ആർക്കുമാവാം സെക്സി പക്ഷേ "6e" തങ്ങളുടേത് എന്ന് ഇൻഡിഗോ; മഹീന്ദ്രയ്ക്കെതിരെ കേസുമായി വിമാന കമ്പനി
മഹീന്ദ്രയുടെ BE 6e ഇലക്ട്രിക് എസ്‌യുവിക്ക് '6E' ബ്രാൻഡിംഗ് ഉപയോഗിച്ചതിന് ഇൻഡിഗോ എയർലൈൻസ് മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിനെതിരെ (MEAL) ഡൽഹി ഹൈക്കോടതിയിൽ ട്രേഡ്മാർക്ക് ലംഘന കേസ് ഫയൽ ചെയ്തിരിക്കുകയാണ്. '6E' എന്ന മാർക്ക് അല്ലെങ്കിൽ നെയിംപ്ലേറ്റ് ഒറ്റയ്ക്കോ, അതോ മറ്റെന്തിന്റെ എങ്കിലും കൂടെ അനധികൃതമായി ഉപയോഗിക്കുന്നത്, അതിൻ്റെ റൈറ്റ്സ് (അവകാശങ്ങൾ), റെപ്യുട്ടേഷൻ (പ്രശസ്തി), ഗുഡ്‌വിൽ (സൽസ്വഭാവം) എന്നിവയുടെ ലംഘനമാകും എന്ന് വളരെ ശക്തമായ ഭാഷയിൽ എയർലൈൻ തങ്ങളുടെ പ്രസ്താവനയിൽ ഊന്നിപ്പറയുന്നു.
രജിസ്റ്റർ ചെയ്ത തങ്ങളുടെ ട്രേഡ്മാർക്കിന് ആഗോളതലത്തിൽ ശക്തമായ അംഗീകാരം ലഭിച്ചതായും എയർലൈൻ എടുത്തുപറഞ്ഞു. ഇൻഡിഗോ എയർലൈൻസ് പറയുന്നത് അനുസരിച്ച് പരസ്യവും ഗതാഗതവും ഉൾപ്പെടുന്ന "വിവിധ പ്രവർത്തന മേഖലകളിൽ" ഈ 6E എന്ന് ട്രേഡ്മാർക്ക്/ വ്യാപാരമുദ്ര തങ്ങളുടെ സ്വന്തം ആണെന്നാണ്. 6E ഈറ്റ്‌സ്, 6E പ്രൈം, 6E ഫ്ലെക്‌സ് എന്നിങ്ങനെ വിവിധ ട്രാവൽ കേന്ദ്രീകൃത സർവ്വീസുകൾക്കും ഇൻഡിഗോ "6E" എന്ന നെയിംപ്ലേറ്റ് ഉപയോഗിക്കുന്നു.

പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ചൊവ്വാഴ്ച ജസ്റ്റിസ് അമിത് ബൻസാൽ മുമ്പാകെ വന്ന കേസ് ജഡ്ജി ഡിസംബർ 9 -ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കൂടാതെ, മഹീന്ദ്ര ഇൻഡിഗോയുമായി ബന്ധപ്പെട്ടതിനാൽ ഇരു കക്ഷികളും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ഇൻഡിഗോയെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മഹീന്ദ്രയുടെ പ്രതികരണം: ഇക്കാര്യത്തിൽ മഹീന്ദ്ര മറുപടിയായി, ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, "6e" എന്ന നെയിംപ്ലേറ്റ് "BE 6e" -ക്കായി ക്ലാസ് 12 (വാഹനങ്ങൾ) പ്രകാരം ഫയൽ ചെയ്ത ട്രേഡ്മാർക്കിന്റെ ഭാഗമാണ്. "BE 6e" എന്നതിനായുള്ള മഹീന്ദ്ര ഇലക്ട്രിക്കിൻ്റെ രജിസ്ട്രേഷൻ റിക്വസ്റ്റ് നവംബർ 25 -ന് ട്രേഡ്മാർക്സ് രജിസ്ട്രാർ അംഗീകരിച്ചിരുന്നു. ഇൻഡിഗോയുടെ 6eE സേവനങ്ങളിൽ നിന്ന് തങ്ങളുടെ ഇവി മോഡലുകൾ കാര്യമായ വ്യത്യാസമുള്ളവയാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് തങ്ങളുടെ നെയിപ്ലേറ്റ് "BE 6e" എന്നത് അടിസ്ഥാനപരമായി ഇൻഡിഗോയുടെ "6E" എന്ന സ്റ്റാൻഡ് എലോൺ ട്രേഡ്‌മാർക്കിൽ നിന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യത്യസ്തമാണ് എന്നും അതിനാൽ ആശയക്കുഴപ്പത്തിന് സാധ്യതയില്ലാത്തതിനാൽ ഇത് ഒരു വൈരുദ്ധ്യമായി കാണുന്നില്ല എന്നും മഹീന്ദ്ര തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ബ്രാൻഡിംഗ് ഒരു എയർലൈൻ സർവ്വീസിനേക്കാൾ ഇലക്ട്രിക് വാഹനത്തെ പ്രതിനിധീകരിക്കുന്നതിനാൽ യാതൊരുവിധ ആശയക്കുഴപ്പത്തിനും സാധ്യതയില്ല എന്ന് കമ്പനി വീണ്ടും ഊന്നിപ്പറയുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിൽ, ഗുഡ്‌വിൽ ലംഘനത്തെക്കുറിച്ചുള്ള ഇൻഡിഗോയുടെ ആശങ്കകൾ മഹീന്ദ്ര അംഗീകരിക്കുകയും ഇരു കമ്പനികളും രമ്യമായ പരിഹാരത്തിൽ എത്തുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ത്യൻ ട്രേഡ്‌മാർക്ക് നിയമത്തിന് കീഴിൽ, ഒരു മാർക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട ക്ലാസുകളിലേക്ക് മാത്രമായി പ്രൊട്ടക്ഷൻ സാധാരണയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനർത്ഥം, എയർലൈൻ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്രേഡ്മാർക്ക് ഓട്ടോമൊബൈലുകളിൽ അതിൻ്റെ ഉപയോഗത്തെ ഓട്ടോമാറ്റിക്കായി തടയില്ല എന്നാണ് വാസ്തവം.
വിവിധ സെഗ്മെന്റുകളിൽ ഉടനീളമുള്ള ട്രേഡ്മാർക്ക് സംരക്ഷണത്തിൻ്റെ സങ്കീർണ്ണതകൾ എടുത്തുകാണിച്ചുകൊണ്ട് ഈ കേസ് ഏവിയേഷൻ & ഓട്ടോമൊബൈൽ മേഖലകളിൽ കാര്യമായ ശ്രദ്ധ ആകർഷിച്ചു. ഇൻഡിഗോ അതിൻ്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി സംരക്ഷിക്കുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ഇരു കക്ഷികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ അടുത്ത ഹിയറിംഗിന് മുമ്പ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്താനുള്ള സാധ്യത കൂടുതലാണ്.


Click it and Unblock the Notifications








