അടിച്ച് കേറി വരട്ടെ! ജീപ്പിൻ്റെ ആദ്യ ഇവി എത്തിപ്പോയി, 608 bhp കരുത്തിന് മുന്നിൽ എതിരാളികൾ മുട്ടുമടക്കുമോ
ഇലക്ട്രിക് വാഹനം മാത്രമുളള ഒരു വാഹന വിപണിയായി മാറാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം, എന്നാലും അത് സംഭവിക്കുമെന്ന് തന്നെയാണ് പലരും പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടേതായ ഇവികൾ പുറത്തിറക്കാനുളള മത്സരത്തിലാണ്. അത്തരത്തിൽ പുതിയ കാൽവയ്പ്പിലാണ് ജീപ്പ്. വാഗണീർ എസ് ഇലക്ട്രിക് എസ്‌യുവിയെ ജീപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അവഞ്ചർ എസ്‌യുവിയെ പിന്തുടർന്ന് ജീപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമാണിത്.
400-വോൾട്ട് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള STLA ലാർജ് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എസ്‌യുവി തുടക്കത്തിൽ യുഎസ്എയിലും കാനഡയിലുമായിരിക്കും വിൽക്കുക,എന്നാൽ 2024 ൻ്റെ രണ്ടാം പകുതിയിൽ ഇത് ലോകമെമ്പാടുമുള്ള മറ്റ് വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തിക്കുമെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്.

വാഹനത്തിൻ്റെ മുൻവശത്തെ ഹെഡ്‌ലാമ്പുകളും സെവൻ സ്ലോട്ട് ഗ്രില്ലിൻ്റെ റീഡിസൈൻ പതിപ്പാണ് പുതിയ മോഡലിൽ ലഭിക്കുന്നത്. പെട്ടെന്നുളള കാഴ്ചയിൽ, ജീപ്പ് നിരയിലെ മറ്റ് മിക്ക എസ്‌യുവികളേക്കാളും സമകാലിക രൂപകൽപ്പനയാണ് വാഗണീർ എസ് -ൽ കാണാൻ സാധിക്കുന്നത്. ഗ്രില്ലുമായി ചേർത്ത് വാഹനത്തിൻ്റെ മുഴുവൻ വീതിയിലും പ്രവർത്തിക്കുന്ന കണക്റ്റുചെയ്‌ത DRL-കൾ നൽകിയിട്ടുണ്ട്. വാഗണീർ എസ് അതിൻ്റെ മിക്ക സഹോദരങ്ങളേക്കാളും കൂടുതൽ ചരിവുള്ള റൂഫ്‌ലൈനുണ്ട് എന്നത് സവിശേഷതയാണ്.
ഇതിന് 0.29 ഡ്രാഗ് കോയിഫിഷ്യൻ്റ് ഉണ്ട്, ഇത് ജീപ്പ് വാഹനത്തിൻ്റെ എക്കാലത്തെയും താഴ്ന്ന റേഞ്ചാണ്. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറിനൊപ്പം ഒരു മുഴുനീള ടെയ്‌ലാമ്പും പിൻഭാഗത്തിൻ്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. മൊത്തം നാല് ഡിസ്‌പ്ലേകൾ അടങ്ങുന്ന വാഗനീർ എസ് ക്യാബിന് അൾട്രാ മോഡേൺ ഡിസൈനാണ് ജീപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സമാനമായ വലിപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ക്ലൈമറ്റ് കൺട്രോളിനായി ഒന്ന്, 10.25 ഇഞ്ച് പാസഞ്ചർ സൈഡ് ഡിസ്‌പ്ലേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

തിരഞ്ഞെടുക്കാവുന്ന 64 നിറങ്ങൾ വരെ ഇതിന് ആംബിയൻ്റ് ലൈറ്റിംഗ് ലഭിക്കുന്നുണ്ട്. മക്കിൻ്റോഷിൻ്റെ 19-സ്പീക്കർ മ്യൂസിക് സിസ്റ്റം ക്യാബിനിൽ അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട്, എല്ലാ വാഹന യാത്രക്കാർക്കും അവരുടെ പ്രിയപ്പെട്ട കലാകാരന്മാർക്കൊപ്പം റെക്കോർഡിംഗ് സ്റ്റുഡിയോയിലാണെന്ന് തോന്നും എന്നാണ് ജീപ്പ് അഭിപ്രായപ്പെടുന്നത്. 170 സ്റ്റാൻഡേർഡ് സേഫ്റ്റിയും സെക്യൂരിറ്റി ഫീച്ചറുകളുമായാണ് എസ്‌യുവി വരുന്നത്.
ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റ്, ഇൻ്റർസെക്ഷൻ കൊളിഷൻ അസിസ്റ്റ്, ഡ്രൈവർ ഡിറ്റക്ഷൻ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളുള്ള ഒരു ADAS സ്യൂട്ടും ഇതിൽ ഉൾപ്പെടുന്നു. പവർട്രെയിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ വാഗണീർ എസിന് ഡ്യുവൽ മോട്ടോർ, ഓൾ-വീൽ ഡ്രൈവ് സജ്ജീകരണമാണ് ലഭിക്കുന്നത്. 608 bhp പവറും 800 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 3.4 സെക്കൻഡിൽ 0 മുതൽ 96 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പ്രാപ്തമാണ്.

ഇത് എക്കാലത്തെയും വേഗതയേറിയ ജീപ്പുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു. മാറുന്നു. ഓട്ടോ, സ്‌പോർട്, ഇക്കോ, സ്‌നോ, സാൻഡ് എന്നിങ്ങനെ അഞ്ച് ഡ്രൈവ് മോഡുകളാണ് വാഗണീർ എസ് അവതരിപ്പിക്കുന്നത്. 483 കിലോമീറ്റർ റേഞ്ച് നൽകുന്ന 100-kWh ബാറ്ററി പാക്കിലാണ് വാഗണീർ എസ് സജ്ജീകരിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 23 മിനിറ്റിനുള്ളിൽ എസ്‌യുവിക്ക് 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കോമ്പസ്, മെറിഡിയൻ, വ്റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി എന്നിങ്ങനെ നാല് എസ്‌യുവികളാണ് ജീപ്പ് നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. ബ്രാൻഡ് അടുത്തിടെ 2024 വ്റാംഗ്ലർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വ്റാംഗ്ലർ അൺലിമിറ്റഡിൻ്റെ വില 67.65 ലക്ഷം രൂപയാണ്. , കൂടുതൽ ഓഫ് റോഡ് ഓറിയൻ്റഡായ വ്റാംഗ്ലർ റൂബിക്കോണിൻ്റെ എക്സ്-ഷോറൂം വില 71.65 ലക്ഷം രൂപയാണ്. എന്തായാലും 2024 -ൻ്റെ അവസാനത്തോടെ ഇന്ത്യൻ റോഡുകളിൽ ഇവനെ കാണാൻ സാധിക്കും.


Click it and Unblock the Notifications








