മോഡേൺ ടെക്കും കംഫർട്ടുകളുമില്ലാതെ സിമ്പിളായി ക്രെറ്റ; ബേസ് വേരിയ്റിൽ വരുന്നത് ഇവയൊക്കെ
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇന്ത്യൻ ഉപഭോക്താക്കൾ വളരെ ബജറ്റ് അവബോധമുള്ളവരാണ്. ഇക്കാരണത്താൽ തന്നെ ഓരോ വാഹന നിർമ്മാതാക്കളും തങ്ങളുടെ കാറുകൾക്ക് ഒരു ബേസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നു, ഈ വർഷം ഇന്ത്യൻ വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറായ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.
ഇത്തവണയും കമ്പനി ക്രെറ്റയെ അടിസ്ഥാന വേരിയന്റിൽ എത്തിക്കും, ഇത് പുതിയ മിഡ് സൈസ് എസ്‌യുവിയുടെ 'E' വേരിയന്റായിരിക്കും. പുതിയ 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് 'E' വേരിയന്റിൽ എന്തെല്ലാം വരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പുതിയ ഹ്യുണ്ടായി ക്രെറ്റ 'E' വേരിയന്റിന്റെ വീഡിയോ അവരുടെ ചാനലിൽ മോട്ടോർക്രേസ് എന്ന ചാനലാണ് പങ്കിട്ടിരിക്കുന്നത്. ഈ പ്രത്യേക 'E' വേരിയന്റ് എല്ലായ്പ്പോഴും ക്രെറ്റ ലൈനപ്പിലെ ഏറ്റവും ജനപ്രിയവും വാല്യു ഫോർ മണി വേരിയന്റുകളിൽ ഒന്നായി തുടരുന്നു. ഇത്തവണയും, ഈ വേരിയന്റിൽ മാന്യമായ ഫീച്ചറുകളോടെയാണ് ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്ലോഗർ കൂട്ടിച്ചേർക്കുന്നു.
എക്സ്റ്റീരിയർ രൂപകൽപ്പന: പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 'E' വേരിയന്റിന്റെ കീകൾ കാണിച്ചുകൊണ്ടാണ് വ്ലോഗർ ആരംഭിക്കുന്നത്, അവ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ് എന്ന് നമുക്ക് മനസിലാക്കാം. ലോക്ക്, അൺലോക്ക്, ബൂട്ട് ഓപ്പണിംഗ് ബട്ടണുകൾക്കൊപ്പം വരുന്ന ഒരു ഫ്ലിപ്പ് കീയാണിത്. ഇതിനുശേഷം, അദ്ദേഹം കാറിന്റെ എക്സ്റ്റീരിയർ ഡിസൈൻ കാണിക്കാൻ തുടങ്ങുന്നു.

തുടക്കത്തിൽ ഫ്രണ്ട് ഫാസിയ കാണിക്കുകയും പുതിയ 'L' -ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഇത് വരുന്നു എന്ന് പരാമർശിക്കുകയും ചെയ്യുന്നു, എന്നാൽ കണക്റ്റഡ് ലൈറ്റ് ബാർ ഇതിൽ കാണുന്നില്ല. ഗ്രില്ലിന് ക്രോം ഘടകങ്ങളും നഷ്‌ടപ്പെടുന്നു, പകരം ഗ്രേ നിറത്തിലുള്ള ഘടകങ്ങൾ ലഭിക്കുന്നു. കൂടാതെ, ഇത് LED ഹെഡ്‌ലൈറ്റുകൾക്ക് പകരം പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളുമായിട്ടാണ് വരുന്നത്. കൂറ്റൻ സിൽവർ സ്കിഡ് പ്ലേറ്റോടെയാണ് കാർ എത്തുന്നത്.
സൈഡ് പ്രൊഫൈൽ: മുൻഭാഗത്തെ വിശേഷങ്ങൾ പങ്കുവെച്ചതിന് ശേഷം, അവതാരകൻ കാറിന്റെ സൈഡ് പ്രൊഫൈൽ കാണിക്കുന്നു. പുതിയ ഡയമണ്ട് കട്ട് അലോയി വീലുകൾ കമ്പനി നൽകുന്നില്ല. എന്നാൽ മുൻ-തലമുറ മോഡലിന്റെ അതേ അലോയികളുടെ ഡിസൈനിൽ വരുന്ന വീൽ കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ ഇതിന് ലഭിക്കുന്നു. കൂടാതെ, ഇതിന് റൂഫ് റെയിലുകളോ ക്രോം ഗാർണിഷോ ലഭിക്കുന്നില്ല. നാലു വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ ഘടിപ്പിച്ചത് മാത്രമാണ് സൈഡ് പ്രൊഫൈലിൽ എടുത്തുപറയാൻ ഉള്ളത്.

റിയർ പ്രൊഫൈൽ: അടുത്തതായി, അവതാരകൻ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 'E' വേരിയന്റിന്റെ പിൻഭാഗത്തെ ഡിസൈൻ കാണിക്കുന്നു. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിയർ പ്രൊഫൈലിന് പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നുണ്ടെന്നും ഇത് 'E' വേരിയന്റിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പരാമർശിക്കുന്നു. എന്നിരുന്നാലും, റിയർ വിൻഡോ വൈപ്പർ & വാഷർ, ഡീഫോഗർ എന്നിവ വരുന്നില്ല. ഇതിന് ഒരു ഷാർക്ക് ഫിൻ ആന്റിനയ്ക്ക് പകരം പരമ്പരാഗത ബ്ലാക്ക് ഷോർട്ട് ആന്റിന ലഭിക്കുകയും ചെയ്യുന്നു.
ഇന്റീരിയർ: എക്സ്റ്റീരിയറിന്റെ വിശദമായ വോക്ക്എറൗണ്ട് നൽകിയ ശേഷം, അവതാരകൻ എസ്‌യുവിയുടെ ഇന്റീരിയർ കാണിക്കുന്നു. ഇന്റീരിയർ വളരെ അടിസ്ഥാനപരമാണെന്നും കൂടുതൽ എക്യുപ്മെന്റുകൾ ഒന്നു വരുന്നില്ലെന്നും അദ്ദേഹം പരാമർശിക്കുന്നു. നാല് പവർ വിൻഡോകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ, മാനുവൽ എയർ കണ്ടീഷനിംഗ് സിസ്റ്റം, ഓട്ടോ സ്റ്റാർട്ട് -സ്റ്റോപ്പ്, സ്റ്റെബിലിറ്റി കൺട്രോൾ, ഹെഡ്‌ലൈറ്റ് ലെവലർ എന്നിവ ബേസ് വേരിയന്റിന്റെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 'E' വേരിയന്റിന് ഒരു മ്യൂസിക് സിസ്റ്റം വരാത്തതിനാൽ സ്റ്റിയറിംഗിൽ കൺട്രോളുകളുമില്ല. സ്റ്റിയറിങ്ങിലെ ഏക കൺട്രോളുകൾ MID ഡിസ്പ്ലേയ്ക്കുള്ളത് മാത്രമാണ്. കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള കംഫർട്ട് ഫീച്ചറുകളും ലഭിക്കുന്നില്ല. എന്നിരുന്നാലും മാന്യമായ ഒരു പാക്കേജായി തന്നെയാണ് ഇതിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.
പവർട്രെയിൻ ഓപ്ഷനുകൾ: പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ലഭിക്കുന്നത് തുടരും. കൂടാതെ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പകരം കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും നിർമ്മാതാക്കൾ നൽകും. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, മാനുവൽ, ഓട്ടോമാറ്റിക്, iVT, DCT ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം പുതിയ ക്രെറ്റ വാഗ്ദാനം ചെയ്യും.


Click it and Unblock the Notifications








