ഹോണ്ടയും തിരികെ വിളിക്കുന്നു 7.5 ലക്ഷം വാഹനങ്ങൾ, കാരണം എന്താണെന്ന് അറിയാമോ
കുറച്ചു നാളുകളായി വാഹനങ്ങൾ തിരികെ വിളിക്കുന്നു എന്ന വാർത്തകൾ കേൾക്കാതിരിക്കുകയായിരുന്നു, ഇപ്പോഴിതാ ഹോണ്ട തങ്ങളുടെ 7.5 ലക്ഷം വാഹനങ്ങൾ തിരികെ വിളിച്ചിരിക്കുകയാണ്. ഹോണ്ട ഉടമകളുടെ നെഞ്ചിടിക്കാൻ തുടങ്ങിയോ, സംഭവം അമേരിക്കയിലാണ് എങ്കിലും ഏതൊരു ഹോണ്ട ഉടമയ്ക്കും അൽപ്പം ഭയം ഉണ്ടായേക്കാം, എന്താണ് കാരണം എന്ന് അറിയാൻ തുടർന്ന് വായിക്കണം കേട്ടോ.
വാഹനത്തിൻ്റെ പ്രശ്നം എന്താണെന്ന് വച്ചാൽ മുൻപിലെ എയർബാഗുകൾ ആവശ്യമില്ലാത്തപ്പോൾ പുറത്തേക്ക് തളളി വരുന്നു എന്നതാണ് വാഹനങ്ങളുടെ പ്രശ്നം. 2020 മുതൽ 2022 വരെയുള്ള ചില ഹോണ്ട പൈലറ്റ്, അക്കോർഡ്, സിവിക് സെഡാൻ, എച്ച്ആർ-വി, ഒഡീസി മോഡലുകളും 2020 ഫിറ്റ്, സിവിക് കൂപ്പെ എന്നിവയൊക്കെയാണ് തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നു. 2021, 2022 സിവിക് ഹാച്ച്ബാക്ക്, 2021 സിവിക് ടൈപ്പ് R, ഇൻസൈറ്റ്, 2020, 2021 CR-V, CR-V ഹൈബ്രിഡ്, പാസ്‌പോർട്ട്, റിഡ്ജ്‌ലൈൻ, അക്കോർഡ് ഹൈബ്രിഡ് എന്നിവയും ഉൾപ്പെടുന്നു.

യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പോസ്റ്റ് ചെയ്ത രേഖകൾ പ്രകാരം, ഫ്രണ്ട് പാസഞ്ചർ സീറ്റ് വെയ്റ്റ് സെൻസർ പൊട്ടാനും ഷോർട്ട് സർക്യൂട്ടും ഉണ്ടാകാമെന്നും ഉദ്ദേശിച്ച രീതിയിൽ എയർ ബാഗ് ഓഫാക്കുന്നതിൽ പരാജയപ്പെടാനും സാധ്യതയുണ്ട് എന്നാണ് പറയുന്നത്. കുട്ടികളോ ചെറിയ മുതിർന്നവരോ സീറ്റിൽ ഇരിക്കുമ്പോൾ എയർ ബാഗുകൾ അനാവശ്യ സമയത്ത് പ്രവർത്തിച്ചാൽ വലിയ അപകടം സൃഷ്ടിച്ചേക്കാം.
ഉടമകൾക്ക് യാതൊരു വിലയും നൽകാതെ ഡീലർമാർ സീറ്റ് സെൻസറുകൾ മാറ്റിസ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർച്ച് 18 മുതൽ ഉടമകളെ അറിയിക്കും. 3,834 വാറൻ്റി ക്ലെയിമുകൾ ഉണ്ടെന്നും എന്നാൽ 2020 ജൂൺ 30 നും ഈ വർഷം ജനുവരി 19 നും ഇടയിൽ പ്രശ്‌നത്തിൽ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

പലരും കൊതിച്ചിരുന്ന ഹോണ്ടയുടെ എസ്‌യുവി വന്ന വർഷമായിരുന്നു 2023. അതും ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന മിഡ്-സൈസ് സെഗ്മെന്റിലേക്കാണ് കമ്പനി എലിവേറ്റിനെ തുറന്നുവിട്ടത്. എന്നാൽ എതിരാളികളുമായി മുട്ടിനിന്ന് ഇപ്പോൾ വിപണി പിടിച്ചെടുക്കുകയാണ് ഹോണ്ട. എലിവേറ്റ് ജനപ്രിയമാവാൻ കാരണം ഏറെക്കാലത്തിന് ശേഷം ഹോണ്ട പുറത്തിറക്കുന്ന ആദ്യത്തെ എസ്‌യുവി എന്നതുതന്നെയാണ്.
പണ്ടുകാലത്ത് CR-V പോലുള്ള വമ്പൻ എസ്‌യുവികൾ അരങ്ങുവാണിരുന്ന സമയത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇത്ര ജനപ്രിയരല്ലായിരുന്നു. ആവശ്യക്കാരില്ലാതെ വന്നതോടെ കുറേക്കാലത്തിന് ശേഷം ഈ പ്രീമിയം വാഹനത്തെ ഇന്ത്യയിൽ നിന്നും പടിയിറക്കുകയും ചെയ്‌തു. പിന്നെ സിറ്റി, അമേസ് പോലുള്ള സെഡാൻ വാഹനങ്ങളിലേക്കായി കമ്പനിയുടെ ശ്രദ്ധ. അതിനിടയിൽ എസ്‌യുവികൾ ട്രെൻഡായി മാറുകയും ചെയ്‌തു.

ആകെ പദ്ധതികൾ പാളിയപ്പോൾ നീണ്ടനാൾ കാത്തിരിക്കാനാണ് ഹോണ്ട തയാറായത്. പിന്നെ കാലങ്ങൾക്കിപ്പുറം എല്ലാവർക്കും എസ്‌യുവികൾ മാത്രം മതിയെന്നായപ്പോൾ എലിവേറ്റിന് കമ്പനി രൂപംകൊടുക്കുകയും ചെയ്‌തു. കിടിലൻ വില നിർണയവും സിറ്റിയിലെ ആ കരുത്തൻ എഞ്ചിൻ അലങ്കോലമില്ലാത്ത ഡിസൈൻ എന്നിവയെല്ലാം കൂടി കോർത്തിണക്കിയപ്പോൾ ആളുകൾക്ക് എലിവേറ്റിനെ അങ്ങ് ബോധിച്ചു.
11.58 ലക്ഷം മുതൽ 16.48 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എസ്‌യുവി ഇതിനകം 20,000 വിൽപ്പന നാഴികക്കല്ലും ഇന്ത്യയിൽ പിന്നിട്ടിട്ടുണ്ട്. 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് എലിവേറ്റിൽ ഇപ്പോൾ ലഭ്യമായുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), മൾട്ടി ആംഗിൾ റിയർവ്യൂ ക്യാമറകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാലും എലിവേറ്റ് സമ്പന്നമാണ്. എലിവേറ്റ് ഇപ്പോൾ ഇന്ത്യയിലെ ഹോണ്ടയുടെ എസ്‌യുവി തന്ത്രത്തിൻ്റെ പ്രധാന ഭാഗമാണ്. അൽപ്പം വൈകിയാണെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇതിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനും ഹോണ്ട ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.


Click it and Unblock the Notifications








