2024 ക്രെറ്റ വാങ്ങാൻ ഉദ്ദേശമുണ്ടോ; ഈ അഞ്ച് കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
വാഹന വിപണിയിൽ ഒരുപാട് കാത്തിരുന്ന മോഡലായിരുന്ന ഹ്യുണ്ടായി ക്രെറ്റ 2024 ഫെയ്‌സ്‌ലിഫ്റ്റ് ഒടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ക്രെറ്റ എല്ലായ്‌പ്പോഴും ഇടത്തരം എസ്‌യുവി സെഗ്‌മെൻ്റിൽ ലീഡർ സ്ഥാനത്ത് തന്നെയാണ് തുടരുന്നത്, വാഹനത്തിൻ്റെ പുതിയ മുഖംമിനുക്കൽ വളരെ മികച്ചതായി കാണുന്നുണ്ട്, ക്രെറ്റയുടെ മിഡ്-ലൈഫ് അപ്‌ഡേറ്റിൽ ഹ്യുണ്ടായി ശ്രദ്ധേയമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച കാര്യങ്ങൾ ഏതൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.
വില: മുഖം മിനുക്കി എത്തുന്ന ക്രെറ്റയുടെ വില ആരംഭിക്കുന്നത് 11 ലക്ഷം മുതൽ 20 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൂടി വരുന്നതോടെ ക്രെറ്റയുടെ ലീഡ് വർധിപ്പിക്കാനും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് സാധിക്കും. ഇന്ത്യയിൽ ഹ്യുണ്ടായിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായതിനാൽ തന്നെ കൊതിപ്പിക്കുന്ന നിരവധി പരിഷ്ക്കാരങ്ങളാണ് എസ്‌യുവിയിലേക്ക് കടന്നുവരുന്നത്.

വേരിയൻ്റുകൾ: E, EX, S, S (O), SX, SX ടെക്, SX (O) എന്നീ ഏഴ് വേരിയന്റുകളിലാണ് പുതിയ ക്രെറ്റ നിരത്തുകളില്‍ എത്തുന്നത്. പുതിയ ക്രെറ്റയുടെ SX ടെക്, SX(O) വകഭേദങ്ങളിലാണ് ലെവൽ 2 ADAS ടെക് സേഫ്റ്റി ഫീച്ചർ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. 'E' വേരിയന്റ് എല്ലായ്പ്പോഴും ക്രെറ്റ ലൈനപ്പിലെ ഏറ്റവും ജനപ്രിയവും വാല്യു ഫോർ മണി വേരിയന്റുകളിൽ ഒന്നായി തുടരുന്നു. ഇത്തവണയും, ഈ വേരിയന്റിൽ മാന്യമായ ഫീച്ചറുകളോടെയാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്.
എഞ്ചിൻ : 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. അതിൽ ആദ്യത്തേത് 113 bhp പവറിൽ പരമാവധി 144 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ എഞ്ചിനാണ്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. രണ്ടാമത്തേത് എസ്‌യുവിയിൽ ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളോടെ ലഭ്യമാകുന്ന ഇതിന് 114 bhp കരുത്തിൽ ഏകദേശം 250 Nm torque വരെ നൽകാനാവും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ മൂന്നാമത്തെ എഞ്ചിൻ ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി യൂണിറ്റിനൊപ്പം മാത്രമാണ് ഹ്യുണ്ടായി ജോടിയാക്കിയിരിക്കുന്നത്.
കളർ ഓപ്ഷനുകൾ: റോബസ്റ്റ് എമറാൾഡ് പേൾ (പുതിയത്), ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ബ്ലാക്ക് റൂഫ് ഉള്ള അറ്റ്‌ലസ് വൈറ്റ് എന്നിവയുൾപ്പെടെ ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഇത്തവണ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാവുക. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം തന്നെ ചില ആഗോള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്, എന്നാൽ ഇന്ത്യ സ്പെക്ക് ഫെയ്‌സ്‌ലിഫ്റ്റിന് പൂർണ്ണമായും പുതിയ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്.

ഫീച്ചേഴ്സ്: 19 ഹ്യുണ്ടായി സ്മാർട്ട്സെൻസ് ലെവൽ 2 ADAS ഫീച്ചറുകളാണ് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലുള്ളത്. 36 സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുള്ള 70-ലധികം സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. ആറ് എയർബാഗുകൾ, നാല് ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം - ഹൈലൈൻ എന്നിവയാണ് സ്റ്റാൻഡേർഡ്.
എസ്‌യുവിയിലേക്ക് 19 ഡ്രൈവർ സേഫ്റ്റി എയ്‌ഡുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാണിംഗ് പോലുള്ളവ സംവിധാനങ്ങളെല്ലാം ലഭിക്കുന്നുണ്ട്.

എതിരാളികൾക്ക് എപ്പോഴും ഒരു പേടിസ്വപ്നം തന്നെയാണ് സെഗ്മെൻ്റിലെ മുതിർന്ന കാരണവരായി നിൽക്കുന്ന ക്രെറ്റ എന്നത്. നിങ്ങളുടെ അടുത്തുളള ഷോറൂമുകൾ സന്ദർശിക്കുകയും വാഹനം കൂടുതലായി അടുത്ത് കാണുകയും പരിചയപ്പെടാനും ശ്രമിക്കുക. കമ്പനി വാഹനത്തിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ എല്ലാം കണ്ടറിയുക എന്നത് വളരെ പ്രധാനമാണ്. വാഹനത്തെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








