മെയിഡ് ഇന്‍ ഇന്ത്യ ഹോണ്ട കാറുകള്‍ വിദേശത്ത് വമ്പന്‍ ഡിമാന്‍ഡ്! മുതലാളിക്ക് ജാക്ക്‌പോട്ട്
ഒരുകാലത്ത് വമ്പന്‍ മോഡലുകള്‍ കൊണ്ടുവന്ന് ഇന്ത്യക്കാരുടെ പ്രിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയവരാണ് ജപ്പാന്‍കാരായ ഹോണ്ട. എന്നാല്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയ ശേഷം ഹോണ്ട പുതിയ മോഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മടിക്കുന്നത് പോലൊരു തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ എലിവേറ്റ് എന്ന മോഡലിലൂടെ അത്യന്തം മത്സരം നിറഞ്ഞ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എന്‍ട്രി പാസ് നേടിയ കമ്പനി ഏവരെയും ഞെട്ടിച്ചു.
സിറ്റി, അമേസ് എന്നി സെഡാന്‍ മോഡലുകളിലൂടെ മാത്രം ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനിന്ന ഹോണ്ട എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് കണ്ടറിഞ്ഞാണ് എലിവേറ്റിന് ജന്മം നല്‍കിയത്. ഏതായാലും എലിവേറ്റിന്റെ വരവ് ഏറ്റുവെന്ന് തന്നെയാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ഫെബ്രുവരിയില്‍ ഹോണ്ട കാര്‍സ് ഇന്ത്യ ആഭ്യന്തര വിപണിയില്‍ 7,142 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിലെ 6,086 യൂണിറ്റ് വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 17 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

എസ്‌യുവി വിഭാഗത്തില്‍ എലിവേറ്റ് മികച്ച പ്രകടനം തുടരുന്നതും വിപണിയിലെ അതിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഹോണ്ട സിറ്റിയും അമേസും അതത് സെഗ്മെന്റുകളില്‍ മികച്ച പ്രകടനം തുടരുന്നതോടൊപ്പം കയറ്റുമതിയും ശക്തമാണെന്ന് HCIL മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ യുയിച്ചി മുറാത പറഞ്ഞു. 2023 സെപ്റ്റംബറിലാണ് ഹോണ്ട എലിവേറ്റ് വിപണിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മിഡ്‌സൈസ് എസ്‌യുവി 20,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു.
2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഹോണ്ട കാര്‍സ് ഇന്ത്യ മൊത്തം 63,690 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റപ്പോള്‍ അതില്‍ 35 ശതമാനം സംഭാവന നല്‍കിയത് എലിവേറ്റ് ആയിരുന്നു. ഇത് 2023 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഹോണ്ടയുടെ വിപണി വിഹിതം 1.24 ശതമാനമാക്കി ഉയര്‍ത്തി. 2022 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 0.32 ശതമാനം ആയിരുന്നു.

2024 ഫെബ്രുവരിയില്‍ ഹോണ്ടയുടെ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. പോയ മാസം മൊത്തം 5,936 യൂണിറ്റുകളാണ് ഹോണ്ട കപ്പല്‍ കയറ്റി അയച്ചത്. 2023 ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്ത 936 യൂണിറ്റുകളെ അപേക്ഷിച്ച് 510 ശതമാനമാണ് വളര്‍ച്ച. ഹോണ്ടയുടെ മാതൃരാജ്യമായ ജപ്പാനിലേക്കടക്കം ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ബ്രാന്‍ഡ് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് പെര്‍ഫോമന്‍സിന്റെ ആക്കം കൂട്ടിയത്.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഹോണ്ട കാറുകളുടെ ഗുണനിലവാരത്തിന്റെയും മത്സരക്ഷമതയുടെയും തെളിവാണ് ഈ വളര്‍ച്ച. ആഭ്യന്തരമായും അന്തര്‍ദേശീയമായും ബ്രാന്‍ഡിന്റെ സാന്നിധ്യത്തിന് ഗണ്യമായ സംഭാവന നല്‍കി ഹോണ്ട എലിവേറ്റ് കയറ്റുമതിയുടെ കാര്യത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. 2024 ഫെബ്രുവരിയില്‍ ഹോണ്ട കാര്‍സ് ഇന്ത്യ നേടിയ റെക്കോര്‍ഡ് കയറ്റുമതിയും ശക്തമായ ആഭ്യന്തര വില്‍പ്പനയും ഗുണനിലവാരം, നവീകരണം, ഉപഭോക്തൃ സംതൃപ്തി എന്നിവയില്‍ കമ്പനി വെച്ചുപുലര്‍ത്തുന്ന അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

മികച്ച പ്രകടനം തുടരുന്നത് ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും വഴിമരുന്നിടാന്‍ സാധ്യതയുണ്ട്. ഈ നാഴികക്കല്ല് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലെ ഹോണ്ടയുടെ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പ്രീമിയം വാഹനങ്ങളുടെ ആഗോള ഡിമാന്‍ഡും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ ഇന്ത്യന്‍ സായുധ സേനയ്ക്കായി രാജ്യത്തുടനീളമുള്ള കാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ (CSD) വഴി തങ്ങളുടെ എലിവേറ്റ് എസ്‌യുവി വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
സിറ്റിയും അമേസും ഹോണ്ട ഇതിനകം തന്നെ വില്‍ക്കുന്നതിനാല്‍ കാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ വഴി വില്‍ക്കുന്ന ഹോണ്ടയില്‍ നിന്നുള്ള മൂന്നാമത്തെ മോഡലായി മാറിയിരിക്കുകയാണ് എലിവേറ്റ്. മിലിട്ടറി, നേവി, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കാന്റീനുകളിലൂടെ കുറഞ്ഞ വിലയ്ക്ക് വാഹനം വാങ്ങാനാവുമെന്നതാണ് ഇതിന്റെ ഗുണം. പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് ഫോര്‍ വീലറുകളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ സിഎസ്ഡികളിലൂടെ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാണ്.

നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന മിഡ്‌സൈസ് എസ്‌യുവികളിലൊന്നാണ് എലിവേറ്റ്. 11.58 ലക്ഷം മുതല്‍ എലിവേറ്റിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 16.20 ലക്ഷം രൂപ മുടക്കണം. ഈ വിലകള്‍ എക്‌സ്‌ഷോറൂം ആണ്. ടാക്സ് വേണ്ടാത്തതിനാല്‍ സിഎസ്ഡി കാന്റീന്‍ വഴി എലിവേറ്റിന് ഇതിലും കുറച്ച് മുടക്കിയാല്‍ മതിയാകും.


Click it and Unblock the Notifications








