പ്ലാന്റ് ഒരാഴ്ച അടച്ചിട്ടിട്ടും കച്ചോടത്തിന് കുറവില്ല! ഹ്യുണ്ടായി ഷോറൂം നിറച്ച് ക്രെറ്റയും അനിയന്‍മാരും
ജൂണ്‍ മാസം പിറന്നതോടെ വാഹന നിര്‍മാതാക്കള്‍ 2024 മെയ്മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയണ്. ദീര്‍ഘകാലമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളെന്ന പദവി അലങ്കരിക്കുന്ന ഹ്യുണ്ടായി പോയ മാസവും വില്‍പ്പന വളര്‍ച്ച നേടി. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) 2024 മെയ് മാസത്തില്‍ മൊത്തം വില്‍പ്പന 63,551 യൂണിറ്റായി ഉയര്‍ത്തി. 2023 മെയില്‍ വിറ്റ 59,601 യൂണിറ്റുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 7 ശതമാനം ഉയര്‍ന്നു. 2024 മെയ് മാസത്തില്‍ 49,151 യൂണിറ്റുകളായിരുന്നു ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന.
2023 മെയ് മാസത്തില്‍ 48,601 യൂണിറ്റായിരുന്നു ആഭ്യന്തര വില്‍പ്പന. ആഭ്യന്തര വില്‍പ്പനയില്‍ പ്രതിവര്‍ഷ വളര്‍ച്ച 1 ശതമാനമാണ്. എന്നിരുന്നാലും, പ്രതിമാസം (MoM) വില്‍പ്പനയില്‍ 2.09 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ഏപ്രിലില്‍ 50,201 യൂണിറ്റുകള്‍ വിറ്റിരുന്നു. പോയമാസം കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയുണ്ട്. 2023 മെയ് മാസത്തില്‍ കയറ്റുമതി 11,000 യൂണിറ്റായിരുന്നെങ്കില്‍ കഴിഞ്ഞ മാസം അത് 14,400 യൂണിറ്റായി ഉയര്‍ന്നു. വളര്‍ച്ച 31 ശതമാനമാണ്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മെയിന്റനന്‍സ് ഷട്ടഡൗണിനായി ശ്രീപെരുമ്പത്തൂര്‍ ഫാക്ടറി ഒരാഴ്ച അടച്ചിട്ടിട്ടും ആരോഗ്യകരമായ വില്‍പ്പന നേടാന്‍ തങ്ങള്‍ക്ക് സാധിച്ചതായി ഹ്യുണ്ടായി ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ആഭ്യന്തര വില്‍പ്പനയിലെ 20.1 ശതമാനം ഗ്രാമീണ മേഖലകളില്‍ നിന്നാണെന്നും ഗാര്‍ഗ് സൂചിപ്പിച്ചു. ഇന്ത്യയിലുടനീളം 1,372 സെയില്‍സ് പോയിന്റുകളം 1,557 സര്‍വീസ് പോയിന്റുകളും അടങ്ങുന്ന ശൃംഖലയാണ് ഹ്യുണ്ടായിക്കുള്ളത്.
ഗ്രാന്‍ഡ് i10 നിയോസ്, i20, i20 N ലൈന്‍, ഓറ, എക്‌സ്റ്റര്‍, വെന്യ, വെന്യു N ലൈന്‍, വെര്‍ണ, ക്രെറ്റ, ക്രെറ്റ N ലൈന്‍, അല്‍കസാര്‍, ട്യൂസോണ്‍, അയോണിക് 5 ഇവി തുടങ്ങിയ മോഡലുകളാണ് ഇന്ത്യയിലെ ഹ്യുണ്ടായിയുടെ മോഡല്‍ നിരയില്‍ വരുന്നത്. ക്രെറ്റ, വെന്യു, എക്സ്റ്റര്‍ എന്നിവയുള്‍പ്പെടെ കമ്പനിയുടെ എസ്‌യുവി ലൈനപ്പിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുണ്ട്. കൊറിയന്‍ ബ്രാന്‍ഡിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 67 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത് എസ്‌യുവികളാണ്.

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിലെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ലോഞ്ച്. 11 ലക്ഷം മുതല്‍ 20.15 ലക്ഷം രൂപ വരെയാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. 2024 ജനുവരിയില്‍ വിപണിയില്‍ എത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഏപ്രില്‍ മാസത്തില്‍ ഒരു ലക്ഷം കവിഞ്ഞിരുന്നു.
E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയത്. പിന്നാലെ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി പെര്‍ഫോമന്‍സ് പതിപ്പായ ക്രെറ്റ N ലൈനും കമ്പനി വിപണിക്ക് പരിചയപ്പെടുത്തി. 2024 ഹ്യുണ്ടായ് ക്രെറ്റ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്‌യുവി സ്വന്തമാക്കാം.

6 സ്പീഡ് മാനുവല്‍, ഐവിടി (ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍), 7 സ്പീഡ് ഡിസിടി (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുണ്ട്. 2024 മെയ് മാസത്തില്‍ ഹ്യുണ്ടായി കാസ്പര്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയേക്കാള്‍ ചെറിയ കാറായിരിക്കും ഇത്. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ കൊറിയയില്‍ കാസ്പര്‍ എന്ന പേരില്‍ ചെറു എസ്‌യുവി വില്‍പ്പനക്കെത്തുന്നുണ്ട്.
നിലവില്‍ ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമായതിനാല്‍ സാന്‍ട്രോയുടെ വിടവ് നികത്താന്‍ കാസ്പറിനെ കമ്പനി കൊണ്ടുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ ഗ്രാന്‍ഡ് i10 നിയോസിന് താഴെ പുതിയ എന്‍ട്രി ലെവല്‍ കാറായതി ഹ്യുണ്ടായി കാസ്പറിനെ അവതരിപ്പിച്ചേക്കും. മാത്രമല്ല അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റും ഹ്യുണ്ടായി ഉടന്‍ തന്നെ പുറത്തിറക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








