ഇനി അതിന്റെ കുറവ് വേണ്ട! കോമ്പസ്, മെറിഡിയൻ മോഡലുകൾക്ക് ADAS നൽകാൻ ജീപ്പ്; സ്പൈ ചിത്രങ്ങൾ പുറത്ത്
അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് ഇന്ത്യൻ വിപണിയിൽ ഒരു പ്രീമിയം എസ്‌യുവി നിർമ്മാതാക്കളായി സ്വയം സ്ഥാനം പിടിക്കുന്നു എന്ന് നിസംശയം പറയാം. അല്പം ഉയർന്ന വിലയിൽ ലഭ്യമാകുന്ന കോമ്പസ് മിഡ് സൈസ് എസ്‌യുവിയും മെറിഡിയൻ ത്രീ റോ എസ്‌യുവിയുമാണ് കമ്പനി രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
ഇരു എസ്‌യുവി മോഡലുകളും ഇന്ത്യയിൽ വാഹന നിർമ്മാതാക്കൾക്കായി വിൽപ്പന വോളിയം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. പലപ്പോഴും കോംപറ്റീഷനുമായി പിടിച്ചു നിൽക്കാൻ ഇവയ്ക്ക് കഴിയാത്തതാണ് വിൽപ്പന ഇടിവിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. അതിനാൽ തന്നെ ഈ പ്രീമിയം എസ്‌യുവികളിൽ ജീപ്പിന് കൂടുതൽ ഫീച്ചറുകൾ ചേർക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് ജീപ്പ് മെറിഡിയൻ എസ്‌യുവി നിലവിൽ അമേരിക്കൻ നിർമ്മാതാക്കൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ച് തുടങ്ങിയിരിക്കുകയാണ്. മറ്റ് അപ്‌ഡേറ്റുകൾക്കൊപ്പം എസ്‌യുവിക്ക് ADAS സംവിധാനവും സജ്ജീകരിച്ചിരിച്ചേക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. ക്യാമറ കണ്ണിൽ പെട്ട മോഡൽ ഒരു ബോഷ് ടെസ്റ്റ് വാഹനമാണ്.
ഈ കാർ ബോഷിന്റെ ഗവേഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കാം. എന്നിരുന്നാലും, വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ച് ADAS സാങ്കേതികവിദ്യയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. അതിനാൽ തന്നെ ഇരു മോഡലുകൾക്കും വ്യത്യസ്തമായ ടെക്കും സിസ്റ്റങ്ങളുമാവും നിർമ്മാതാക്കൾ ഉപയോഗിക്കുക. ജീപ്പ് മെറിഡിയന് ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ADAS സാങ്കേതികവിദ്യ അധികം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാസ്തവത്തിൽ, ടാറ്റ ഹാരിയർ/ സഫാരി ഡ്യുവോ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെ താങ്ങാനാവുന്ന മിഡ് സൈസ് എസ്‌യുവികൾ ഇതിനോടകം തന്നെ ADAS സാങ്കേതികവിദ്യയുമായി സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള മെറിഡിയനിൽ ABS + EBD, ആറ് എയർബാഗുകൾ, ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകളോട് കൂടിയ 360-ഡിഗ്രി ക്യാമറ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളുമായി വരുന്ന ഗ്രാൻഡ് ചെറോക്കിയിൽ, ജീപ്പ് ഇതിനോടകം തന്നെ ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോമ്പസിലും ഇതേ സാങ്കേതികവിദ്യ അമേരിക്കൻ നിർമ്മാതാക്കൾ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ജീപ്പ് മെറിഡിയൻ ത്രീ റോ എസ്‌യുവി നിലവിൽ ബേസ് മോഡലിന് 33.40 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് പതിപ്പിന് 39.46 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ബ്രാക്കറ്റിൽ രാജ്യത്ത് ലഭ്യമാണ്. എംജി ഗ്ലോസ്റ്റർ, സ്‌കോഡ കൊഡിയാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടൊയോട്ട ഫോർച്യൂണർ എന്നിവയ്‌ക്കെതിരെയാണ് ഇത് പ്ലേസ് ചെയ്തിരിക്കുന്നത്.
ADAS സാങ്കേതികവിദ്യയുടെ കൂട്ടിച്ചേർക്കൽ തീർച്ചയായും ജീപ്പ് മെറിഡിയൻ, കോമ്പസ് എന്നിവയുടെ വില വർധിപ്പിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എന്നിരുന്നാലും ഈ പുതിയ സേഫ്റ്റി സിസ്റ്റത്തിന്റെ വരവ് ഇരു മോഡലുകളുടേയും വിൽപ്പനയിൽ ഒരു പോസിറ്റീവ് ഗ്രോത്തിന് കാരണമാവും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിലെ വളരെ കോംപറ്റീറ്റീവായ എസ്‌യുവി സെഗ്മെന്റുകളിൽ പിടിച്ചു നിൽക്കണം എങ്കിൽ ലുക്സും കരുത്തും മാത്രം പോരാ, മികവുറ്റ ഫീച്ചറുകളും അതോടൊപ്പം കാര്യമായ കഴിവുകളും വേണം എന്ന കാര്യത്തിൽ തർക്കമില്ല. അതിലുപരിയായി വില നിർണ്ണയിത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്.


Click it and Unblock the Notifications








