ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
പലരും വന്ന് ഒട്ടനവധി പരീക്ഷണങ്ങൾ നടത്തി പോയ ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിനെ ഇന്ത്യയിൽ ഒന്നു ക്ലച്ച് പിടിപ്പിച്ചത് ഇസൂസു D-മാക്സ് V-ക്രോസ് എന്ന മോഡലാണ്. അതിനാൽ തന്നെ ഇന്നും ഈ മോഡലിന് ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇസൂസു ഉടൻ തന്നെ 2024 V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനി പങ്കുവെച്ച ടീസറുകൾ അടിസ്ഥാനമാക്കി, ഇതിൽ വരുന്ന ചില അപ്‌ഡേറ്റുകൾ അന്താരാഷ്ട്ര വിപണികളിലുടനീളം അവതരിപ്പിച്ച 2024 മോഡലിൽ നിന്ന് കടമെടുത്തതാണ് എന്ന് തോന്നുന്നു.
എന്നാൽ പെർഫോമെൻസിൻ്റെ കാര്യത്തിൽ, 2024 ഇസൂസു V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും. മുൻവശത്തെ ലൈറ്റിംഗ് സജ്ജീകരണത്തിന്റെ രൂപഭാവം അതു പോലെ നിലനിർത്തിയിട്ടുണ്ട്, എങ്കിലും മുന്നിലും പിന്നിലും ബമ്പറിലുടനീളം ചില ചെറിയ ടച്ച്-അപ്പുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.
ഫ്രണ്ട് ഗ്രില്ലിന് കുറച്ച് ക്രോം എലമെന്റുകൾ നഷ്ടപ്പെടുകയും കൂടുതൽ ബ്ലാക്ക് ഔട്ട് പ്രൊഫൈൽ ലഭിക്കുകയും ചെയ്യാം. ഇത് പിക്കപ്പിൻ്റെ പരുക്കൻ ഭാവം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഷേഡിൽ പുതിയ ബോഡി ക്ലാഡിംഗ് ഉപയോഗിച്ച് സൈഡ് പ്രൊഫൈലും നിർമ്മാതാക്കൾ മെച്ചപ്പെടുത്തും.

അലോയി വീലുകൾക്ക് നിലവിലെ മോഡലിൻ്റെ അതേ ഡിസൈൻ ശൈലി തന്നെയാണ്. എന്നിരുന്നാലും, ഒരു പുതിയ ഡ്യുവൽ ടോൺ ഫിനിഷ് ഇവയ്ക്ക് നിർമ്മാതാക്കൾ അവതരിപ്പിച്ചതായി തോന്നുന്നു. റണ്ണിംഗ് ബോർഡുകൾക്ക് അതിന്റെ സർഫസിൽ ടെക്സ്ചർ, ഗ്രിപ്പ് പാറ്റേൺ ഡിസൈൻ ലഭിക്കും. ഇത് വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നതിനൊപ്പം ഫംഗ്ഷനാലിറ്റിയ്ക്ക് മികച്ചതുമാണ്.
പിൻവശത്ത്, 2024 ഇസൂസു V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ടെയിൽ ലാമ്പുകൾക്ക് ചില പുതിയ ഡീറ്റെയിലിംഗുകൾ ലഭിച്ചേക്കും. എന്നിരുന്നാലും, ഹെഡ്‌ലൈറ്റുകളെ പോലെ തന്നെ ടെയിൽ ലാമ്പുകളുടെയും ആകൃതി മാറിയിട്ടില്ല. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനൊപ്പം കുറച്ച് പുതിയ കളർ ഓപ്ഷനുകൾ ഇസൂസു അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം.
പുതിയ ഡ്യുവൽ ടോൺ, ബ്രൗൺ - ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ഒരു ക്യാബിൻ ഫീൽ അനുഭവപ്പെടാം. സീറ്റുകൾക്കായി നിലവിൽ ലഭിക്കുന്ന കളർ ചോയിസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ പ്രീമിയവും ആകർഷകമാണ്. എക്യുപ്മെന്റുകളെ സംബന്ധിച്ചിടത്തോളം, അവയിൽ ഭൂരിഭാഗവും നിലവിലെ മോഡലിന് സമാനമാണ് എന്ന് പറയാം.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, MID -യുള്ള ഒരു 3D ഇലക്‌ട്രോ ലൂമിനസെൻ്റ് അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഐഡിൽ സ്റ്റോപ്പ് സിസ്റ്റം, ആറ് തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, USB പോർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡാഷ്‌ബോർഡ്, സെൻട്രൽ കൺസോൾ, സ്റ്റിയറിംഗ് വീൽ എന്നിവ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ കമ്പനി നിലനിർത്തിയിട്ടുണ്ട്.
ചില പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് പിക്കപ്പ് ട്രക്കിന്റെ സേഫ്റ്റി കിറ്റും ഇസൂസു അപ്ഗ്രേഡ് ചെയ്യാം. ഉദാഹരണത്തിന്, പിന്നിലെ യാത്രക്കാർക്ക് ത്രീ പോയിൻ്റ് സീറ്റ് ബെൽറ്റുകൾ പുതിയ മോഡൽ അവതരിപ്പിക്കും. നിലവിൽ, ഇസൂസു V -ക്രോസ് വളരെ സമഗ്രമായ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ ഡിസൻ്റ് കൺട്രോൾ, ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ഓവർറൈഡ് സിസ്റ്റം, സെൻസറുകളുള്ള റിയർ വ്യൂ ക്യാമറ, പെഡസ്ട്രിയൻ ഫ്രണ്ട്ലി ഫ്രണ്ട് ഫാസിയ, ABS ഉം EBD ഉം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2024 ഇസൂസു V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയ ഭാഗത്ത് നിലവിലുള്ള അതേ 1.9 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 163 bhp മാക്സ് പവറും 360 Nm പീക്ക് torque ഉം നൽകുന്നു. വാഹനത്തിൽ വരുന്ന വേരിയന്റഉകളും നിലവിലെ ലൈനപ്പിന് സമാനമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന 2WD മോഡലാണ് ബേസ് വേരിയൻ്റ്. 4WD വേരിയൻ്റുകൾക്ക് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2024 ഇസൂസു V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ടൊയോട്ട ഹൈലക്‌സിന് പ്രധാന എതിരാളിയായി തുടരും. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വരും ആഴ്ചകളിൽ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്‌ഡേറ്റുകൾക്കൊപ്പം, 2024 ഇസൂസു V -ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് നേരിയ വില വർധനവും ലഭിക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








