വെന്യുവും ക്രെറ്റയുമല്ല, ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേട്ടവുമായി ഈ ഹ്യുണ്ടായി എസ്‌യുവി
സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റ കാറുകള്‍ വേറെ ലെവലാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ പുതുതലമുറ ഡിസയറിലൂടെ 5 സ്റ്റാര്‍ റേറ്റിംഗ് നേടി മാരുതി സുസുക്കിയാണ് ഏവരെയും ഞെട്ടിച്ചത്. പിന്നാലെ ഇടിക്കൂട്ടില്‍ നിന്ന് 5 സ്റ്റാറുമായി തിരിച്ചെത്തി മൂന്ന് മഹീന്ദ്ര എസ്‌യുവികളും കൈയ്യടി നേടി. മഹീന്ദ്ര ഥാര്‍ റോക്‌സ്, XUV 3XO, XUV 400 ഇലക്ട്രിക് എസ്‌യുവി എന്നിവയായിരുന്നു അത്. ഇനി തങ്ങളുടെ ഊഴമാണെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഹ്യുണ്ടായിയുടെ പ്രീമിയം മിഡ്‌സൈസ് എസ്‌യുവിയായ ട്യൂസോണ്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമായ ഭാരത് NCAP-ല്‍ പരീക്ഷിക്കപ്പെടുന്ന ആദ്യ ഹ്യുണ്ടായി കാറാണ് ട്യൂസോണ്‍. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) യൂണിറ്റായി കൊണ്ടുവന്ന ട്യൂസോണ്‍ മോഡലാണ് ഇടിക്കൂട്ടില്‍ പരീക്ഷിക്കപ്പെട്ടത്. എസ്യുവിയുടെ പെട്രോള്‍ ട്രിമ്മിലുള്ള പ്ലാറ്റിനം, സിഗ്‌നേച്ചര്‍ വേരിയന്റുകള്‍ക്കാണ് റേറ്റിംഗുകള്‍ ബാധകമാകുക. ട്യൂസോണിന്റെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന 2 ലിറ്റര്‍ പെട്രോള്‍ സിഗ്‌നേച്ചര്‍ വേരിയന്റാണ് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചത്.

എസ്‌യുവി മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍, 32-ല്‍ 30.84 പോയന്റ് നേടി. അതേസമയം കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 41 പോയിന്റാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ട്യൂസോണ്‍ 16.00-ല്‍ 14.84 സ്‌കോര്‍ ചെയ്തു. സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16-ല്‍ ഫുള്‍ മാര്‍ക്ക് നേടാന്‍ കാറിന് സാധിച്ചു.
ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ഡ്രൈവറുടെ നെഞ്ചിനും കാലിനും മതിയായ സംരക്ഷണം നല്‍കുന്നതായി കണ്ടെത്തി. മറ്റ് മേഖലകളിലും മികച്ച റേറ്റിംഗ് നേടാന്‍ കാറിനായി. സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റ്, സൈഡ് പോള്‍ ഇംപാക്റ്റ് ടെസ്റ്റ് എന്നിവയില്‍ യാത്രക്കാര്‍ക്ക് എല്ലാ മേഖലകളിലും നല്ല സംരക്ഷണം ലഭിക്കുന്നുണ്ട്.

ഫ്രണ്ടല്‍ എയര്‍ബാഗ്, ബെല്‍റ്റ് പ്രെറ്റന്‍ഷനര്‍, ബെല്‍റ്റ് ലോഡ് ലിമിറ്റര്‍, സൈഡ് ഹെഡ് കര്‍ട്ടന്‍ എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ്, സൈഡ് പെല്‍വിസ് എയര്‍ബാഗ് എന്നിവ സജ്ജീകരിച്ച കാറാണ് പരീക്ഷിച്ചത്. ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഹ്യുണ്ടായിയുടെ സ്മാര്‍ട് സെന്‍സ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ട് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
നാലാം തലമുറ ട്യൂസോണ്‍ 2022-ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അതേവര്‍ഷം ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റില്‍ എസ്‌യുവി 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. വെര്‍ണയാണ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മറ്റൊരു ഹ്യുണ്ടായി കാര്‍. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിലാണ് വെര്‍ണ എ പ്ലസ് നേടിയത്. ഹ്യുണ്ടായിയുടെ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുള്ള രണ്ടാമത്തെ കാറാണ് ട്യൂസോണ്‍.

പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ട്യൂസോണ്‍ ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ആദ്യത്തെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 154 bhp പവറും 192 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. 184 bhp പീക്ക് പവറും 416 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഡീസലിന് മാത്രമേ സിഗ്‌നേച്ചര്‍ ട്രിം ലെവലുള്ള AWD ഓപ്ഷന്‍ ലഭിക്കൂ. പ്ലാറ്റിനം ട്രിം ലെവലിന് 2WD ലേഔട്ട് മാത്രമേ ലഭിക്കൂ. ഹ്യുണ്ടായി ട്യൂസോണിന്റെ ഇന്ത്യയിലെ പ്രാരംഭ വില 29.02 ലക്ഷം രൂപയാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 35.94 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയത് കാറിന്റെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








