1 ലക്ഷം ഡിസ്‌കൗണ്ടിൽ വണ്ടികൾ വിറ്റഴിക്കുന്നു! ഹോണ്ട ഷോറൂമുകളില്‍ ഓഫര്‍ 'പെരുമഴ'
കേരളത്തില്‍ കാലവര്‍ഷം കനക്കുകയാണ്. മഴക്കാലത്ത് ഒന്ന് പുറത്തിറങ്ങണമെന്ന് വിചാരിച്ചാല്‍ ടൂവിലര്‍ മാത്രമുള്ളവര്‍ക്ക് കോട്ട് തപ്പിയെടുത്ത് അണിയണം. ഒരു കാറുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോകും അപ്പോള്‍. എന്നാല്‍ ഇനി അത് വെറും ചിന്ത മാത്രമാക്കണ്ട. മണ്‍സൂണ്‍ കാലത്ത് കാര്‍ വാങ്ങാന്‍ ചിന്തിക്കുന്നവരെ മാടിവിളിക്കുകയാണ് ഹോണ്ട കാര്‍സ്. നിലവിലെ വിപണി മാന്ദ്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹോണ്ട ഇന്ത്യ മോഡല്‍ നിരയില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. അമേസ്, സിറ്റി, എലിവേറ്റ് എന്നിവയ്ക്ക് ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുന്നു. ഈ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവയും കോര്‍പ്പറേറ്റ് സ്‌കീമുകളും ഉള്‍പ്പെടുന്നു.
അമേസ്: ഹോണ്ട അമേസ് കോംപാക്ട് സെഡാനാണ് ഈ മാസം കമ്പനി പരമാവധി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. 66,000 രൂപ മുതല്‍ 1.04 ലക്ഷം രൂപ വരെയാണ് അമേസ് സെഡാന്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോക്കറ്റിലാക്കാന്‍ സാധിക്കുക. ഈ വര്‍ഷം ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്താന്‍ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് അമേസിന് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഇട്ടിരിക്കുന്നത്.

മാത്രമല്ല സര്‍ക്കാര്‍ അംഗീകൃത ഫിറ്റ്മെന്റ് സെന്ററില്‍ നിന്ന് നിര്‍ദ്ദിഷ്ട വേരിയന്റുകളില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനും സൗകര്യമുണ്ട്. സിഎന്‍ജിയിലേക്ക് മാറ്റുന്നത് സൂചിപ്പിക്കുന്ന ഒരു കസ്റ്റമര്‍ ഡിക്ലറേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ 40,000 രൂപ തിരികെ ലഭിക്കും. മാരുതി ഡിസയര്‍, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോര്‍ എന്നിവയോടാണ് അമേസ് മത്സരിക്കുന്നത്. 90 bhp പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വരുന്നു.
സിറ്റി: ജനപ്രിയ സെഡാന്‍ മോഡല്‍ ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നീ കാറുകളുമായി മത്സരിക്കുന്നു. വിപണിയില്‍ പൊതുവേ സെഡാന്‍ കാറുകള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് കുറവാണ്. വിപണിയിലെ മാന്ദ്യം കാരണം സിറ്റിക്ക് ഈ മാസം ഹോണ്ട ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നല്‍കുന്നു. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 68,000 രൂപ മുതല്‍ 89,000 രൂപ വരെയാണ് ഓഫറുള്ളത്.

121 bhp, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സിറ്റിക്ക് തുടിപ്പേകുന്നത്. എന്‍ട്രി ലെവല്‍ സിറ്റി SV ഒഴികെയുള്ള എല്ലാ ട്രിമ്മുകളും സിവിടി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. സിറ്റി ഹൈബ്രിഡ് മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാസം 65000 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാം. 126 bhp 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇ-സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ഇതിന്റെ പവര്‍ട്രെയിന്‍.
എലിവേറ്റ്: ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് എലിവേറ്റ് എസ്‌യുവി. വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്ന മിഡ്‌സൈസ് എസ്‌യുവിക്കും ജൂലൈ മാസം ഓഫറുണ്ട്. മൂന്ന് വേരിയന്റുകളിലാണ് എലിവേറ്റ് ഓഫര്‍ ചെയ്യുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 55,000 രൂപ മുതല്‍ 67,000 രൂപ വരെ കിഴിവ് ലഭ്യമാകും.

121 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. സിറ്റി സെഡാന്റെ അതേ പവര്‍ട്രെയിനാണ് എലിവേറ്റില്‍ വരുന്നത്. മാനുവല്‍, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എലിവേറ്റ് തെരഞ്ഞെടുക്കാം. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ് കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ C3 എയര്‍ക്രോസ് എന്നീ മോഡലുകളുമായിട്ടാണ് എലിവേറ്റ് മത്സരിക്കുന്നത്.
ഹോണ്ടയുടെ മോഡല്‍ നിരയില്‍ നിലവിലുള്ള മോഡലുകളില്‍ രണ്ടെണ്ണം സെഡാനുകളാണ്. എസ്‌യുവി ജ്വരത്തിനിടയില്‍ ഹാച്ച്ബാക്കുകള്‍ക്കും സെഡാനുകള്‍ക്കും ഡിമാന്‍ഡ് വളരെ കുറവാണെന്നതാണ് സത്യം. ഇത് കൂടാതെ അമേസ് തലമുറ മാറ്റത്തിനൊരുങ്ങുന്നതിനാല്‍ കൂടിയാണ് വമ്പന്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. എന്നാല്‍ സ്ഥലത്തിനും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് ഈ ഓഫറുകളില്‍ വ്യത്യാസം വരുമെന്ന് മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഹോണ്ടയുടെ ജൂലൈ മാസത്തെ ഓഫറുകളെ കുറിച്ച് കൂടുതലായി അറിയാന്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications








