ക്രെറ്റ കൊണ്ടൊന്നും നിര്‍ത്തൂല! മാര്‍ച്ചില്‍ ഹ്യുണ്ടായി ഷോറൂം നിറയ്ക്കാന്‍ ആ മോഡല്‍ വരുന്നു
2015-ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി വളരെക്കാലമായി കൈവശം വെക്കുന്ന ക്രെറ്റ അടുത്തിടെയാണ് ഇന്ത്യയില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്.
കഴിഞ്ഞ മാസം ഹ്യുണ്ടായി വന്‍തോതില്‍ അപ്ഡേറ്റ് ചെയ്ത ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചിരുന്നു. ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ 50,000 ബുക്കിംഗുകള്‍ രേഖപ്പെടുത്തി മോഡല്‍ വമ്പന്‍ ഹിറ്റാകുകയും ചെയ്തു. 5 സീറ്റുകളുള്ള മിഡ്‌സൈസ് എസ്യുവിക്ക് മുഖംമിനുക്കലിന്റെ ഭാഗമായി കോസ്മെറ്റിക് അപ്‌ഡേറ്റുകളും ഇന്റീരിയര്‍ മാറ്റങ്ങളും ലഭിച്ചു.

മാത്രമല്ല 160 bhp പവറും 253 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ശ്രേണിയില്‍ ചേര്‍ത്തതും ശ്രദ്ധേയമായി. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ച് ചെയ്യുന്ന സമയത്ത് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ എസ്‌യുവിക്ക് പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള N ലൈന്‍ വേരിയന്റ് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.
ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പേ എസ്‌യുവിയുടെ കൂടുതല്‍ ഡൈനാമികും സ്പോര്‍ട്ടിയറുമായ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ് ഹ്യുണ്ടായി. 2024 മാര്‍ച്ച് 11-ന് ക്രെറ്റ N ലൈന്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2024 ഹ്യുണ്ടായ് ക്രെറ്റ N ലൈന്‍ ഒന്നിലധികം വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങളും സ്‌പൈ ഷോട്ടുകളും ഇതിനകം ഇന്റര്‍നെറ്റില്‍ ചോര്‍ന്നിട്ടുണ്ട്.

ക്രെറ്റ ലൈനപ്പിനായി ആദ്യമായി N ലൈന്‍ അപ്ഡേറ്റ് അവതരിപ്പിക്കുന്നതിനാല്‍ ഇത് ഹ്യുണ്ടായി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. N ലൈന്‍ വേരിയന്റ് ക്രെറ്റ ലൈനപ്പിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എക്‌സ്റ്റീരിയറില്‍ ചില്ലറ അപ്‌ഗ്രേഡുകളുമായാണ് ക്രെറ്റ N ലൈന്‍ വരിക. 17 ഇഞ്ച് വീലുകള്‍ക്ക് പകരം അല്‍പ്പം കൂടി വലിയ 18 ഇഞ്ച് അലോയ് വീലുകളിലായിരിക്കും എസ്‌യുവി ഓടുക.
സിഗ്‌നേച്ചര്‍ ബ്ലൂ, റെഡ് ഫിനിഷും മാറ്റ് ഗ്രേ ഷേഡും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്കുണ്ടാകും. പുതുമയുള്ള ലുക്കിനായി എസ്‌യുവിയുടെ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാക്കും. സ്‌പോര്‍ട്ടി ഓള്‍ ബ്ലാക്ക് ഇന്റീരിയറായിരിക്കും കാറില്‍ ഒരുക്കുക. ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ് വീല്‍, സീറ്റുകള്‍ എന്നിവ N ലൈന്‍ ആക്സന്റുകളാല്‍ അലങ്കരിക്കും.

വലിയ പാഡില്‍ ഷിഫ്റ്ററുകളുള്ള ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റിയറിംഗ് വീല്‍ ഇതിന് ലഭിച്ചേക്കും. മറ്റ് N ലൈന്‍ മോഡലുകള്‍ക്ക് അനുസൃതമായി സസ്‌പെന്‍ഷന്‍ കാലിബ്രേറ്റ് ചെയ്ത് യാത്ര വേറെ ലെവലാക്കാന്‍ ശ്രമിച്ചേക്കും. സ്പോര്‍ട്ടിയര്‍ നോട്ടിനായി എക്‌സ്‌ഹോസ്റ്റ് ട്യൂണിംഗിന് വിധേയമാകുന്നതുള്‍പ്പെടെയുള്ള മെക്കാനിക്കല്‍ അപ്ഗ്രേഡുകളും പ്രതീക്ഷിക്കുന്നു.
സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ ഓഫര്‍ ചെയ്യുന്ന പുതിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഇത് ലഭ്യമാകൂ. നിലവില്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന 2024 ഹ്യുണ്ടായി ക്രെറ്റ എക്‌സ്‌ക്ലൂസീവ് ഫുള്‍ ലോഡഡ് ട്രിമ്മിലാണ് വില്‍ക്കുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇത് ജോടിയാക്കുന്നത്.

അതേസമയം N ലൈന്‍ ഒരു മാനുവല്‍ വേരിയന്റും കൂടുതല്‍ ട്രിം ലെവലുകളും അവതരിപ്പിച്ചേക്കും. ക്രെറ്റ N ലൈനിന്റെ വില സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ ഏകദേശം 1 ലക്ഷം രൂപ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 11 ലക്ഷം മുതല്‍ 20.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.
ക്രെറ്റ N ലൈനിന്റെ ടോപ് സ്‌പെക് വേരിയന്റിന് 21 ലക്ഷം രൂപ എക്സ്‌ഷോറൂം വില ലഭിച്ചേക്കാം. ആവേശകരമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്ന പ്രീമിയം കാര്‍ തിരയുന്ന ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ക്രെറ്റ N ലൈനിന് സാധിച്ചേക്കാം. ഏതായാലും വിലയും മറ്റ് വിവരങ്ങളും അറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടെ കാത്തിരുന്നാല്‍ മതി.


Click it and Unblock the Notifications








