ക്രെറ്റയുടെ ജനപ്രീതി കണ്ട് കണ്ണുതള്ളി ഹ്യുണ്ടായി; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പിന്നിട്ടത് കാൽ ലക്ഷം ബുക്കിംഗ്
എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളോടെ അടുത്തിടെയാണ് ഹ്യുണ്ടായി തങ്ങളുടെ ഹിറ്റ് മോഡലായ ക്രെറ്റയുടെ 2024 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്. നിലവിൽ 11 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ അപ്പ്ഡേറ്റ് ചെയ്ത പതിപ്പ് ഹ്യുണ്ടായി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
ജനുവരി 2 -ന് അരങ്ങേറ്റത്തിന് മുന്നോടിയായി തന്നെ മിഡ് സൈസ് എസ്‌യുവിയുടെ ബുക്കിംഗ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു, രണ്ടാഴ്ചയ്ക്കുള്ളിൽ, ഹ്യുണ്ടായിയുടെ ജനപ്രിയ മോഡൽ ഇതിനകം 25,000 ബുക്കിംഗുകൾ നേടിക്കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ, ക്രെറ്റയുടെ 40 ശതമാനം ബുക്കിംഗുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഫിറ്റ് ചെയ്ത പതിപ്പുകൾക്കാണ് എന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ CEO തരുൺ ഗാർഗ് സ്ഥിരീകരിച്ചു.

മാത്രമല്ല, മൊത്തം ബുക്കിംഗിന്റെ 55 ശതമാനവും ക്രെറ്റ പെട്രോൾ വേരിയന്റുകൾക്കാണ് എന്നതും ശ്രദ്ധേയമാണ്, ബാക്കിയുള്ളവ മാത്രമാണ് ഡീസൽ വേരിയന്റുകളുടേത്. എന്നിരുന്നാലും, പെട്രോൾ, ടർബോ-പെട്രോൾ എഞ്ചിനുകൾ തമ്മിലുള്ള ബുക്കിംഗ് ഡിസ്ട്രിബ്യൂഷനെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വകഭേദങ്ങളിൽ ഹ്യുണ്ടായി ക്രെറ്റ ലഭ്യമാണ്.
1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ, തെരഞ്ഞെടുക്കാൻ മൂന്ന് പവർട്രെയിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 115 PS മാക്സ് പവറും 144 Nm torque ഉം 1.5 ലിറ്റർ NA പെട്രോൾ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

1.5 ലിറ്റർ ടർബോ ഡീസൽ 116 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു, 160 PS പവറും 253 Nm torque ഉം ആണ് 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് സൃഷ്ടിക്കുന്നത്. ഇനി ട്രാൻസ്മിഷൻ ചോയിസുകളിൽ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.
അടുത്തതായി ടർബോ ഡീസൽ പതിപ്പിൽ ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളുണ്ട്. എന്നാൽ ടർബോ പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. പുതിയ ഫീച്ചറുകളുടെ രൂപത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്.

കൂടാതെ പ്രധാന ഇടങ്ങളിൽ ഷാസി ശക്തിപ്പെടുത്തലും വാഹനത്തിന്റെ സുരക്ഷയെ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. ലെവൽ 2 ADAS സ്യൂട്ടും സേഫ്റ്റിയുടെ കാര്യത്തിൽ 2024 മോഡലിന് ഒരു വലിയ അഡീഷനാണ് എന്ന് നിസംശയം പറയാം. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഹ്യുണ്ടായി വളരെ അഗ്രസ്സീവായ വില നിശ്ചയിച്ചിട്ടുണ്ട്.
ഇത് മാർക്കറ്റിൽ നിലവിലുള്ള കോംപറ്റീഷനുമായി ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ ക്രെറ്റയെ സഹായിക്കും. മൈലേജിന്റെ കാര്യത്തിലും കാര്യമായ മെച്ചപ്പെടുത്തലുകൾ ഉള്ളതിനാൽ ഇക്കാര്യത്തിലും ക്രെറ്റ വീണു പോവില്ല എന്നത് ഹ്യുണ്ടായിക്ക് ആശ്വാസമാണ്. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ഇതിനകം തന്നെ വളരെ പ്രബലമായ ഒരു മോഡലായ ക്രെറ്റയുടെ എതിരാളികളുടെ പട്ടികയിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയാണുള്ളത്.


Click it and Unblock the Notifications