മറനീക്കി പുത്തൻ ക്രെറ്റ; വിറ്റാരയുടെ വില്ലനെ മുഴുവനായി വെളിപ്പെടുത്തി ഹ്യുണ്ടായി
ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ടാണ് ക്രെറ്റ, വിൽപ്പനയ്ക്ക് എത്തിയ കാലം മുതൽ മികച്ച പ്രകടനമാണ് വാഹനം കൈവരിക്കുന്നത്. ഇപ്പോൾ കാര്യമായ അപ്പ്ഡേറ്റുകളോടെ എസ്‌യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ജനുവരി 16 -ന് അപ്പ്ഡേറ്റ് ചെയ്ത മോഡൽ ലോഞ്ച് ചെയ്യാനിരിക്കുകയാണ് കമ്പനി.
അതിന് മുന്നോടിയായി, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്റ്റീരിയർ ഹ്യുണ്ടായി വെളിപ്പെടുത്തിയിരിക്കുകയാണ്. കൊറിയൻ ബ്രാൻഡ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പതിയെ വെളിപ്പെടുത്തുകയാണ്, വാഹനം ആദ്യം ഇന്ത്യയിൽ അരങ്ങേറുകയും പിന്നീട് മറ്റ് അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കുകയും ചെയ്യും. പുതുക്കിയ ക്രെറ്റയുടെ ഡെലിവറികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതാദ്യമായാണ് ഹ്യുണ്ടായി എക്സ്റ്റീരിയർ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിടുന്നത്. ഇന്ത്യൻ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് എസ്‌യുവിയുടെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു; രാജ്യത്തെ ഏറ്റവും ജനപ്രിയ എസ്‌യുവികളിൽ ഒന്നായ ക്രെറ്റയ്ക്ക് ഇത് കൂടുതൽ ബൂസ്റ്റ് നൽകുന്നു. ഫ്രണ്ടിൽ, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്‌റ്റൈലിംഗ് ഇന്ത്യയിലെ ഒരു ഹ്യുണ്ടായി എസ്‌യുവിക്ക് വളരെ സവിശേഷമാണ്.
എന്നാൽ ഇതിന് ചില ഇന്റർനാഷണൽ ഹ്യുണ്ടായി മോഡലുകളിൽ കാണുന്ന കുറച്ച് പരിചിതമായ ഡിസൈൻ ഘടകങ്ങൾ ലഭിക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് നോസ് മുമ്പത്തേതിനേക്കാൾ സ്ട്രെയിറ്റാക്കിയിരിക്കുന്നു എന്ന് കാണാം, കൂടാതെ ക്രോം, ബ്രഷ്ഡ് അലുമിനിയം, പിയാനോ-ബ്ലാക്ക് ഫിനിഷ്, എൽഇഡി ലൈറ്റിംഗ് എന്നിവയുടെ മാന്യമായ മിക്ച്ചർ വാഹനത്തിന് ലഭിക്കുന്നു.

എൽഇഡി ലൈറ്റുകളെ കുറിച്ച് പറയുകയാണെങ്കിൽ, കോർണറുകളിൽ നാല് ഇൻവേർട്ടഡ് 'L' ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളും വിശാലമായ ഗ്രില്ലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാറും ഇതിന് ലഭിക്കുന്നു. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, എൽഇഡി ലൈറ്റ് ബാർ സജ്ജീകരണവും ടെയിൽ ലാമ്പ് ഡിസൈനും മുൻവശത്തുള്ളവയോട് വളരെയധികം സാമ്യമുള്ളതാണ്.
റിയർ ബമ്പറും അതുപോലെ തന്നെ ടെയിൽഗേറ്റ് ഡിസൈനും പുതിയതാണ്. ഇവയെല്ലാം കൂടിച്ചേർന്ന് ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിക്ക് പുതിയ രൂപഭാവം നൽകുന്നു. വേരിയന്റിനെ ആശ്രയിച്ച്, 17 -അല്ലെങ്കിൽ 18 -ഇഞ്ച് വീൽ ഓപ്ഷനുകളുള്ള ഓൾ ന്യൂ അലോയി വീൽ ഡിസൈനുകൾ അല്ലാതെ വശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നും കാണുന്നില്ല.

രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണ് അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റയുടെ ഇന്റീരിയറിന്റെ പ്രധാന ഹൈലൈറ്റ്, കൂടാതെ ഡാഷിലും എസി വെന്റ് ഡിസൈനിലും ചെറിയ മാറ്റങ്ങളും വേരിയന്റിനെ ആശ്രയിച്ച് അപ്‌ഹോൾസ്റ്ററിക്ക് പുതിയ രൂപത്തിലുള്ള ടെക്‌സ്‌ചറുകളും മെറ്റീരിയലുകളും ലഭിക്കുന്നു. ഇവ 2024 മോഡലിന് ഒരു അപ്പ്മാർക്കറ്റ് ഫീൽ നൽകാൻ സഹായിക്കുന്നു.
കൂടാതെ ഫീച്ചർ ലിസ്റ്റും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, ഇപ്പോൾ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, ലെവൽ 2 ADAS സ്യൂട്ട് എന്നിവ ഉൾപ്പെടുന്നു. 19 ആക്ടീവ് സെഫ്റ്റി ഫംഗ്‌ഷനുകൾ, 360 -ഡിഗ്രി ക്യാമറകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ബിഎസ് VI ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കഴിഞ്ഞ വർഷം നവീകരിച്ച 115 bhp പവർ പുറപ്പെടുവിക്കുന്ന, 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ അതത് ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളോടെ അതേപടി മാറ്റമില്ലാതെ തുടരും. പുതുക്കിയ ക്രെറ്റയ്ക്ക് പുതിയ 160 bhp മാക്സ് പവറുമായി വരുന്ന 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും.
ഇതിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡ് ആയിരിക്കും. പുതുക്കിയ ക്രെറ്റ ഏഴ് ട്രിമ്മുകളിലും ഏഴ് എക്സ്റ്റീരിയർ പെയിന്റ് ഷേഡ് ഓപ്ഷനുകളിലും വിൽപ്പനയ്ക്ക് എത്തും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ, ടൈഗൂൺ, കുഷാഖ് എന്നിവയ്ക്ക് എതിരെ മത്സരിക്കുന്നത് തുടരും.
ഏതാനും മാസങ്ങൾക്കുള്ളിൽ, ടാറ്റ മോട്ടോർസ് ഈ സെഗ്‌മെന്റിൽ പുതിയ കർവ്വ് എസ്‌യുവിയുമായി പ്രവേശിക്കും, അത് ക്രെറ്റയുടെ അതേ വലുപ്പത്തിലായിരിക്കും വരുന്നത്, എന്നാൽ അതുല്യമായ കൂപ്പെ എസ്‌യുവി രൂപഭാവത്തിലാവും കർവ്വ് എത്തുന്നത്. ടാറ്റയുടെ മോഡൽ കൂടെ എത്തി കഴിഞ്ഞാൽ ഈ സെഗ്മെന്റിലെ മത്സരം വൻ തോതിൽ ഉയരും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.


Click it and Unblock the Notifications








