ഹ്യുണ്ടായിയുടെ വക 11 ചാർജിങ്ങ് സ്റ്റേഷനുകൾ, എവിടെയൊക്കെയാണെന്ന് അറിയാൻ വായിക്കുക
ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച അമ്പരിപ്പിക്കുന്ന ഒന്നാണ്, എന്നാൽ ആവശ്യത്തിനുളള ചാർജിങ്ങ് സ്റ്റേഷനുകൾ വരാത്തിടത്തോളം കാലം ഇവികൾ പച്ച പിടിക്കില്ല എന്നാണ് പലരും വിചാരിച്ചിരുന്നത്. ഇനി ചാർജിങ്ങ് സ്റ്റേഷനുകളുടെ കുറവ് കാരണം രാജ്യത്ത് ഇവികൾ ഇറങ്ങാതിരിക്കണ്ട എന്നാണ് ഹ്യുണ്ടായി പറയുന്നത്. കമ്പനി അടുത്തിടെ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് ശൃംഖല വിപുലീകരിച്ചിരിക്കുകയാണ്, വിവിധ നഗരങ്ങളിലും പ്രധാന ഹൈവേകളിലുമായി 11 പുതിയ ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിൽ ആറ് പുതിയ ചാർജിംഗ് സ്റ്റേഷനുകൾ മുംബൈ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ഗുരുഗ്രാം, ബാംഗ്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ്. ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-ജയ്പൂർ, ഹൈദരാബാദ്-വിജയവാഡ, മുംബൈ-സൂറത്ത്, മുംബൈ-നാസിക് തുടങ്ങിയ പ്രധാന ഹൈവേകളിലാണ് മറ്റ് അഞ്ച് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹന ഉടമകൾക്ക്, നഗരങ്ങൾക്കകത്തും ദീർഘദൂര യാത്രകൾക്കും വേഗത്തിലും സൗകര്യപ്രദമായും ചാർജിംഗ് ഓപ്ഷനുകൾ നൽകുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്.

ഈ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിൽ ഉപഭോക്താക്കളെ അവരുടെ വാഹനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ചാർജ് ചെയ്യാൻ സാധിക്കുന്നു. ഉദാഹരണത്തിന്, ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹന മോഡലുകളിലൊന്നായ അയോണിക് 5, ഈ ചാർജറുകൾ ഉപയോഗിച്ച് വെറും 21 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും അവയിലേക്ക് നാവിഗേറ്റ് ചെയ്യാനും ചാർജിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താനും ചാർജിംഗ് നില നിരീക്ഷിക്കാനും ഉപഭോക്താക്കൾക്ക് മൈ ഹ്യുണ്ടായി ആപ്പിലൂടെ സാധിക്കും.
നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.
പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.
തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.


Click it and Unblock the Notifications








