മൈലേജ് വാരിക്കോരി തരുന്ന ഹൈബ്രിഡ് ഹൃദയം, 7 സീറ്റുകള്‍; മാരുതി-ടൊയോട്ട കൂട്ടുകെട്ട് പൊളിക്കാന്‍ ഹ്യുണ്ടായി
മാരുതി സുസുക്കിക്ക് പിന്നില്‍ ഇന്ത്യയില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. എസ്‌യുവി, ഹാച്ച്ബാക്ക്, സെഡാന്‍ സെഗ്‌മെന്റുകളിലായി വൈവിധ്യമാര്‍ന്ന ശ്രേണിയില്‍ കൊറിയന്‍ കമ്പനി കാറുകള്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയില്‍ മിഡ്‌സൈസ് സി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സെഗ്‌മെന്റിനകത്ത് തന്നെ പുത്തന്‍ സെഗ്‌മെന്റുകള്‍ രൂപപ്പെട്ടതായി നമുക്ക് കാണാം. ഈ വിഭാഗത്തില്‍ ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഈ ലിസ്റ്റിലേക്ക് കൊറിയന്‍ കമ്പനി നാലാമത്തെ മോഡല്‍ കൂടി ചേര്‍ക്കാന്‍ പോകുന്നതായാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നമുക്ക് വായിക്കാം.
പൂനെയ്ക്ക് സമീപം തലേഗാവില്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ മോട്ടോര്‍സ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാന്റ് ഈ വര്‍ഷം ജനുവരിയില്‍ ഹ്യുണ്ടായി ഏറ്റെടുത്തിരുന്നു. എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഹ്യുണ്ടായി ഇതുവഴി നടത്തിയത്. ഈ പ്ലാന്റില്‍ ഹ്യുണ്ടായി 6000 കോടി രൂപ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാന്‍ പോകുകയാണ്. എസ്‌യുവിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്ലാന്റില്‍ പുതിയ വാഹനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി.

അല്‍കസാറിനും ട്യൂസോണിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഒരു പുത്തന്‍ എസ്‌യുവി ഹ്യുണ്ടായി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രമുഖ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മുതല്‍ 30 മാസത്തിനുള്ളില്‍ ഈ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന ആദ്യ ഹൈബ്രിഡ് കാര്‍ മോഡല്‍ ആയിരിക്കും ഇത്. Ni1i എന്നാണ് ഈ കാറിന്റെ കോഡ് നാമം.
മാരുതി സുസുക്കി, ടൊയോട്ട എന്നീ കാറുകള്‍ പെട്രോള്‍ ഹൈബ്രിഡ് മോഡലുകളുമായി വിപണി കൈയ്യടക്കുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയും ഈ വിഭാഗത്തില്‍ ഒരു കൈനോക്കാന്‍ എത്തുന്നത്. ആഗോള തലത്തില്‍ ഇവികള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ ഹൈബ്രിഡുകളിലേക്ക് പല കമ്പനികളും ശ്രദ്ധ തിരിരിച്ചിട്ടുണ്ട്. ഇന്ത്യയിലും ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ഈ പുതിയ ഹ്യുണ്ടായി കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
എന്നിരുന്നാലും ഇതിന് ട്യൂസോണിനേക്കാള്‍ അല്‍പ്പം നീളം കൂടുതലായിരിക്കുമെന്ന് പറയപ്പെടുന്നു. 4630 മില്ലിമീറ്ററാണ് ട്യൂസോണിന്റെ നീളം. ചൈനയില്‍ വില്‍ക്കുന്ന ട്യൂസോണിന്റെ ലോംഗ് വീല്‍ബേസ് പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും വരാന്‍ പോകുന്ന ഹൈബ്രിഡ് എസ്‌യുവി പണികഴിപ്പിക്കുകയെന്നാണ് പറയപ്പെടുന്നത്. ഇത് മൂന്ന്-വരി സീറ്റിംഗ് ലേഔട്ടിലായിരിക്കും വരിക. അകത്തളം വിശാലമായ കാര്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയ്ക്ക് എതിരാളിയാകും.
പുതിയ എസ്‌യുവിയില്‍ ഏത് എഞ്ചിനാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുള്ള ട്യൂസോണില്‍ സജ്ജീകരിച്ച 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണി കണക്കിലെടുത്ത് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ നിലവില്‍ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി സംയോജിപ്പിച്ച് ഹ്യുണ്ടായി ഒരു പുതിയ എഞ്ചിന്‍ വികസിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹം.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി ക്രമേണ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വിറ്റുപോയ 4.23 ദശലക്ഷം കാറുകളില്‍ 89000 എണ്ണം ഹൈബ്രിഡ് മോഡലുകളാണ്. മറുവശത്ത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 99000 യൂണിറ്റായിരുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന തമ്മിലുള്ള അന്തരം കുറഞ്ഞ് വരുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലിനീകരണം കുറക്കുന്നതിനൊപ്പം മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൂടുതല്‍ പോപ്പുലറാകുകയാണ്.
ഇതിനോടകം തന്നെ ഹൈബ്രിഡ് കാറുകളിലൂടെ മികച്ച വില്‍പ്പന നേട്ടമാണ് ടൊയോട്ടയും മാരുതിയും ആസ്വദിക്കുന്നത്. y17 എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിട്ടുള്ള ഒരു പുതിയ ഹൈബ്രിഡ് കാറിന്റെ പണിപ്പുരയിലാണ് മാരുതി സുസുക്കി ഇപ്പോള്‍. 2027-ല്‍ ഈ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോഡലുമായും ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവി മത്സരിക്കും.
പെട്രോള്‍-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഈ വരാനിരിക്കുന്ന മോഡലുകള്‍ കൂടുതല്‍ സുസ്ഥിരമായ ഓപ്ഷനുകളിലേക്കുള്ള ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ മാറ്റത്തിന്റെ തെളിവ് മാത്രമല്ല, ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകളും പ്രതിഫലിപ്പിക്കുന്നു. മത്സരം ചൂടുപിടിക്കുമ്പോള്‍ ഫാമിലി ഫ്രണ്ട്‌ലിയായ പരിസ്ഥിതി സൗഹൃദ വാഹനങ്ങളോട് അടുക്കുന്ന വിപണി ഈ മോഡലുകളെ എങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് കാണാം.


Click it and Unblock the Notifications








