ഇത് മാസ്! മുഖം മിനുക്കി ഒറ്റ മാസത്തിൽ അര ലക്ഷം ബുക്കിംഗ്; 7 മാസത്തിൽ ഒരു ലക്ഷമടിച്ച സെൽറ്റോസിനെ തൂക്കി ക്രെറ്റ
ക്രെറ്റയ്ക്ക് 2024 ജനുവരിയിൽ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റ് ഹ്യുണ്ടായി നൽകിയിരുന്നു, പുതിയ ഡിസൈനും പുതിയ ഫീച്ചറുകളും ഇതോടൊപ്പം വാഹനത്തിന് ലഭിച്ചു. ഹ്യുണ്ടായി ജനുവരി ആദ്യവാരം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റയ്‌ക്കുള്ള ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു, ഒരു മാസത്തിനുള്ളിൽ കോംപാക്ട് എസ്‌യുവി 51,000 ബുക്കിംഗുകൾ കരസ്ഥമാക്കി എന്നതാണ് ശ്രദ്ധേയം.
ഫീച്ചറുകളുടെ കാര്യത്തിൽ 2024 ഹ്യുണ്ടായി ക്രെറ്റയ്ക്ക് വളരെ സമഗ്രമായ അപ്‌ഡേറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ (ഒന്ന് ഇൻഫോടെയിൻമെൻ്റിനും മറ്റൊന്ന് ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും), ഡ്യുവൽ സോൺ എസി, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, എട്ട് തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്നവ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360 -ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ്, ഡിപ്പാർച്ചർ വാർണിംഗ് എന്നിവയുൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ പരിപാലിക്കുന്നത്.
മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായിട്ടാണ് 2024 ക്രെറ്റയെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. അവയിൽ 115 PS പവറും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ, 160 PS പവറും 253 Nm torque -മായി വരുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ഉൾപ്പെടുന്നു.

കൂടാതെ 116 PS കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും നിർമ്മാതാക്കൾ വാഗ്ദാവം ചെയ്യുന്നു. NA പെട്രോൾ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് CVT ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും, ടർബ്ബോ പെട്രോൾ പതിപ്പ് ഏഴ് സ്പീഡ് DCT യൂണിറ്റുമായി വരും, ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.
മുകളിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നിലവിൽ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ (DCT) പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ഹ്യുണ്ടായി ക്രെറ്റ N -ലൈനിൻ്റെ അവതരണത്തോടെ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ഹ്യുണ്ടായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ N -ലൈൻ പതിപ്പ് അധികം താമസിയാതെ തന്നെ നിർമ്മാതാക്കൾ വിപണിയിൽ എത്തിക്കും.

2024 ഹ്യുണ്ടായി ക്രെറ്റയുടെ എക്സ്-ഷോറൂം വില 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ്. കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് എന്നിവയ്‌ക്കെതിരെയാണ് ഈ കൊറിയൻ എസ്‌യുവി മോഡൽ മത്സരിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ ജൂലൈയിൽ അപ്പ്ഡേറ്റുമായി എത്തിയതിന് ശേഷം സെൽറ്റോസ് ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിട്ടതായി കിയ വ്യക്തമാക്കിയിരുന്നു, അതുമായി താരതമ്യപ്പെടുത്തുമ്പോൾ പുത്തൻ ക്രെറ്റ അപ്പ്ഡേറ്റുകളോടെ വിപണിയിൽ എത്തി ഒരു മാസത്തിനുള്ളിൽ അര ലക്ഷം യൂണിറ്റ് ബുക്കിംഗ് പിന്നിട്ടിക്കുകയാണ്. ഇത് സെഗ്മെന്റിൽ ക്രെറ്റയ്ക്കുള്ള ആധിപത്യം വ്യക്തമാക്കുന്നു.


Click it and Unblock the Notifications








