പുറത്തു മാത്രമല്ല അകത്തും അടിമുടി മാറ്റങ്ങൾ; വരാനിരിക്കുന്ന പുത്തൻ അൽകസാറിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 2024 അൽകസാർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പുറംഭാഗം ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു, വരാനിരിക്കുന്ന മൂന്ന് -വരി എസ്‌യുവിയുടെ ഇൻ്റീരിയറുകൾ എങ്ങനെയായിരിക്കും എന്ന് കാണിക്കുന്ന ഹ്യുണ്ടായിയുടെ ഔദ്യോഗിക ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഔദ്യോഗിക ചിത്രങ്ങൾക്കൊപ്പം, പുതിയ അൽകസാർ എസ്‌യുവിയുടെ ബുക്കിംഗും ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഒരു ബജറ്റ് സെവൻ സീറ്റർ ഓപ്ഷൻ തേടുന്നവർക്ക് ഒന്നു സെലക്ട് ചെയ്യാവുന്ന മോഡലാണിത്.
വളരെ ബോൾഡായ പുതിയ ഹ്യുണ്ടായി അൽകസാർ, കരുത്തുറ്റ രൂപകല്പനയും സൗകര്യവും വാഗ്ദാനം ചെയ്യുന്നു എന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൻ്റെ ഹോൾ-ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശ്രീ തരുൺ ഗാർഗ് പറഞ്ഞു. വളരെ ബോൾഡും ഉയർന്നതും വിശാലവുമായ നിലപാടുകളാൽ സവിശേഷമായ ഒരു കമാൻഡിംഗ് ലുക്ക്, പുതിയ ഹ്യുണ്ടായി അൽകസാറിന് നൽകുന്നു.

പ്രീമിയം എസ്‌യുവി ഇപ്പോൾ മെച്ചപ്പെട്ട സീറ്റ് കംഫർട്ടും മികച്ച ക്യാബിനും വാഗ്ദാനം ചെയ്യുന്നു, ഇത് യാത്രക്കാർക്ക് സമാനതകളില്ലാത്ത എക്സ്പീരിയൻസ് ഉറപ്പാക്കുന്നു. പുതിയ ഹ്യുണ്ടായി അൽകസാർ സിറ്റി യാത്രക്കാർക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ ഒരു ചോയിസാണ്. അൽകസാറിൻ്റെ ഇൻ്റീരിയർ എങ്ങനെയായിരിക്കുൺ എന്ന് പുതിയതായി പുറത്തുവന്ന ചിത്രങ്ങൾ വളരെ വ്യക്തമായി കാണിക്കുന്നു.
ഔട്ട്‌ഗോയിംഗ് മോഡൽ പോലെ, ഇൻ്റീരിയറുകൾ മനോഹരമായ ബ്രൗൺ, ബ്ലാക്ക് ഡ്യുവൽ ടോൺ ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഷെയ്ൽഡിൽ എസ്‌യുവി വളരെ പ്രീമിയമായി കാണപ്പെടുന്നു. ചിത്രങ്ങളിൽ, ഡ്യുവൽ 12.5 ഇഞ്ച് സ്‌ക്രീനുകളുള്ള ഡാഷ്‌ബോർഡും നമുക്ക് കാണാനാവും. അവയിൽ ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും, മറ്റൊന്ന് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമാണ്.

ഫ്ലാറ്റ് ബോട്ടം ലെതർ റാപ്പ്ഡ് ഡ്യുവൽ ടോൺ സ്റ്റിയറിംഗ് വീലും വാഹനത്തിന് ഉള്ളിൽ കാണാം. ക്രെറ്റയുടെ നിലവിലെ പതിപ്പിന് സമാനമാണ് ഡാഷ്‌ബോർഡിൻ്റെ രൂപകൽപ്പന എന്നത് ശ്രദ്ധേയമാണ്. സെൻട്രൽ കൺസോളിൽ ഒരു ഡിജിറ്റൽ ഡിസ്പ്ലേ ഒരുക്കിയിട്ടുണ്ട്, അത് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിനുള്ളതാണ്.
ഡാഷ്‌ബോർഡിലെയും അപ്ഹോൾസ്റ്ററിയിലെയും ബ്രൗൺ ഷേഡ് ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. നോബിൾ ബ്രൗൺ, ഹേസ് നേവി കളർ സ്കീം എന്നാണ് ഹ്യുണ്ടായി ഇതിനെ വിശേഷിപ്പിക്കുന്നത്. പുതിയ ട്രെൻഡി ഹൊറിസോണ്ടൽ വെൻ്റിലേഷൻ ആർക്കിടെക്ചറും ക്വിൽറ്റഡ് സീറ്റ് പാറ്റേൺ ഹൈലൈറ്റുകളും ക്യാബിൻ്റെ അത്യാധുനികവും സമൃദ്ധവുമായ ഫീൽ വർധിപ്പിക്കുന്നു.

ആറ്, ഏഴ് സീറ്റർ വേരിയൻ്റുകളിൽ ഹ്യുണ്ടായി അൽകസാർ വാഗ്ദാനം ചെയ്യുന്നത് തുടരും. ഹ്യുണ്ടായി അൽകസാറിൻ്റെ ആറ് സീറ്റർ പതിപ്പിന് രണ്ടാം നിരയിൽ മെച്ചപ്പെടുത്തിയ കുഷ്യനിംഗ്, ബോൾസ്റ്ററിംഗ്, ഫോൾഡിംഗ് ആംറെസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും. മൂന്നാം നിര സീറ്റിലേക്ക് എളുപ്പത്തിൽ കടക്കാൻ സീറ്റുകൾക്കിടയിൽ മതിയായ സ്പെയ്സും ഉണ്ടാകും എന്നാണ് ഇതിനർത്ഥം.
മറുവശത്ത്, ഏഴ് സീറ്റർ വേരിയൻറിൽ മൂന്നാം നിരയിലേക്ക് വളരെ എളുപ്പത്തിലും അനായാസവുമായിട്ടും പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഒരു സീറ്റ് ടംബിൾ മെക്കാനിസം വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം മെച്ചപ്പെട്ട സീറ്റ് കുഷ്യനിംഗും സപ്പോർട്ടും, മൊത്തത്തിലുള്ള സ്ഥലവും സൗകര്യവും ദീർഘ യാത്രകൾക്കുള്ള സൗകര്യവും വർധിപ്പിക്കുന്നു.
ഇലക്ട്രിക്കലി അഡജസ്റ്റ ബിൾ ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, സീറ്റ് വെൻ്റിലേഷൻ, റിയർ എസി വെൻ്റുകൾ, കണക്റ്റഡ് കാർ സവിശേഷതകൾ, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകൾ ഹ്യുണ്ടായി അൽകസാർ തുടർന്നും വാഗ്ദാനം ചെയ്യും. ഈ സവിശേഷതകൾ എല്ലാം കാറിൻ്റെ പ്രീമിയം ഫീലും ലുക്കും വർധിപ്പിക്കുന്നു.
അൽകസാർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വിൽപ്പനയ്ക്ക് എത്തുന്നത് തുടരും. പെട്രോൾ എഞ്ചിൻ 1.5 ലിറ്റർ ഒരു ടർബോ യൂണിറ്റാണ്, അത് 160 PS പവറും 253 Nm ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ, ഏഴ് -സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുമായാണ് വിപണിയിൽ വരുന്നത്.
അൽകസാറിലെ ഡീസൽ എഞ്ചിൻ 115 PS പവറും 250 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് കൂടിയാണ്. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിലും ലഭ്യമാണ്. എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 9 -ന് നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








