ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു ആഗോള ഇലക്ട്രിക് എസ്‌യുവിയും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇത് 2026-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയെപ്പോലെ തന്നെ മറ്റൊരു ജാപ്പനീസ് കമ്പനിയായ നിസാനും കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്നു.
നിസാന്‍ ഇന്ത്യയുടെ പോര്‍ട്ട്ഫോളിയോയില്‍ മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവി മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. 2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 3,643 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ 6,722 യൂണിറ്റുകളുടെ ആഭ്യന്തര മൊത്ത വില്‍പ്പന രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നിസ്സാന്‍ 30,000 മാഗ്നൈറ്റുകള്‍ ആഭ്യന്തരമായി വില്‍ക്കുകയും സമാനമായ എണ്ണം കയറ്റുമതി ചെയ്യുകയും ചെയ്തു.
മാഗ്‌നൈറ്റിനെ ഉടന്‍ തന്നെ മുഖംമിനുക്കി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിസാന്‍. മാത്രമല്ല കഴിഞ്ഞ ദിവസം ഇന്ത്യ സ്‌പെക്ക് X-ട്രെയില്‍ എസ്‌യുവി അവതരിപ്പിക്കുകയും ചെയ്തു. സിബിയു റൂട്ട് വഴിയാണ് ഇത് വരുന്നത്. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയും നിസാന്‍ ബാഡ്ജിംഗില്‍ സമീപവര്‍ഷങ്ങളില്‍ പുറത്തിറങ്ങും.


Click it and Unblock the Notifications








