മാരുതിയുടെ പിറകിലല്ല, ഒപ്പം നടക്കാനാണ് ഇഷ്ടമെന്ന് ഹ്യുണ്ടായി! ക്രെറ്റ ഇവി എന്ന് പുറത്തിറങ്ങുമെന്ന് അറിയാം
ആഗോള തലത്തില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന മന്ദഗതിയിലായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അവയുടെ ആവശ്യം വര്‍ധിച്ച് വരികയാണ്. രാജ്യത്ത് ഇപ്പോള്‍ പ്രധാനപ്പെട്ട ഇവി നിര്‍മാതാക്കള്‍ ടാറ്റ മോട്ടോര്‍സും എംജിയുമാണ്. ഇതില്‍ എംജി 2024 ഒക്ടോബറില്‍ ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ വിറ്റത് ഇലക്ട്രിക് കാറുകളാണ്. പുതുവര്‍ഷം പിറക്കുന്നതോടെ സെഗ്മെന്റിലെ സമവാക്യങ്ങള്‍ ആകെ മാറാന്‍ പോകുകയാണ്. കാരണം 2024 ജനുവരിയോടെ രണ്ട് അതികായന്‍മാര്‍ കൂടി ഇന്ത്യന്‍ ഇവി സ്പെയ്സില്‍ വമ്പന്‍ ചൂതാട്ടത്തിന് ഇറങ്ങാന്‍ പോകുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും അവരുടെ രണ്ട് കിടിലന്‍ മോഡലുകള്‍ പുറത്തിറക്കാന്‍ പോകുകയാണ്.
ഹ്യുണ്ടായി ഇതിനോടകം തന്നെ ഒന്നിലേറെ ഇവികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അതൊന്നും മാസ് മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ ആയിരുന്നില്ല. ഇവികളുടെ കാര്യത്തില്‍ മാരുതിയുടെ പിന്നില്‍ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ടമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഹ്യുണ്ടായി അവരുടെ ഏറ്റവും മികച്ച കാറിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്. ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പാണ് അത്. അതിന്റെ ലോഞ്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

നിലവില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ അയോണിക് 5 ഇലക്ട്രിക് കാര്‍ മോഡല്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഈ കമ്പനി കോന എന്ന ഇലക്ട്രിക് കാര്‍ മോഡലും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഈ കാര്‍ ഇപ്പോള്‍ വില്‍പ്പനക്കില്ല. അയോണിക് 5 എന്നത് ഒരു പ്രീമിയം മോഡല്‍ ആയതിനാല്‍ തന്നെ സാധാരണക്കാരായ ആളുകള്‍ ആ വഴി നോക്കേണ്ടതില്ല. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ക്രെറ്റയെ ഇലക്ട്രിക് കുപ്പായമണിയിച്ച് കൊണ്ടുവരാന്‍ കൊറിയക്കാര്‍ തീരുമാനിച്ചത്.
ഈ ഘട്ടത്തില്‍ ഈ കാറിന്റെ അരങ്ങേറ്റം ജനുവരി മാസത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ക്രെറ്റ ഇവി (Hyundai Creta EV) ജനുവരിയില്‍ അരങ്ങേറുമെന്ന് അടുത്തിടെ നടന്ന നിക്ഷേപക സംഗമത്തില്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ തരുണ്‍ ഗാര്‍ഗ് സ്ഥിരീകരിച്ചിട്ടുണ്ട്. മാരുതിയുടെ ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയും ജനുവരിയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാന്‍ പോകുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ സവിശേഷതകളും റേഞ്ചും പ്രതീക്ഷിക്കുന്ന വിലയുമെല്ലാം നമുക്ക് പരിശോധിക്കാം.
ഈ വര്‍ഷം ജനുവരിയിലായിരുന്നു ക്രെറ്റയുടെ ഐസിഇ പതിപ്പ് മുഖംമിനുക്കി എത്തിയത്. വരാന്‍ പോകുന്ന ക്രെറ്റ ഇവി ഡിസൈനിന്റെ കാര്യത്തില്‍ ഇതുമായി ഏറെക്കുറേ സമാനതകള്‍ പുലര്‍ത്തുമെന്നാണ് അറിയുന്നത്. എന്നിരുന്നാലും ഇവി നിര്‍ദിഷ്ഠ മാറ്റങ്ങള്‍ ഉണ്ടാകും. ക്ലോസ്ഡ് ഗ്രില്‍, ലോഗോ, വ്യത്യസ്തായ സ്റ്റിക്കര്‍ വര്‍ക്കുകള്‍ എന്നിവ പ്രതീക്ഷിക്കാം. ക്രെറ്റ ഐസിഇ പതിപ്പിന് സമാനമായ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും ഹെഡ്ലൈറ്റ് സെറ്റപ്പും ക്രെറ്റ ഇവിക്ക് ലഭിക്കുമെന്നാണ് കാറിന്റെ ടെസ്റ്റ് മ്യൂളുകള്‍ സൂചിപ്പിക്കുന്ത്.
മധ്യഭാഗത്തായി ലൈറ്റ്ബാറുകളുള്ള റിയര്‍ ഡിസൈനും ഐസിഇ മോഡലില്‍ നിന്ന് കടംകൊള്ളും. 17 ഇഞ്ച് വലിപ്പമുള്ള എയ്റോഡൈനാമിക് ഡിസൈനുള്ള അലോയ്വീലുകള്‍ ക്രെറ്റ ഇവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഒന്നായിരിക്കും. അകത്തളത്തില്‍ ഒരുക്കുന്ന സവിശേഷതകളുടെ കാര്യത്തില്‍ ക്രെറ്റ ഇവി അല്‍പ്പം മുകളില്‍ നില്‍ക്കുമെന്നാണ് ഇതുവരെ പുറത്തുവന്ന സ്പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇവിക്ക് ലഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 3 സ്പോക് സ്റ്റിയറിംഗ് വീലും അയോണിക് 5 ഇവിക്ക് സമാനമായ രീതിയില്‍ വളയത്തിന് പിന്നില്‍ ഡ്രൈവ് സെലക്റും നല്‍കുമെന്ന് കരുതുന്നു.
ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിക്കും. ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ചില അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) കാറിന്റെ സേഫ്റ്റി കിറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിയുടെ ബാറ്ററി പായ്ക്കിനെയും ഇലക്ട്രിക് മോട്ടോറിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും എതിരാളികളെപ്പോലെ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ക്രെറ്റ ഇവിയില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും കാറിന് കരുത്ത് പകരുക. ഏകദേശം 400 കിലോമീറ്ററിലധികം റേഞ്ചുമായിട്ടാകും ക്രെറ്റ ഇവി എത്തുക.
ഏകദേശം 20 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. എംജി ZS ഇവി , ടാറ്റ കര്‍വ് ഇവി, വരാനിരിക്കുന്ന മാരുതി ഇ വിറ്റാര എന്നിവയുമായാണ് ഇത് കൊമ്പുകോര്‍ക്കുക. ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV400 എന്നിവയ്ക്കുള്ള് ഒരു പ്രീമിയം ബദല്‍ കൂടി ആയിരിക്കും ഇത്. പുത്തന്‍ ഇവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ഹ്യുണ്ടായി പുറത്തുവിടും. അതിനായി നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








