സണ്‍റൂഫിന് 1.05 ലക്ഷം കുറച്ച് മുടക്കിയാല്‍ മതി! വെന്യുവിനെ വേറെ ലെവലാക്കി ഹ്യുണ്ടായി
വെള്ളിയാഴ്ച (02 ഓഗസ്റ്റ് 2024) ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുള്ള ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറക്കിയതിന് പിന്നാലെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ഇലക്ട്രിക് സണ്‍റൂഫുള്ള വെന്യു S (O) + വേരിയന്റും അവതരിപ്പിച്ചു. സമീപ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സണ്‍റൂഫ് ഒരു ജനപ്രിയ ഫീച്ചറായി മാറിയതിനാല്‍ മുന്‍നിര ബ്രാന്‍ഡുകള്‍ തങ്ങളുടെ ജനപ്രിയ മോഡലുകളില്‍ ഈ ഫീച്ചര്‍ ചേര്‍ക്കുന്നുണ്ട്. ഹ്യുണ്ടായി വെന്യു S(O) + വേരിയന്റ് 9,99,900 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വെന്യു S(O) + വേരിയന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി വെന്യു. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ വിപുലമായ ശ്രേണിയില്‍ ഇത് ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ എസ്‌യുവി ലൈനപ്പില്‍ എക്സ്റ്റര്‍ മൈക്രോ എസ്‌യുവിക്ക് മുകളിലും ക്രെറ്റയ്ക്ക് താഴെയുമാണ് വെന്യു സ്ഥാനം പിടിച്ചിരിക്കുന്നത്. അടിസ്ഥാന വേരിയന്റില്‍ വരെ നിരവധി സവിശേഷതകളും സാങ്കേതികവിദ്യകളും ഓഫര്‍ ചെയ്യുന്ന വെന്യു എല്ലാ മാസവും കമ്പനിയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കുന്നു.

വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അകത്തും പുറത്തും വമ്പന്‍ പരിഷ്‌കാരങ്ങളോടെ എത്തുന്ന പുത്തന്‍ പതിപ്പ് അടുത്ത വര്‍ഷം എപ്പോഴെങ്കിലും വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ കോംപാക്റ്റ് എസ്യുവി റേഞ്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ഹ്യുണ്ടായി വെന്യു എക്സിക്യൂട്ടീവ് ടര്‍ബോ എംടി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെന്യു S(O) + വേരിയന്റ് സണ്‍റൂഫ് ചേര്‍ത്ത് കൊണ്ടുവന്നിരിക്കുന്നത്.
10 ലക്ഷം രൂപ വിലയുള്ള ഈ പുതിയ വേരിയന്റിന് S(O) (9.89 ലക്ഷം രൂപ), SX (11.05 ലക്ഷം രൂപ) വേരിയന്റുകളുടെ ഇടയിലാണ് സ്ഥാനം പിടിക്കുന്നത്. മുമ്പ് SX വേരിയന്റ് മുതലായിരുന്നു ഇലക്‌ട്രോണിക് സണ്‍റൂഫ് വാഗ്ദാനം ചെയ്തിരുന്നത്. പുത്തന്‍ അപ്‌ഡേറ്റോടെ 1.05 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ സ്വന്തമാക്കാം.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സണ്‍റൂഫ് ഓഫര്‍ ചെയ്യുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കോംപാക്ട് എസ്‌യുവി വെന്യുവല്ല. മഹീന്ദ്ര XUV 3XO MX2 പ്രോ വേരിയന്റ് തന്നെ ഈ പട്ടം തുടര്‍ന്നും അലങ്കരിക്കും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ പുതിയ S(O) + വേരിയന്റ് ലഭ്യമാക.
സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫിന് പുറമെ എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ വേരിയന്റില്‍ വ്യക്തവും ആക്‌സസ് ചെയ്യാവുന്നതുമായ വിവരങ്ങളോടെ ഡ്രൈവിംഗ് അനുഭവം വര്‍ധിപ്പിക്കുന്ന കളര്‍ TFT മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID) ഉള്ള ഒരു ഡിജിറ്റല്‍ ക്ലസ്റ്ററും ഉള്‍പ്പെടുന്നു.

ഈ നൂതന ഫീച്ചറുകളുടെ സംയോജനം അതിനെ സെഗ്മെന്റില്‍ ശ്രദ്ധേയമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു. ഹ്യുണ്ടായി വെന്യു S(O) + വേരിയന്റില്‍ സേഫ്റ്റി ഒരു മുന്‍ഗണനയായി തുടരുന്നു. ആറ് എയര്‍ബാഗുകള്‍, TPMS ഹൈലൈന്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), റിയര്‍ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ സവിശേഷതകള്‍ റോഡില്‍ ഡ്രൈവര്‍മാരും യാത്രക്കാരും നന്നായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.
നിലവില്‍ 7.94 ലക്ഷം മുതല്‍ 13.48 ലക്ഷം വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്സണ്‍, മാരുതി ബ്രെസ, മാരുതി ഫ്രോങ്ക്‌സ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, ടൊയോട്ട ടൈസര്‍ എന്നിവയയുമായി മത്സരിക്കുന്നു. ഈ പുതിയ വേരിയന്റിന്റെ വരവ് വരും മാസങ്ങളില്‍ വെന്യുവിന്റെ വില്‍പ്പന കണക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








