ഇന്ത്യയിൽ മാരുതിയെ മലത്തിയടിക്കും എന്ന പ്രഖ്യാപനവുമായി പുത്തൻ കൂട്ടുകെട്ട്; എന്താവും സ്ഥിതി?
ലോകത്തെ ഏറ്റവും വലിയ കാർ വിപണികളിൽ ഒന്നായി ഇന്ത്യ വളർന്നിരിക്കുകയാണ്, അതിനാൽ തന്നെ പല ലോകോത്തര വാഹന നിർമ്മാതാക്കളും രാജ്യത്ത് തങ്ങളുടെ മോഡലുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുതിയതും പഴയതുമായി ഒട്ടനവധി നിർമ്മാതാക്കൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇന്ത്യയിൽ കുറച്ചു വർഷൾക്ക് മുമ്പ് ചുവടു വെച്ച എംജി മോട്ടോറും ഇക്കാര്യത്തിൽ പുതിയ തന്ത്രങ്ങൾ മെനയുകയാണ്.
അടുത്തിടെ പ്രഖ്യാപിച്ച JSW, എംജി മോട്ടോർ ഇന്ത്യ സംയുക്ത സംരംഭം വളർന്നുവരുന്ന ഇന്ത്യൻ വാഹന വിപണിയിൽ വലിയ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. ഈ കൂട്ടുകെട്ട് ശക്തമായ ഒരു ഇവി ഇക്കോസിസ്റ്റം വാഗ്ദാനം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ പ്രീമിയം പാസഞ്ചർ വാഹന സെഗ്മെന്റുകളിൽ വലിയ മുന്നേറ്റം നടത്താനും അതനുസരിച്ച് തങ്ങളുടെ വരാനിരിക്കുന്ന മോഡലുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു.

എംജി മോട്ടോറുമായുള്ള തങ്ങളുടെ പങ്കാളിത്തം ഇന്ത്യൻ വാഹന വ്യവസായത്തിൽ ഒരു 'മാരുതി മൊമെൻ്റ്' സൃഷ്ടിക്കും എന്ന് JSW സ്റ്റീൽ എംഡി സജ്ജൻ ജിൻഡാൽ വ്യക്തമാക്കി. ഏകദേശം 40 വർഷം മുമ്പ് മാരുതി കൊണ്ടുവന്ന സമാനമായ ഒരു കോളിളക്കം ഈ കൂട്ടുകെട്ട് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കാം.
പുതിയതായി സ്ഥാപിതമായ JSW എംജി മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓരോ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ഒരു പുതിയ വാഹനം പുറത്തിറക്കാനുള്ള തങ്ങളുടെ പദ്ധതികൾ പ്രഖ്യാപിച്ചു. 2024 സെപ്‌റ്റംബറിൽ തന്നെ ഈ പുത്തൻ മോഡലുകളുടെ വരവ് സാധ്യമാക്കാനാണ് കമ്പനിയുടെ പ്ലാൻ.

B2B, B2C മേഖലകളിൽ താൽപ്പര്യമുള്ള ഇന്ത്യയിലെ മുൻനിര കമ്പനികളിലൊന്നാണ് JSW ഗ്രൂപ്പ്. ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒന്നായ SAIC മോട്ടോറിൻ്റെ അനുബന്ധ സ്ഥാപനമാണ് MG മോട്ടോർ ഇന്ത്യ എന്നതും നാം കണക്കിലെടുക്കണം. JSW ഉം SAIC മോട്ടോറും ചേർന്ന്, ഇന്ത്യയുടെ വളരെ വേഗത്തിൽ വളരുന്ന വാഹന മേഖലയിൽ പുതിയൊരു കുതിച്ചുചാട്ടം നടത്താൻ ഉദ്ദേശിക്കുന്നു.
JSW എംജി മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിൽ മൊബിലിറ്റി സൊല്യൂഷനുകളെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഉപഭോക്താക്കളെ കേന്ദ്രീകരിക്കുന്നതിൽ ഉറച്ചുനിൽക്കുന്ന ഈ സംയുക്ത സംരംഭം, പ്രാദേശികവൽക്കരണത്തിലും ഇന്ത്യയിലുടനീളം ശക്തമായ ഒരു ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതിനായി മികച്ചതും സുസ്ഥിരവുമായ പ്രൊഡക്ടുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. ശക്തമായ ഒരു ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഇക്കോസിസ്റ്റം വികസിപ്പിക്കുകയും പ്രീമിയം പാസഞ്ചർ വാഹന സെഗ്മെന്റിനെ ഉന്നമിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. അതിനാൽ തന്നെ രാജ്യത്തെ ഇവി വിപണി കൂടുതൽ മെച്ചപ്പെടുകയും ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ വികസിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കാം.
ഇരു ഭീമന്മാരുടെയും ശക്തിയും റിസോഴ്സും സംയോജിപ്പിച്ച്, ഉപഭോക്താക്കൾക്ക് തനതായ മുൻഗണനകളും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളും നിറവേറ്റുന്നതിനായി ഒരു ന്യൂ ഏജ്, ഫ്യൂച്ചറിസ്റ്റിക്, സ്മാർട്ട് മോഡലുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും JSW എംജി മോട്ടോർ ഇന്ത്യ തയ്യാറാണ്. ഈ കൂട്ടുകെട്ട് 2024 സെപ്തംബർ, ഉത്സവ സീസൺ മുതൽ ഓരോ 3-6 മാസ കാലയളവിൽ ഒരു NEV (ന്യൂ എനർജി വെഹിക്കിൾ) പുറത്തിറക്കാൻ പദ്ധതിയിടുന്നു.

ഈ കലണ്ടർ വർഷം കുറഞ്ഞത് രണ്ട് പുതിയ ലോഞ്ചുകൾക്ക് നാം സാക്ഷ്യം വഹിച്ചേക്കാം. എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ മാരുതിയെ മലത്തിയടിക്കാം എന്നത് ഈ കൂട്ടുകെട്ടിന്റെ ഒരു വ്യാമോഹമാണോ അല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് കമന്റ്സിലൂടെ ഞങ്ങളെ അറിയിക്കുക.


Click it and Unblock the Notifications








