5 പേര്‍ക്ക് സുഖിച്ച് പോകാം, 21.8 കി.മീ മൈലേജും! ക്രെറ്റ കൂടുതല്‍ 'ഓടിക്കാന്‍' ഹ്യുണ്ടായിയുടെ പുത്തന്‍ അടവ്
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. എതിരാളികള്‍ നിരവധി പേര്‍ വന്ന പോയെങ്കിലും സി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തില്‍ അജയ്യരായി വാഴുകയാണ് ക്രെറ്റ. ഈ വര്‍ഷം ജനുവരിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് കൂടി ലഭിച്ചതോടെ ക്രെറ്റയുടെ വില്‍പ്പന കുത്തനെ കൂടിയിരുന്നു. കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ 6 മാസം കൊണ്ട് 90000-ത്തിലേറെ യൂണിറ്റ് വില്‍പ്പനയാണ് ക്രെറ്റ നേടിയെടുത്തത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തി ഒരു വര്‍ഷം കൂടി പിന്നിടുന്നതിന് മുമ്പേ ക്രെറ്റയുടെ പുതിയ ടെസ്റ്റ് മ്യൂളുകള്‍ പരീക്ഷണയോട്ടം നടത്തുന്നത് ഇപ്പോള്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. എന്താണ് ഹ്യുണ്ടായി പുതുതായി ക്രെറ്റയില്‍ കൊണ്ടുവരാന്‍ പോകുന്നതെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ഹ്യുണ്ടായി ക്രെറ്റ നല്ല രീതിയില്‍ മറയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫ്രണ്ട് ഗ്രില്‍, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്ലൈറ്റുകള്‍ എന്നിവ കാണാന്‍ കഴിയും. ഇവ ഔട്ട്ഗോയിംഗ് മോഡലുയുമായി ഏതാണ്ട് സമാനമാണെന്നതിനാല്‍ ടെസ്റ്റ് മ്യൂളിലെ മാറ്റങ്ങള്‍ മെക്കാനിക്കല്‍ ആയിരിക്കാം. പുതിയ ക്രെറ്റ എസ്‌യുവിയില്‍ ഹ്യുണ്ടായി ഇതിനകം തന്നെ പുതിയ 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ചതിനാല്‍ അടുത്ത മെക്കാനിക്കല്‍ അപ്ഡേറ്റ് സിഎന്‍ജി പവര്‍ട്രെയിനായിരിക്കാം.

ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡായ കിയയും ഇതേ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില ഇപ്പോഴും ഉയരത്തില്‍ നില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ബദല്‍ ഓപ്ഷനുകള്‍ തേടുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു അപ്‌ഡേറ്റ് ലഭിക്കുകയാണെങ്കില്‍ അത് ക്രെറ്റയുടെ ജനപ്രിയത വീണ്ടും ഉയര്‍ത്തുമെന്ന് മാത്രമല്ല സെഗ്‌മെന്റ് മൊത്തത്തില്‍ ഇളക്കി മറിക്കുകയും ചെയ്യും. ക്രെറ്റ എസ്‌യുവി യുടെ നിലവിലുള്ള ജനപ്രീതി കാരണം ധാരാളം ഉപഭോക്താക്കള്‍ സിഎന്‍ജി പരിഗണിക്കാന്‍ തയാറാകും.
പുതിയ 1.5-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി പവര്‍ട്രെയിനിന്റെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ പെട്രോള്‍ മോഡിനെ അപേക്ഷിച്ച് സിഎന്‍ജി മോഡില്‍ നേരിയ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ നാമമാത്രമായ ഇടിവ് നേരിട്ടാലും സിഎന്‍ജി പ്രവര്‍ത്തന ചെലവ് ഗണ്യമായി കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലിറ്ററിന് 17.4 മുതല്‍ 21.8 കിലോമീറ്റര്‍ വരെ മൈലേജാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.
സെഗ്‌മെന്റില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വരുന്നുണ്ട്. കിലോഗ്രാമിന് 26.6 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ ഇന്ധനക്ഷമത. സമാനമായ ഇന്ധനക്ഷമത കണക്കുകള്‍ തന്നെ ക്രെറ്റ സിഎന്‍ജിയിലും നമുക്ക് പ്രതീക്ഷിക്കാം. ഗിയര്‍ബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും സിഎന്‍ജി പവര്‍ട്രെയിനിന്റെ സവിശേഷതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ 7-സ്പീഡ് DCT യൂണിറ്റും ഹ്യുണ്ടായി ട്യൂണ്‍ ചെയ്‌തേക്കാം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഹ്യുണ്ടായി പേറ്റന്റ് ചെയ്തിരുന്നു.സിംഗിള്‍ സിഎന്‍ജി ടാങ്കുമായാണ് നിലവില്‍ ഹ്യുണ്ടായിയുടെ സിഎന്‍ജി കാറുകള്‍ വില്‍പ്പനയക്കെത്തുന്നത്. ഇത് ഡ്യുവല്‍ ടാങ്ക് സജ്ജീകരണത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടാനാണ് സാധ്യത. ലോവര്‍ എന്‍ഡ് വാഹനങ്ങള്‍ക്ക് ഹൈ-സിഎന്‍ജി സിംഗിള്‍ സിലിണ്ടര്‍ കിറ്റുകളും കൂടുതല്‍ പ്രീമിയം വാഹനങ്ങള്‍ക്ക് ഹൈ-സിഎന്‍ജി ഡ്യുവോ ഇരട്ട സിലിണ്ടര്‍ കിറ്റുകളും ലഭിക്കും.
ടാറ്റ ഇതിനോടകം തന്നെ ഈ സാങ്കേതികവിദ്യ തങ്ങളുടെ കാറുകളില്‍ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞു. ഡ്യുവല്‍ സിഎന്‍ജി ടാങ്കുകള്‍ സഹിതം ക്രെറ്റ സിഎന്‍ജിയെ ഹ്യുണ്ടായി അവതരിപ്പിക്കും. ഹൈ-സിഎന്‍ജി ഡ്യുവോ വരുന്നതോടെ സിഎന്‍ജി കാറുകളിലെ ലഗേജ് ഏരിയ കുറയുന്നുവെന്ന പരാതിക്ക് പരിഹാരമാകും. സിഎന്‍ജി സ്റ്റോറേജ് രണ്ട് സിലിണ്ടറുകളായി വിഭജിച്ച് ബൂട്ടില്‍ വൃത്തിയായി ഒതുക്കി നിര്‍ത്തുകയാണ് ചെയ്യുക.
തിരഞ്ഞെടുത്ത ട്രിം ലെവലുകള്‍ക്കൊപ്പം ക്രെറ്റ സിഎന്‍ജി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിന് ശേഷം ഹ്യുണ്ടായി ക്രെറ്റ സിഎന്‍ജി പുറത്തിറക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പുത്തന്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടായി വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സൈറ്റോ ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കുക.


Click it and Unblock the Notifications








