എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി ക്രെറ്റ! എന്നിട്ടും ഹ്യുണ്ടായിക്ക് കച്ചവടം കുറഞ്ഞു
2024 ജൂലൈ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. പോയ മാസത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിക്ക് വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ഇടിവുണ്ട്. 2023 ജൂലൈയെ അപേക്ഷിച്ച് 2024 ജൂലൈയില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മൊത്തം വില്‍പ്പന 3.21 ശതമാനം കുറഞ്ഞു. 2023 ജൂലൈയിലെ 66,701 കാറുകള്‍ വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം കൊറിയന്‍ കമ്പനിക്ക് ഇന്ത്യയില്‍ മൊത്തം 64,513 കാറുകളാണ് വില്‍ക്കാന്‍ സാധിച്ചത്.
ഹ്യുണ്ടായി മോട്ടോര്‍സിന്റെ മൊത്തത്തിലുള്ള ആഭ്യന്തര വില്‍പ്പന 2024 ജൂലൈയില്‍ 3.33 ശതമാനം ഇടിഞ്ഞ് 49,013 യൂണിറ്റായി കുറഞ്ഞു. 2023 ജൂലൈയില്‍ ഇത് 50,701 യൂണിറ്റ് ആയിരുന്നു. 2023 ജൂലൈയില്‍ 16,000 യൂണിറ്റ് കയറ്റുമതി ചെയ്തപ്പോള്‍ കഴിഞ്ഞ മാസം 15,550 യൂണിറ്റ് മാത്രമാണ് കപ്പല്‍ കയറ്റി അയക്കാന്‍ സാധിച്ചത്. കയറ്റുമതിയില്‍ 2.81 ശതമാനമാണ് ഇടിവ്.

കമ്പനിയുടെ എസ്‌യുവി ലൈനപ്പ് പ്രത്യേകിച്ച് ഹ്യുണ്ടായി ക്രെറ്റയാണ് പോയമാസം വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കിയത്. പുതിയ ഹ്യുണ്ടായി ക്രെറ്റ 2024 ജൂലൈയില്‍ 17,350 യൂണിറ്റുകളായി ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പന നേട്ടം കൈവരിച്ചു. പുതിയ ഹ്യുണ്ടായി ക്രെറ്റ ഈ വര്‍ഷം ജനുവരിയില്‍ ലോഞ്ച് ചെയ്തതുമുതല്‍ മികച്ച വില്‍പ്പന നേടുന്നുണ്ട്. കഴിഞ്ഞ മാസമാണ് മിഡ്‌സൈസ് എസ്‌യുവി ലീഡര്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന സുപ്രധാന നേട്ടം കൈവരിച്ചത്.
2024 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഹ്യുണ്ടായി മൊത്തം 4,50,335 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 4,31,731 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 4.31 ശതമാനം വളര്‍ച്ചയാണ്. 2024-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ഹ്യുണ്ടായിയുടെ വൈവിധ്യമാര്‍ന്ന വാഹന നിരയ്ക്ക് ആഭ്യന്തര, കയറ്റുമതി വിപണികളില്‍ സ്ഥിരമായ ഡിമാന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചു.

2024 ജനുവരി-ജൂലൈ കാലയളവില്‍ ഹ്യുണ്ടായിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന 3,58,785 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,46,711 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 3.48 ശതമാനം വളര്‍ച്ചയാണ്. കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസത്തില്‍ കയറ്റുമതിയും 7.68 ശതമാനം വര്‍ധിച്ചു.
ഇന്ത്യന്‍ വാഹന വിപണിയില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ ഹ്യുണ്ടായി തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുന്ന തിരക്കിലാണ്. ഹ്യുണ്ടായി വരും മാസങ്ങളില്‍ പുതിയ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ തയാറെടുക്കുകയാണ്. പുതിയ അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് 2024 സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ സജ്ജമാണ്. ക്രെറ്റയുടെ ചേട്ടനായ ഈ മൂന്ന് വരി എസ്‌യുവി പരീക്ഷണയോട്ടത്തിനിടെ നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം എക്‌സ്റ്റീരിയറിലും, ഇന്റീരിയറിലും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയായിരിക്കും അല്‍കസാര്‍ മുഖംമിനുക്കി എത്തുക. മോഡലിന്റെ നിലവിലെ എഞ്ചിന്‍ ലൈനപ്പില്‍ മാറ്റംവരുത്താന്‍ സാധ്യത കുറവാണ്. ഈ അപ്‌ഡേറ്റുകള്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി എന്നീ കരുത്തര്‍ അണിനിരക്കുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനുള്ളില്‍ അല്‍കസാറിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമീപകാലത്തെ വില്‍പ്പന ഇടിവുകള്‍ക്കിടയിലും ഈ വര്‍ഷത്തിന്റെ ആദ്യ 7 മാസങ്ങളില്‍ ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ക്ക് സ്ഥിരമായി ഡിമാന്‍ഡ് നിലനിര്‍ത്താനായത് അവരുടെ ശക്തമായ വിപണി സാന്നിധ്യം എടുത്തുകാണിക്കുന്നു. 2024 അൽകസാർ അടക്കം പുത്തന്‍ മോഡലുകള്‍ കൂടി എത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവകാലം കളറാക്കാന്‍ ഹ്യുണ്ടായിക്ക് സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








