ക്രെറ്റയുടെ പ്രഭാവത്തിൽ ഹിറ്റടിച്ച് ഹ്യുണ്ടായി; എക്കാലത്തേയും മികച്ച വിൽപ്പന നേടി കൊറിയൻ ബ്രാൻഡ്
2024 ജനുവരിയിൽ, ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിക്കൊണ്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ 57,115 യൂണിറ്റുകളുടെ വിൽപ്പനയും കയറ്റുമതിക്കായി 10,500 യൂണിറ്റുകളും ഉൾപ്പടെ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ മൊത്തം 67,615 യൂണിറ്റുകൾ വിജയകരമായി വിറ്റഴിച്ചു.
ഈ നേട്ടം 8.7 ശതമാനം വാർഷിക വിൽപ്പന (YoY) വളർച്ചയും 33.60 ശതമാനം പ്രതിമാസ വിൽപ്പന (MoM) വളർച്ചയും രേഖപ്പെടുത്തി. മെച്ചപ്പെടുത്തിയ സ്റ്റൈലിംഗ്, പുതുക്കിയ ഇൻ്റീരിയറുകൾ, പുതിയ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ലോഞ്ചിനെ തുടർന്ന് ഹ്യുണ്ടായിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന വളരെ ശ്രദ്ധേയമായി.

ബുക്കിംഗ് ആരംഭിച്ചതുമുതൽ, പുതിയ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഏകദേശം 50,000 ഓർഡറുകൾ ലഭിച്ചു എന്ന് കമ്പനി വ്യക്തമാക്കുന്നു, ഇത് വിപണിയിൽ വാഹനത്തിൻ്റെ ജനപ്രീതിയെ വെളിപ്പെടുത്തുന്നു. ഉയർന്ന ഡിമാൻഡുള്ള പെട്രോൾ വേരിയൻ്റുകൾക്ക് 3 മുതൽ 4 മാസവും ഡീസൽ വേരിയൻ്റുകൾക്ക് 4 മുതൽ 5 മാസവും കാത്തിരിപ്പ് കാലയളവാണ് നിലവിലുള്ളത്, തെരഞ്ഞെടുത്ത വേരിയൻ്റ്, കളർ ഓപ്ഷൻ, സിറ്റി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യത്യാസങ്ങളും വെയിറ്റിംഗിനെ ബാധിക്കും.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതുക്കിയ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെച്ചപ്പെടുത്തിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, പുതിയ യുഎസ്ബി ടൈപ്പ് C ചാർജിംഗ് പോയിൻ്റുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ടെക്നോളജി എന്നിവയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പ്രധാന ഹൈലൈറ്റുകൾ.

എസ്‌യുവി ലൈനപ്പിൽ പുതിയ 160 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്ത് നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു, കൂടാതെ പ്രീ -ഫേസ്‌ലിഫ്റ്റ് പതിപ്പിൽ നിന്നുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ഇതോടൊപ്പമുണ്ട്.
ഹ്യുണ്ടായി ഇതോടൊപ്പം N -ലൈൻ വേരിയൻ്റ് അവതരിപ്പിക്കുന്നതോടെ ക്രെറ്റ എസ്‌യുവി മോഡൽ ലൈനപ്പ് വിപുലീകരിക്കാൻ പദ്ധതിയിടുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇതിനകം പേറ്റൻ്റ് നേടിയ ഹ്യുണ്ടായ് ക്രെറ്റ N -ലൈനിൽ, ഡിസ്റ്റിംഗ്റ്റീവായ ഫ്രണ്ട് ഗ്രില്ല് ഡിസൈൻ, വിശാലമായ എയർ-ഡാമുകളുള്ള പരിഷ്കരിച്ച ബമ്പർ, വലിയ സ്കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു.

സ്റ്റാൻഡേർഡ് ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ സ്‌പോർട്ടി പതിപ്പിന്, ഫ്രണ്ട് ഫെൻഡറുകളിലും വീൽ ആർച്ചുകൾക്ക് മുകളിലും N -ലൈൻ ബാഗ്ജിംഗുകൾ ലഭിക്കുന്നു. കൂടാതെ കൂടുതൽ സ്പോർട്ടി ഫീലിനായി പുനർരൂപകൽപ്പന ചെയ്ത പുത്തൻ 18 ഇഞ്ച് അലോയി വീലുകളുടെ ഒരു സെറ്റും ലഭിക്കുന്നു.
ഹ്യുണ്ടായി ക്രെറ്റ N -ലൈനിനുള്ളിൽ, വ്യത്യസ്‌തമായ റെഡ് എലമെന്റുകളും ഘടകങ്ങളും അടങ്ങിയ ഒരു ഓൾ ബ്ലാക്ക് തീം ഒരു സ്‌പോർട്ടി അന്തരീക്ഷവും ഫീലും സൃഷ്ടിക്കുന്നു. ഡാഷ്‌ബോർഡ്, ഡ്യുവൽ സ്‌ക്രീനുകൾ എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന റെഡ് ഇൻസേർട്ടുകൾ, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലിനൊപ്പം N -ലൈൻ ലോഗോ, ഒരു N -ലൈൻ സ്പെക്ക് ഗിയർ സെലക്ടർ ലിവർ, റെഡ് കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ഫീച്ചർ ചെയ്യുന്ന സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയും നിർമ്മാതാക്കൾ നൽകുന്നു.


Click it and Unblock the Notifications








