പ്രീമിയം ബൈക്കിന്റെ മൈലേജുള്ള കാര്‍ 6 ലക്ഷം രൂപക്ക്! നല്ല ക്ഷമയുള്ളോര്‍ക്ക് തരാമെന്ന് ഹ്യുണ്ടായി
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഓളമുണ്ടാക്കിയ കാര്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു ഹ്യുണ്ടായി എക്സ്റ്റര്‍. മൈക്രോ എസ്‌യുവി സെഗ്‌മെന്റ് ഒറ്റക്ക് ഭരിച്ചിരുന്ന ടാറ്റ പഞ്ചിന് എല്ലാ അര്‍ത്ഥത്തിലും ഒത്ത എതിരാളിയായി എത്തിയ എക്‌സ്റ്റര്‍ ചുരുങ്ങിയ നാള്‍ കൊണ്ട് ലക്ഷം യൂണിറ്റ് ബുക്കിംഗ് വാരിക്കൂട്ടി ബമ്പര്‍ ഹിറ്റായി മാറി.
2023 ജൂലൈയിലാണ് ഹ്യുണ്ടായി എക്സ്റ്റര്‍ മൈക്രോ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍, പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാര്‍ വില്‍ക്കുന്നത്. നിങ്ങള്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ വണ്ടി ഇപ്പോള്‍ ബുക്ക് ചെയ്താല്‍ എന്ന് കൈയ്യില്‍ കിട്ടുമെന്ന് അറിയണ്ടേ. ഹ്യുണ്ടായി എക്സെറ്ററിന്റെ 2024 ജനുവരിയിലെ കാത്തിരിപ്പ് കാലയളവ് എത്രയുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞ് താരാം.

6 ലക്ഷം രൂപക്കടുത്ത് ബജറ്റില്‍ മികച്ച സേഫ്റ്റി, ഫീച്ചറുകള്‍, മൈലേജ് എന്നിവ വാഗ്ദാനം ചെയ്യുന്ന കാറിന് വമ്പന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച്, എക്‌സ്റ്ററിന്റെ എന്‍ട്രി ലെവല്‍ EX, EX(O) വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് 36 മുതല്‍ 38 ആഴ്ചയാണ്. അതായത് ബുക്കിംഗ് ദിവസം മുതല്‍ 36 മുതല്‍ 38 ആഴ്ച കാത്തിരുന്നാല്‍ മാത്രമേ കാര്‍ വീട്ടുമുറ്റത്ത് എത്തിക്കാനാകൂ. എക്റ്ററിന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ളത് ഈ രണ്ട് വേരിയന്റുകള്‍ക്കാണ്.
ഇതല്ലാത്ത മറ്റ് പെട്രോള്‍ വേരിയന്റുകളുടെ കാത്തിരിപ്പ് കാലാവധി നിലവില്‍ 18 ആഴ്ചയാണ്. അതേസമയം എക്‌സ്റ്റര്‍ CNG വേരിയന്റുകള്‍ ബുക്ക് ചെയ്തവര്‍ നിലവില്‍ 14 ആഴ്ച കാത്തിരിക്കണം. ഒരുചെറു എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിലും ഒത്തിരി കൂടുതല്‍ ഫീച്ചറുകള്‍ കൊറിയന്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി കിട്ടാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ ഒരുക്കമാണെന്നാണ് തോന്നുന്നത്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് മൊബൈല്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഹ്യുണ്ടായി എക്‌സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍. ഗ്രാന്‍ഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എക്സ്റ്ററും ഒരുക്കിയിരിക്കുന്നത്.
വലിപ്പം നോക്കിയാല്‍ ഇതിന് 3,815 mm നീളവും 1,710 mm വീതിയും 1,631 mm ഉയരവുമുണ്ട്. 2,450 mm വീല്‍ബേസും 185 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിക്കുന്നു. ഗ്രാന്‍ഡ് i10 നിയോസിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകളും ഗിയര്‍ബോക്സ് കോമ്പിനേഷനുമാണ് കമ്പനി ഇതിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും എസ്‌യുവിയുടെ സ്വഭാവ സവിശേഷതകള്‍ക്ക് അനുസരിച്ച് ചെറിയ റീട്യൂണിഗ് നടത്തിയിട്ടുണ്ട്.

എക്‌സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 81 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെ എക്‌സ്റ്ററിന്റെ സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സിഎന്‍ജിയില്‍ മോഡില്‍ പവര്‍ 68 bhp-യും ടോര്‍ക്ക് 96 Nm ആയും കുറയുന്നു.
പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും മൈലേജിന്റെ കാര്യത്തില്‍ സിഎന്‍ജി പതിപ്പ് പെട്രോള്‍ പതിപ്പുകളെ കവച്ച് വെക്കും. കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ ആണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ മൈലേജ്. സിമ്പിളായി പറഞ്ഞാല്‍ ഒരു പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ മൈലേജ് തരും എക്‌സ്റ്റര്‍ സിഎന്‍ജി. എക്‌സ്റ്ററിന്റെ പെട്രോള്‍ പതിപ്പും തരക്കേടില്ലാത്ത ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡലുകള്‍ ലിറ്ററിന് 19.40 കിലോമീറ്ററും പെട്രോള്‍/ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 19.20 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു എക്‌സ്റ്റര്‍ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പുതുവര്‍ഷത്തോട് അനുബന്ധിച്ച് എക്സ്റ്റര്‍ എസ്‌യുവിയുടെ വില കമ്പനി പരിഷ്‌ക്കരിച്ചു. . EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് ഹ്യുണ്ടായി എക്സ്റ്റര്‍ വില്‍ക്കുന്നത്.
എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളുടെ വിലയിലും ഇപ്പോള്‍ മാറ്റമുണ്ട്. മുന്‍വിലയില്‍ നിന്നും 12,910 രൂപയിലധികമാണ് ഇനി അധികം മുടക്കേണ്ടി വരിക. എക്‌സ്റ്ററിന്റെ ബേസ് മോഡലിന് 6,12,800 രൂപയാണ് ഇപ്പോള്‍ എക്‌സ്‌ഷോറൂം വിലവില പരിഷ്‌ക്കാരത്തിലേക്ക് വരുമ്പോള്‍ എല്ലാ പെട്രോള്‍ വേരിയന്റുകള്‍ക്കും 12,910 രൂപയുടെ ഏകീകൃത വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സിഎന്‍ജി വേരിയന്റുകള്‍ വേണ്ടവര്‍ ഇനി 9,910 രൂപ അധികം കൈയ്യില്‍ കരുതണം.


Click it and Unblock the Notifications








