കൈലാക്കിന്റെ ആദ്യ ഉടമ ഒരു മലയാളി, അതും നയാപൈസ ചെലവില്ലാതെ! എങ്ങനെയെന്നറിയണോ...
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ച് കൊണ്ടാണ് സ്‌കോഡ് കൈലാക്ക് (Skoda Kylaq) എസ്‌യുവി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാഖ്. ഡിസംബര്‍ രണ്ടിന് ബുക്കിംഗ് ആരംഭിക്കാന്‍ പോകുന്ന കാറിന്റെ ഡെലിവറി 2025 ജനുവരി അവസാന വാരമാണ് ആരംഭിക്കുക. ഈ കുഞ്ഞന്‍ എസ്‌യുവിയുടെ ആദ്യ ഉടമായകാന്‍ പോകുന്നത് ഒരു മലയാളിയാണ്. ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പേ ഈ എങ്ങനെ ഒരാള്‍ക്ക് ഉടമയാകാന്‍ കഴിയും എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അത് വഴിയേ പറഞ്ഞ് തരാം.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ നിന്ന് ഒരു പങ്ക് സ്വന്തമാക്കാന്‍ വേണ്ടിയാണ് സ്‌കോഡ കൈലാക്ക് വികസിപ്പിച്ചത്. കുഷാഖ് എസ്‌യുവിയുടെ കുഞ്ഞനിയന്‍ എന്ന് തോന്നിപ്പിക്കുന്ന ഈ കാര്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കാറിന്റെ പേരിടാനുള്ള ധര്‍മവും കമ്പനി ഇന്ത്യക്കാര്‍ക്ക് നല്‍കി.

പാന്‍ -ഇന്ത്യ തലത്തില്‍ നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച 2,00,000 എന്‍ട്രികളില്‍ നിന്നാണ് സ്‌കോഡ തങ്ങളുടെ പുത്തന്‍ എസ്‌യുവിയ്ക്കായി 'കൈലാക്ക്' എന്ന പേര് തിരഞ്ഞെടുത്തത്. പുത്തന്‍ കാറിന് പേരിടാനായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് കമ്പനി 'നെയിം യുവര്‍ സ്‌കോഡ' എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഇംഗ്ലീഷ് അക്ഷരമാലയില്‍ K-യില്‍ തുടങ്ങി Q-വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടത്.
സ്‌കോഡ് നല്‍കിയ അഞ്ച് ഓപ്ഷനുകളില്‍ നിന്ന് കൈലാക്ക് എന്ന പേര് നല്‍കി വിജയിച്ചത് മലയാളിയായ മുഹമ്മദ് സിയാദാണ്. കാസര്‍ഗോഡ് സ്വദേശിയായ സിയാദ് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ്. ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ പേരുകളെ പിന്തള്ളിയാണ് കൈലാക്ക് സ്‌കോഡയുടെ പുത്തന്‍ കാറിന്റെ നാമമായി മാറിയത്. സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാക്ക്.

കാറിന് പേര് നിര്‍ദേശിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിരവധി സര്‍പ്രൈസ് സമ്മാനങ്ങളും സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സ്‌കോഡ കൈലാക്കിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉടമായി മാറാന്‍ പോകുന്നത്. സ്‌കൂട്ടര്‍ മാത്രം സ്വന്തമായുള്ള സിയാദിന്റെ കാര്‍ എന്ന സ്വപ്‌നം കൂടിയാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത്. സിയാദിനെ കൂടാതെ ക്യാമ്പയിന്റെ ഭാഗമായ ചിലര്‍ക്ക് യൂറോപ്യന്‍ ട്രിപ്പും കമ്പനി ഒരുക്കുന്നുണ്ട്.
സ്‌കോഡയുടെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്നാമത്തെ കാറാണ് കൈലാക്ക്. സ്‌കോഡ കുഷാഖ്, സ്ലാവിയ എന്നിവക്ക് അടിവരയിടുന്ന അതേ MQB-M00 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവിയും പണികഴിപ്പിച്ചത്. ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ബോക്‌സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ബട്ടര്‍ഫൈ്‌ല ഗില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്. മികച്ച വീല്‍ബേസ് അളവിന്റെ ഫലമായി വിശാലമായ ക്യാബിന്‍ സ്‌കോഡ കൈലാക്കിന് ലഭിക്കുന്നു. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം.
8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കുന്നു. കൈലാക്കിന്റെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് മുഴുവന്‍ വിലയും പ്രഖ്യാപിക്കും.


Click it and Unblock the Notifications








