കൊതിപ്പിക്കുന്ന മൈലേജ് മാത്രമല്ല, ലഗേജ് സ്‌പെയ്‌സും കുറയൂല..! ടാറ്റയുടെ വഴിയേ ഹ്യുണ്ടായിയും
ഇന്ത്യയില്‍ ഇന്ധന വില ഉയരങ്ങളില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഒത്തിരി ഉപഭോക്താക്കളാണ് ബദല്‍ ഇന്ധനങ്ങളിലേക്ക് തിരിയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മികച്ച ബദല്‍ ഇന്ധനങ്ങളായി കണക്കാക്കപ്പെടുന്നത് വൈദ്യുതിയും സിഎന്‍ജിയുമാണ്. ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ മടിക്കുന്ന സാധാരണക്കാരായ ആളുകള്‍ സിഎന്‍ജിയിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നിവയെല്ലാം തങ്ങളുടെ വാഹനങ്ങളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ച് കൊണ്ട് ടാറ്റ മോട്ടോര്‍സ് ടെക്‌നോളജിയുടെ കാര്യത്തില്‍ എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ കയറി.
ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ് എന്നീ ടാറ്റ മോഡലുകള്‍ ഈ ഫീച്ചര്‍ സജ്ജീകരിച്ചാണ് വരുന്നത്. പിന്നാലെ ടിയാഗോ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും കൂടി നല്‍കി ടാറ്റ എതിരാളികളെ ഞെട്ടിച്ചു. കൂടുതല്‍ സുരക്ഷയും ബൂട്ടില്‍ കൂടുതല്‍ ഇടവും നല്‍കുന്നുവെന്നതാണ് ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുടെ ഗുണം. ഇതിനകം മാരുതി സുസുക്കിയോടും ടാറ്റയുടെ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി കിറ്റുമായി മത്സരിക്കാനും വില്‍പ്പന ഉയര്‍ത്താനും ചിട്ടയായ സമീപനം ആവശ്യമാണെന്ന് ഹ്യുണ്ടായി തിരിച്ചറിഞ്ഞിരുന്നു.

അതിനായി ഇപ്പോള്‍ ഹ്യുണ്ടായി സിഎന്‍ജി ഓഫറുകളുടെ അപ്ഡേറ്റഡ് ശ്രേണിയില്‍ രണ്ട് വ്യാപാരമുദ്രകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 'ഹൈ-സിഎന്‍ജി' (Hy-CNG) എന്നും 'ഹൈ-സിഎന്‍ജി ഡ്യുവോ' (Hy-CNG Duo) എന്നുമാണ് ഇവി വിളിക്കപ്പെടുക. ഇത് ഹ്യുണ്ടായിയുടെ നിലവിലെ മോഡല്‍ ശ്രേണിയില്‍ സിംഗിള്‍, ട്വിന്‍-സിലിണ്ടര്‍ സിഎന്‍ജി ടാങ്കുകളായിരിക്കാം. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, എക്സ്റ്റര്‍ എന്നിങ്ങനെ മൂന്ന് കാറുകളിലാണ് ഹ്യുണ്ടായി നിലവില്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്.
സിംഗിള്‍ സിഎന്‍ജി ടാങ്കുമായാണ് ഈ കാറുകള്‍ നിലവില്‍ വില്‍പ്പനയക്കെത്തുന്നത്. ഇത് ഡ്യുവല്‍ ടാങ്ക് സജ്ജീകരണത്തിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടാനാണ് സാധ്യത. ലോവര്‍ എന്‍ഡ് വാഹനങ്ങള്‍ക്ക് ഹൈ-സിഎന്‍ജി സിംഗിള്‍ സിലിണ്ടര്‍ കിറ്റുകളും കൂടുതല്‍ പ്രീമിയം വാഹനങ്ങള്‍ക്ക് ഹൈ-സിഎന്‍ജി ഡ്യുവോ ഇരട്ട സിലിണ്ടര്‍ കിറ്റുകളും ലഭിക്കും.

ടാറ്റ മോട്ടോര്‍സ് വാഹനങ്ങളിലെ ഐ-സിഎന്‍ജി കിറ്റുകള്‍ പോലെ ഹൈ-സിഎന്‍ജി ഡ്യുവോ വരുന്നതോടെ സിഎന്‍ജി കാറുകളിലെ ലഗേജ് ഏരിയ കുറയുന്നുവെന്ന പരാതിക്ക് പരിഹാരമാകും. സിഎന്‍ജി സ്റ്റോറേജ് രണ്ട് സിലിണ്ടറുകളായി വിഭജിച്ച് ബൂട്ടില്‍ വൃത്തിയായി ഒതുക്കി നിര്‍ത്തിയത് വഴി ടാറ്റ ഒത്തിരി കൈയ്യടി നേടിയിരുന്നു.
ഇത് കൂടുതല്‍ ലഗേജ് നല്‍കുന്നുവെന്ന് മാത്രമല്ല ബൂട്ടിന് മൊത്തില്‍ ഒരു വൃത്തിയുള്ള കാഴ്ച സമ്മാനിക്കുന്നു. അതിനാല്‍ തന്നെ ഈ സാങ്കേതികവിദ്യ കൂടുതല്‍ പ്രീമിയം മോഡലുകളിലേക്ക് വ്യാപിപ്പിച്ച് കൂടെന്നില്ല. മികച്ച പാക്കേജിംഗിനൊപ്പം, ഹ്യുണ്ടായി അതിന്റെ സിഎന്‍ജി പോര്‍ട്ട്ഫോളിയോ i20, വെന്യു എന്നിവ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ സാധ്യതയുണ്ട്.

i20 പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളികളായ ബലേനോ, ഗ്ലാന്‍സ, ആള്‍ട്രോസ് എന്നിവയ്ക്ക് സിഎന്‍ജി പതിപ്പുകള്‍ ലഭിക്കുന്നതിനാല്‍ പ്രത്യേകിച്ചും. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ വെന്യുവിന്റെ എതിരാളിയായ ബ്രെസക്ക് ഇതിനോടകം സിഎന്‍ജി വേരിയന്റുകളുണ്ട്. മറ്റൊരി എതിരാളിയായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. ടാറ്റ നെക്‌സോണ്‍ സിഎന്‍ജി ഈ ഉത്സവകാലത്തിന് മുന്നോടിയായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിഎന്‍ജി വിഭാഗത്തില്‍ മാരുതിയും ടാറ്റയുമായി മുട്ടിനില്‍ക്കാന്‍ ഹ്യുണ്ടായി പോര്‍ട്‌ഫോളിയോ വിപുലീകരിച്ചേ മതിയാകൂ. മാത്രമല്ല ഹ്യുണ്ടായി വൈകാതെ തന്നെ തങ്ങളുടെ സിഎന്‍ജി ശ്രേണിയിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഓഫര്‍ ചെയ്യാന്‍ അധികം താമസിക്കാനിടയില്ല. ഏതായാലും ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ കൂടി വരുന്നത് ഹ്യുണ്ടായിയുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോക്ക് പ്ലസായി മാറും. അത് വില്‍പ്പനയിലും പ്രതിഫലിച്ചേക്കും.


Click it and Unblock the Notifications








