'ടര്‍ബോ' കരുത്തുള്ള എസ്‌യുവിക്ക് ഇത്രയും കുറഞ്ഞ വിലയോ! ഹ്യുണ്ടായി ഷോറൂമിൽ ഇനി തിരക്കോട് തിരക്കായിരിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. തുടര്‍ച്ചയായി രണ്ടാം മാസം ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായി ഏറെ നാളായി കൈയ്യടക്കി വെക്കുന്ന രണ്ടാം സ്ഥാനം തട്ടിയെടുത്തിരുന്നു. ഏറ്റവും പുതിയ ലോഞ്ചായ ക്രെറ്റ ഫെയ്സ്ലിഫ്റ്റ് മികച്ച വില്‍പ്പന നേടുമ്പോഴും വിപണി വിഹിതം ഉയര്‍ത്താന്‍ പുത്തന്‍ ലോഞ്ചുകള്‍ നടത്തുകയാണ് കൊറിയക്കാര്‍.
സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റിലെ ഹ്യുണ്ടായിയുടെ ചാട്ടുളിയാണ് വെന്യു. ഇപ്പോള്‍ വെന്യുവിന് പുതിയ ബേസ് സ്പെക് ടര്‍ബോ മാനുവല്‍ വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് ഹ്യുണ്ടായി. വെന്യു എക്സിക്യൂട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബേസ് ടര്‍ബോ ട്രിം S (O) ടര്‍ബോ MT-ക്ക് തൊട്ടുതാഴെയാണ് സ്ഥാനം പിടിക്കുന്നത്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ വെന്യു ടര്‍ബോ എക്സിക്യൂട്ടീവ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഇതേ എഞ്ചിനുമായി വരുന്ന വെന്യു S (O) വേരിയന്റിനേക്കാള്‍ 1.75 ലക്ഷം രൂപ കുറവാണ് എക്സിക്യൂട്ടീവ് വേരിയന്റിന്. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമേ പുതിയ വേരിയന്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ. വെന്യു എക്സിക്യൂട്ടീവ് എത്തിയതോടെ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇപ്പോള്‍ കൂടുതല്‍ ആക്സസിബിള്‍ ആയെന്ന് പറയാം. അകത്തും പുറത്തും പായ്ക്ക്ഡ് ആയിട്ടുളള ഉപകരണ ലിസ്റ്റുമായിട്ടാണ് വെന്യു ടര്‍ബോ എക്സിക്യൂട്ടീവിന്റെ വരവ്.
ഡാര്‍ക്ക് ഫിനിഷ്ഡ് ക്രോം റേഡിയേറ്റര്‍ ഗ്രില്‍ അസംബ്ലി, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയി വീലുകള്‍ ടെയില്‍ ഗെയ്റ്റില്‍ എക്സ്‌ക്ലൂസിവായി നല്‍കിയിരിക്കുന്ന 'എക്സിക്യൂട്ടീവ്' എംബ്ലം എന്നിവ ഈ വേരിയന്റിനെ വേറിട്ട് നിര്‍ത്തുന്നു. ക്യാബിനില്‍ മാന്യമായ ഫീച്ചര്‍ ലിസ്റ്റും ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

സ്റ്റോറേജോട് കൂടിയ ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, 2-സ്റ്റെപ്പ് റിയര്‍ റിക്ലൈനിംഗ് സീറ്റുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റ്, എല്ലാ യാത്രക്കാര്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകള്‍ എന്നിവ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും S(O) വേരിയന്റില്‍ ലഭ്യമായ റിയര്‍ ക്യാമറ, എല്‍ഇഡി ലൈറ്റുകള്‍, ഡിആര്‍എല്ലുകള്‍, ഒആര്‍വിഎം മൗണ്ടഡ് ഇന്‍ഡിക്കേറ്ററുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, റിയര്‍ പാഴ്സല്‍ ട്രേ തുടങ്ങിയ ഫീച്ചറുകള്‍ എക്സിക്യൂട്ടീവ് ട്രിമ്മില്‍ ലഭ്യമല്ല.
വോയ്സ് റെകഗ്നിഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടക്കമുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ ടിഎഫ്ടി മള്‍ട്ടി-ഇന്‍ഫോ ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, റിയര്‍ വൈപ്പര്‍, വാഷര്‍ എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

സുരക്ഷയെ സംബന്ധിച്ചിടത്തോളം ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. എല്ലാ സീറ്റുകള്‍ക്കും ത്രീ പോയിന്റ് സീറ്റ്ബെല്‍റ്റുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഡേ/നൈറ്റ് ഐആര്‍വിഎം എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കാറില്‍ ഹ്യുണ്ടായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വെന്യു ടര്‍ബോ എക്സിക്യൂട്ടീവിന്റെ 1.0 ലിറ്റര്‍ GDI എഞ്ചിന്‍ 118 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുല്‍ ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഐഡില്‍ സ്റ്റോപ്പ് & ഗോ ഫീച്ചര്‍ എസ്യുവിയുടെ ഇന്ധനക്ഷമത കൂട്ടും. എക്‌സിക്യൂട്ടീവ് വേരിയന്റ് ലോഞ്ച് ചെയ്തതിന് പുറമെ വെന്യു S (O) ടര്‍ബോയിലേക്ക് കൂടുതല്‍ സവിശേഷതകളും ഹ്യുണ്ടായി ചേര്‍ത്തിട്ടുണ്ട്.
പുതുക്കിയ ഹ്യുണ്ടായി വെന്യു S (O) ടര്‍ബോ ട്രിം മാനുവല്‍ ട്രാന്‍സ്മിഷന് 10.75 ലക്ഷം രൂപയും 7 സ്പീഡ് ഡിസിടിക്ക് 11.86 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇലക്ട്രിക് സണ്‍റൂഫും മാപ്പ് ലാമ്പുകളും ചേര്‍ത്തതാണ് S (0) ടര്‍ബോയിലെ പ്രധാന മാറ്റം. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായോ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായോ ജോടിയാക്കിയ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് GDI പെട്രോള്‍ എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്.
ഈ പ്രൈസ് റേഞ്ചില്‍ വെന്യു എക്‌സിക്യുട്ടീവ്, S (0) ടര്‍ബോ വേരിയന്റുകള്‍ റെനോ കൈഗര്‍ ടര്‍ബോ, നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. കൈഗറിന്റെ ടര്‍ബോ മോഡലുകള്‍ 8.25 ലക്ഷം മുതല്‍ 11.23 ലക്ഷം രൂപ വരെ മുടക്കിയാല്‍ സ്വന്തമാക്കാം. 8.25-11.27 ലക്ഷം രൂപ വിലനിലവാരത്തിലാണ് മാഗ്‌നൈറ്റ് ടര്‍ബോ ലഭ്യമാകുന്നത്.
കിയയില്‍ നിന്നുള്ള വെന്യുവിന്റെ കസിന്‍ മോഡലായ സോനെറ്റിനും ഇതേ എഞ്ചിന്‍ ഓപ്ഷനുണ്ടെങ്കിലും അതിന്റെ പ്രാരംഭ വില 10.49 ലക്ഷം രൂപയാണ്. ഇത് വെന്യു ടര്‍ബോയുടെ അടിസ്ഥാന വിലയേക്കാള്‍ വളരെ കൂടുതലാണ്. കുറഞ്ഞ വിലയില്‍ ടര്‍ബോ കരുത്ത് ആഗ്രഹിക്കുന്ന എസ്‌യുവി പ്രേമികള്‍ക്ക് പരിഗണിക്കാന്‍ ഇതോടെ ഒരു ഓപ്ഷന്‍ കൂടിയായി.


Click it and Unblock the Notifications








