ഇക്കാര്യത്തില്‍ പഞ്ചിന് മുമ്പേ 'ഗോള്‍' അടിക്കാന്‍ എക്‌സ്റ്റര്‍! ആര് കണ്ടാലും വാങ്ങിപ്പോകും
സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ കൊണ്ട് കച്ചവടം പിടിക്കാനാകുമെന്ന് തെളിയിച്ച കാര്‍ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. പിന്നാലെ മാരുതിയടക്കമുള്ള കാര്‍ കമ്പനികളും വില്‍പ്പന ഉയര്‍ത്താനായി പയറ്റുന്നത് ഇതേ അടവാണ്. ഹാച്ച്ബാക്ക് കാറുകളുടെ വില്‍പ്പനയിലെ മാന്ദ്യം മറികടക്കാനായി മാരുതി അടുത്തിടെ ഡ്രീം സീരീസ് എന്ന സ്പഷ്യല്‍ എഡിഷന്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി (Hyundai) മുമ്പ് പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്കും വെന്യുവിനും നൈറ്റ് എഡിഷന്‍ (Knight Edition) എന്ന സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് സമ്മാനിച്ചിരുന്നു.
ഇപ്പോള്‍ തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവിയായ എക്സ്റ്ററിന് ആദ്യ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി. എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്റെ വരവിന് കാഹളമൂതിക്കൊണ്ട് കാറിന്റെ ടീസര്‍ ഹ്യുണ്ടായി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു. 'നൈറ്റ് എഡിഷന്‍' എന്ന ഫുള്‍ ബ്ലാക്ക്-ഔട്ട് പതിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി കാറായി എക്‌സ്റ്റര്‍ മാറും.

റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ് എന്നിവയുള്‍പ്പെടെ 3 ഡ്യുവല്‍ ടോണ്‍, 6 മോണോ ടോണ്‍ നിറങ്ങളിലാണ് ഈ കുഞ്ഞന്‍ എസ്യുവി നിലവില്‍ ഓഫര്‍ ചെയ്യുന്നത്. നിലവില്‍ എക്സ്റ്ററിനൊപ്പം ബ്ലാക്ക് ഷെയ്ഡൊന്നും ലഭ്യമല്ല. ഒരു നൈറ്റ് എഡിഷന്‍ കൊണ്ടുവന്ന് എക്സ്റ്ററിനെ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. ടാറ്റ പഞ്ചിന്റെ ഡാര്‍ക്ക് എഡിഷന്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല എന്നതും കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.
അതിനാല്‍, ഓള്‍ ബ്ലാക്ക് തീമില്‍ വരുന്ന സെഗ്‌മെന്റിലെ ആദ്യ വാഹനം കൂടിയായി എക്‌സ്റ്റര്‍ മാറും. ടീസറിലേക്ക് കണ്ണോടിക്കുമ്പോള്‍ ബ്ലാക്ക് തീമില്‍ ടെയില്‍ഗേറ്റില്‍ റെഡ് ഗാര്‍ണിഷുകളും കറുപ്പില്‍ തീര്‍ത്ത പില്ലറുകളും റൂഫ് സ്പോയിലറും കാണാം. ഗ്രില്‍, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, റൂഫുകള്‍, ടെയില്‍ഗേറ്റിലെ ലെറ്ററിംഗുകള്‍, ലോഗോകള്‍ എന്നിവയിലേക്ക് ബ്ലാക്ക് ട്രീറ്റ്മെന്റ് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്റെ അകത്തളത്തിലും ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ഉണ്ടാകും. ഹെഡ്റെസ്റ്റുകളില്‍ ബാഡ്ജുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് തീമും ഫീച്ചര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. മൈക്രോ എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റില്‍ കാര്യമായ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ തീം ഫ്‌ലോര്‍ മാറ്റുകളും സില്‍ ഗാര്‍ഡുകളും കാറില്‍ വരുമെന്നാണ് സൂചന.
സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയാണ് എക്‌സ്റ്ററിന്റെ ക്യാബിനിലെ ശ്രദ്ധേയ ഫീച്ചറുകള്‍. കണക്റ്റഡ് കാര്‍ ടെക്നോളജി, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഉണ്ടാവുകയില്ല. 81 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന് കരുത്ത് പകരുന്നത്. 5 സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. എക്സ്റ്ററിന്റെ സിഎന്‍ജി വേരിയന്റും ഹ്യുണ്ടായി പുറത്തിറക്കുന്നുണ്ട്. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്.
സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഈ എഞ്ചിന്റെ പവര്‍ 68 bhp-യും ടോര്‍ക്ക് 96 Nm ആയും കുറയുന്നു. എക്സ്റ്റര്‍ സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍ സിഎന്‍ജി പവര്‍ട്രെയിനിനൊപ്പം അവതരിപ്പിക്കുമോ എന്ന കാര്യം ഉറപ്പില്ല. മികച്ച ഇന്ധനക്ഷമതയാണ് എക്‌സ്റ്ററിന്റെ ഒരു പ്രത്യേകത.
ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ചിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ 6.13 ലക്ഷം മുതല്‍ 10.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








