ഒറ്റ ദിവസം വിറ്റുപോയത് 201 എംജി ഇലക്ട്രിക് കാറുകള്‍! ടാറ്റ ഇനി അധികം അഹങ്കരിക്കണ്ട
ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മോട്ടോര്‍സിന് തലവേദനയായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഒരുപക്ഷേ ഐസി എഞ്ചിന്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു കമ്പനിയും എംജി ആയിരിക്കും. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയായ വിന്‍ഡ്‌സര്‍, ആദ്യ പ്യുവര്‍ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവിയായ ZS ഇവി, കോംപാക്ട് സിറ്റി ഫ്രണ്ട്‌ലി ഇവിയായ കോമെറ്റ് എന്നിവയാണ് എംജിയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. 2024 ഒക്‌ടോബറില്‍ ഈ കാറുകളുടെ ബലത്തില്‍ എംജി ഇവികളുടെ വില്‍പ്പന ഐസി എഞ്ചിന്‍ കാറുകളേക്കാള്‍ കൂടുതലായിരുന്നു.
ഉത്സവകാലത്ത് എംജി പുത്തന്‍ പുതിയ വിന്‍ഡ്‌സര്‍ ഇവിയുടെ മെഗാ ഡെലിവറികള്‍ നടത്തിയിരുന്നു. ഉത്സവകാലം കഴിഞ്ഞ ശേഷവും ആളുകള്‍ കമ്പനിയുടെ കാറുകള്‍ ചോദിച്ച വാങ്ങാന്‍ എത്തുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം 201 ഇവികള്‍ ഡെലിവറി ചെയ്താണ് എംജി വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. വിന്‍ഡ്‌സര്‍, ZS ഇവി, കോമെറ്റ് എന്നിവയടക്കമുള്ള കാറുകളാണ് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്.

Representative image
ഇതോടൊപ്പം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് ടാക്‌സി റിഫെക്‌സ് ഗ്രീന്‍ മൊബിലിറ്റിയുമായി സഹകരിച്ച് 75 എംജി ZS ഇവികള്‍ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തി. ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണയ്ക്കുമ്പോള്‍ തന്നെ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഓപ്ഷനുകളാണ് എംജി വാഗ്ദാനം ചെയ്യുന്നത്. വിവിധ വില നിലവാരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള മോഡലുകള്‍ ലഭ്യമാണ്.
പെര്‍ഫോമന്‍സിനും സൗകര്യത്തിനും പ്രധാന്യം നല്‍കി ഡിസൈന്‍ ചെയ്ത വാഹനമാണ് എംജി ZS . ഫുള്‍ ചാര്‍ജില്‍ 461 കിലോമീറ്റര്‍ വരെയാണ് ഇവിയുടെ റേഞ്ച് പറയുന്നത്. വാഹനത്തിന്റെ വിശാലമായ ഇന്റീരിയര്‍ കുടുംബങ്ങളെ ആകര്‍ഷിക്കും. അകത്തളത്തിലെ സുഖസൗകര്യങ്ങള്‍ക്കൊപ്പം സുന്ദരമായ രൂപകല്‍പ്പനയും ഇവിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. എംജി ZS ഇവിയുടെ വില ആരംഭിക്കുന്നത് 18.98 ലക്ഷം രൂപ മുതലാണ്.

എംജിയുടെ ഇവി പോര്‍ട്‌ഫോളിയോയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് വിന്‍ഡ്‌സര്‍ ഇവി. ആദ്യ ദിവസം തന്നെ 15000-ത്തിലധികം ബുക്കിംഗുകള്‍ വാരിക്കൂട്ടി ഈ കാര്‍ പുത്തന്‍ റെക്കോഡിട്ടിരുന്നു. ഒരു സെഡാന്റെ സുഖവും ഒരു എസ്‌യുവിയുടെ സ്‌പെയ്‌സും സമന്വയിപ്പിക്കുന്ന ഇതിന്റെ എയറോഡൈനാമിക് ഡിസൈന്‍ പെര്‍ഫോമന്‍സിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
നിരവധി ആഡംബര സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന വിന്‍ഡ്‌സറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന് വിമാന സമാനമായ സീറ്റുകളാണ്. യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്ന വിന്‍ഡ്സര്‍ ഇവിക്ക് ഫുള്‍ ചാര്‍ജില്‍ 332 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സുഗമമായ ഡ്രൈവിംഗ് അനുഭവത്തിനായി വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും കാറില്‍ നല്‍കിയിരിക്കുന്നു. 13.50 ലക്ഷം രൂപ മുതലാണ് വിന്‍ഡസറിന്റെ വില ആരംഭിക്കുന്നത്.

നഗരപ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഒരു കോംപാക്റ്റ് ഇവിയാണ് കോമെറ്റ്. ഒതുക്കമുള്ള വലിപ്പം കാരണം തിരക്കേറിയ നിരത്തുകളിലും ഇടുങ്ങി പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങളിലും ആത്മവിശ്വസത്തോടെ കൊണ്ടുപോകാം. i-SMART സാങ്കേതികവിദ്യ ഉള്‍പ്പെടെ 55-ലധികം കണക്റ്റുചെയ്ത ഫീച്ചറുകള്‍ക്കൊപ്പം കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവം ഇത് പ്രദാനം ചെയ്യുന്നു. ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്ററാണ് കോമെറ്റിന്റെ ക്ലെയിംഡ് റേഞ്ച്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആണ് എംജി കോമെറ്റ് ഇവി. 7 ലക്ഷം രൂപ മാത്രമാണ് കുഞ്ഞന്‍ ഇവിയുടെ പ്രാരംഭ വില. എക്‌സ്‌ഷോറൂം വിലയാണിത്. ഇതിന് പുറമെ കുറഞ്ഞ ചെലവില്‍ ഇവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എംജി ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.
ഇവി വാങ്ങുന്നതിലെ പ്രാരംഭ ചെലവ് ഗണ്യമാക്കി കുറയ്ക്കുമെങ്കിലും ഉപഭോക്താക്കള്‍ക്ക് ഓടുന്ന ദൂരത്തിന് ബാറ്ററി വാടക നല്‍കണം. എംജി കോമറ്റ് ഇവിക്ക് കിലോമീറ്ററിന് 2.5 രൂപയും വിന്‍ഡ്‌സറിന് 3.5 രൂപയും ZS ഇവിക്ക് 4.5 രൂപയുമാണ് ബാറ്ററി വാടക. ബാസ് പ്രോഗ്രാമിന് കീഴില്‍ കോമെറ്റ് ഇവി, വിന്‍ഡ്‌സര്‍, ZS ഇവി എന്നിവ യഥാക്രമം 4.99 ലക്ഷം, 9.99 ലക്ഷം, 13.99 ലക്ഷം രൂപയ്ക്ക് കിട്ടും.


Click it and Unblock the Notifications








