ക്രെറ്റ വാങ്ങിയത് ഹോണ്ട ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാളുകള്‍! ഹ്യുണ്ടായിക്ക് ബമ്പര്‍
2023-2024 സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ വാഹന നിര്‍മാതാക്കള്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയിട്ടുണ്ട്. 2024 മാര്‍ച്ച് മാസത്തിലെയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) മികച്ച വളര്‍ച്ച നേടി. അതിനെ കുറിച്ച് വിശദമായി നോക്കാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹ്യുണ്ടായി ഇന്ത്യ മൊത്തം 6.14 ലക്ഷം യൂണിറ്റാണ് ആഭ്യന്തര വിപണിയില്‍ വിറ്റത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കൂടി ചേര്‍ത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 7.77 ലക്ഷം യൂണിറ്റുകള്‍ വിറ്റു. 2024 മാര്‍ച്ച് മാസത്തെ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 53,001 യൂണിറ്റായിരുന്നു. ഒപ്പം 12,600 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

2023 മാര്‍ച്ച് മാസം ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 50,600 യൂണിറ്റുകളായിരുന്നു. വാര്‍ഷിക വളര്‍ച്ച 5 ശതമാനം. 2024 ഫെബ്രുവരിയില്‍ വിറ്റ 50,201 യൂണിറ്റുകളുമായി തട്ടിച്ച് നോക്കുമ്പോഴും 5.58% വളര്‍ച്ച നേടിയിട്ടുണ്ട്. കയറ്റുമതിയെ സംബന്ധിച്ചിടത്തോളം 2024 മാര്‍ച്ചില്‍ ഹ്യുണ്ടായി 16 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10,900 യൂണിറ്റ് ആയിരുന്നു കയറ്റുമതി.
2024 ഫെബ്രുവരിയില്‍ ഷിപ്പ് ചെയ്ത 10,300 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 22.33 ശതമാനമാണ് വളര്‍ച്ച. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ത്ത് ഹ്യുണ്ടായി ഇന്ത്യയുടെ ഈ വര്‍ഷം മാര്‍ച്ചിലെ വില്‍പ്പന 65,601 യൂണിറ്റാണ്. 2023 മാര്‍ച്ചില്‍ വിറ്റ 61,500 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 7% വാര്‍ഷിക വളര്‍ച്ച നേടി. 2024 ഫെബ്രുവരിയില്‍ മൊത്തം വില്‍പ്പന 60,501 യൂണിറ്റായിരുന്നു.

നിലവില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ ഗ്രാന്‍ഡ് i10 നിയോസ്, ഓറ, i20, i20 N ലൈന്‍, വെന്യു, വെന്യു N ലൈന്‍, എക്സ്റ്റര്‍, ക്രെറ്റ, ക്രെറ്റ N ലൈന്‍, വെര്‍ണ, അല്‍കസാര്‍, ട്യൂസോണ്‍ എന്നീ മോഡലുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഇതില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ ക്രെറ്റ മുഖംമിനുക്കി എത്തിയതാണ് ഹ്യുണ്ടായിക്ക് വില്‍പ്പന വളര്‍ച്ച നേടാന്‍ സഹായകമായത്. 2024 ജനുവരിയിലായിരുന്നു ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയത്.
വില പ്രഖ്യാപനത്തിന് പിന്നാലെ ബുക്കിംഗ് ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റായ മോഡല്‍ 2024 മാര്‍ച്ചില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 16,458 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിച്ചത്. 2015-ല്‍ എസ്‌യുവി മോഡല്‍ പുറത്തിറക്കിയതിന് ശേഷമുള്ള റെക്കോര്‍ഡ് പ്രതിമാസ വില്‍പ്പനയാണിത്. രസകരമായ കാര്യം എന്തെന്നാല്‍ ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ഹോണ്ടയുടെ മാര്‍ച്ചിലെ വില്‍പ്പനയുടെ ഇരട്ടിയിലധികമാണ് ക്രെറ്റയുടെ വില്‍പ്പന.

2024 മാര്‍ച്ചില്‍ ഹോണ്ടയുടെ വില്‍പ്പന 7071 യൂണിറ്റായിരുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ആദ്യം ഫെബ്രുവരിയിലെ വില്‍പ്പനയില്‍ 15,276 യൂണിറ്റ് വില്‍പ്പന സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് ആയതോടെ റെക്കോഡ് കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുക്യാണ് മിഡ്്സൈസ് എസ്‌യുവി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ക്രെറ്റയുടെ 1.63 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ക്രെറ്റയുടെയും വെന്യുവിന്റെ (1.29 ലക്ഷം) വില്‍പ്പന ചേര്‍ക്കുന്നതോടെ കൊറിയന്‍ ബ്രാന്‍ഡിന്റെ ആഭ്യന്തര വിപണിയിലെ വില്‍പനയുടെ പകുതിയോടടുത്ത് വരും.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ക്രെറ്റയുടെ 45,000 യൂണിറ്റ് ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്. ഡെലിവറി ടൈംലൈനുകള്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്പനി അറിയിച്ചു. ഇന്ന് കിടമത്സരം അരങ്ങേറുന്ന ഒരു സെഗ്‌മെന്റിലാണ് ക്രെറ്റ മാറ്റുരയ്ക്കുന്നത്. കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ് കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയാണ് എതിരാളികള്‍.

ഇവര്‍ക്കെല്ലാം ഇടയില്‍ ക്രെറ്റയെ ജനപ്രിയമാക്കുന്ന ചില സംഗതികള്‍ ഉണ്ട്. എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗ്, ഫീച്ചറുകളുടെ നീണ്ട നിര, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ചോയ്‌സ് എന്നിവയവണ് അതില്‍ ചിലത്. എന്നാല്‍ സെഗ്‌മെന്റില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില മോഡലുകളില്‍ ഒന്നാണ് ക്രെറ്റ. 1.5 ലീറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ പതിപ്പാണ് കമ്പനിയുടെ വില്‍പ്പനയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുന്നതെന്നാണ് കണക്കുകള്‍.
കഴിഞ്ഞ മാസം എസ്‌യുവിയുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ ക്രെറ്റ N ലൈനും കൊറിയന്‍ കമ്പനി പുറത്തിറക്കിയിരുന്നു. 16.82 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ക്രെറ്റ N ലൈന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. N8, N10 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈന്‍ ഒരു എഞ്ചിനിലും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ടര്‍ബോ പെട്രോള്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ സവിശേഷമാക്കുന്നതിന് നിരവധി വിഷ്വല്‍, മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പമാണ് ക്രെറ്റ N ലൈന്‍ വരുന്നത്.


Click it and Unblock the Notifications








